എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘കൈവല്യ”- സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതി പ്രകാരം നിലവില്‍ അപേക്ഷ സമര്‍പ്പിച്ച അര്‍ഹരായ മുഴുവന്‍ പേര്‍ക്കും  ധനസഹായം അനുവദിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു.
7449 അപേക്ഷകളാണ് നിലവില്‍ തീര്‍പ്പാക്കാനുള്ളത്. ഈ അപേക്ഷകര്‍ക്ക് സ്വയം തൊഴില്‍സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി  മൊത്തം   മുപ്പത്തേഴുകോടി ഇരുപത്തിനാലു ലക്ഷത്തി അമ്പതിനായിരം രൂപ  വിതരണം ചെയ്യും.  കേരള സംസ്ഥാന വികലാംഗ ക്ഷേമകോര്‍പറേഷന്റെ സഹകരണത്തോടെയാണ് ധനസഹായം വിതരണം ചെയ്യുന്നത്.
ഇതുസംബന്ധിച്ച്   വികലാംഗ ക്ഷേമകോര്‍പറേഷനുമായി ധാരണാപത്രം ഒപ്പിടുന്നതിന് എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്  അനുമതി നല്‍കി തൊഴിലും നൈപുണ്യവും വകുപ്പ് 30-09-2020ന് ഉത്തരവ് പുറപ്പെടുവിച്ചു.
കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിനായി  സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു വേണ്ടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍  കൈവല്യ പദ്ധതി ആവിഷ്‌കരിച്ചത്.  അര്‍ഹരായ അപേക്ഷകര്‍ക്ക് 50  ശതമാനം സബ്‌സിഡിയോടെ അമ്പതിനായിരം രൂപ വരെ പലിശരഹിത വായ്പ ലഭിക്കും. പരമാവധി 25,000 രൂപയാണ് സബ്‌സിഡി. ഗുണഭോക്താവ് സബ്‌സിഡി കഴിച്ചുള്ള തുക 60 തുല്യതവണകളായി തിരിച്ചടച്ചാല്‍ മതി.
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതികളുടെ ഭാഗമായാണ് കൈവല്യ പദ്ധതിയില്‍ നിലവിലുള്ള 7449 അപേക്ഷകളും ഒറ്റത്തവണ വ്യവസ്ഥയില്‍ തീര്‍പ്പാക്കുന്നത്. എല്ലാ അപേക്ഷകര്‍ക്കും അമ്പതിനായിരം രൂപ വീതം വായ്പ നല്‍കും. ഇതില്‍ 25,000 രൂപ സര്‍ക്കാര്‍ സബ്‌സിഡിയാണ്. ധനസഹായം വിതരണം ചെയ്യുന്നതിന് ആവശ്യമായ തുക കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍  നാഷണല്‍  എംപ്ലോയ്‌മെന്റ് സര്‍വീസ് (കേരള) വകുപ്പിന് അനുവദിക്കും. സബ്‌സിഡിതുകയും ഗുണഭോക്താവിന് അനുവദിക്കുന്ന വായ്പയും തിരികെ നല്‍കുന്നന്നതടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും  ധാരണാപത്രം.
നിലവിലുള്ള അപേക്ഷകരില്‍ 2708 സ്ത്രീകളും,  കാഴ്ച-ശ്രവണ-ബുദ്ധിപരമായ  വെല്ലുവിളികള്‍ നേരിടുന്ന 2177 പേരുമുണ്ട്. കൈവല്യ പദ്ധതിയനുസരിച്ച്  ഇതിനകം 985 അപേക്ഷകര്‍ക്കായി  5.58 കോടി രൂപയാണ്  വിതരണം ചെയ്തത്.
കോവിഡ് 19  സൃഷ്ടിച്ച പ്രതിസന്ധികള്‍ അതിജീവിക്കുന്നതിന്  ഭിന്നശേഷിക്കാരായ അപേക്ഷകരെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി നിലവിലുള്ള എല്ലാ അപേക്ഷകളിലും തീര്‍പ്പ് കല്‍പ്പിച്ച് സ്വയം തൊഴില്‍സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അവസരമൊരുക്കുകയാണ്.  ഏഴായിരത്തഞ്ഞൂറോളം കുടുംബങ്ങളിലേക്ക് ഇതുവഴി ആശ്വാസമെത്തും. സമയബന്ധിതമായി ധനസഹായം വിതരണം ചെയ്യുന്നതിനും എത്രയും വേഗത്തില്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും എംപ്ലോയ്‌മെന്റ് വകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.: