; അപേക്ഷ സെപ്റ്റംബര്‍ മൂന്നു മുതല്‍ സ്വീകരിക്കും

സംസ്ഥാനത്തെ വിവിധ മേഖലകളിലെ തൊഴിലാളികളില്‍ നിന്നും മികച്ച തൊഴിലാളിയെ കണ്ടെത്തി തൊഴിലാളിശ്രേഷ്ഠ അവാര്‍ഡ് നല്‍കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പ് അപേക്ഷ ക്ഷണിച്ചു. മികച്ച തൊഴിലാളിക്ക് ക്യാഷ് അവാര്‍ഡും പ്രശംസാപത്രവും നല്‍കും. ഓരോ മേഖലയ്ക്കും ഒരു ലക്ഷം രൂപ വീതമാണ് അവാര്‍ഡ്.
ചുമട്ടു തൊഴിലാളി, നിര്‍മാണ തൊഴിലാളി, കള്ളുചെത്ത് തൊഴിലാളി, മരം കയറ്റ തൊഴിലാളി, തയ്യല്‍ തൊഴിലാളി, കയര്‍ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോര്‍ തൊഴിലാളി, തോട്ടം തൊഴിലാളി, സെയില്‍സ് മാന്‍/ സെയില്‍സ് വുമണ്‍, നഴ്സ്, സെക്യൂരിറ്റി ഗാര്‍ഡ്, ടെക്സ്റ്റൈല്‍ തൊഴിലാളി,ഗാര്‍ഹിക തൊഴിലാളി എന്നീ 14 തൊഴില്‍ മേഖലകളാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്.
തൊഴിലാളി ഓണ്‍ലൈനായി പതിനഞ്ചു ചോദ്യങ്ങള്‍ക്ക് ഉത്തരം വെബ്‌സൈറ്റ് വഴി നല്‍കിയാണ് അപേക്ഷിക്കേണ്ടത്. പരിശോധനയുടെ ആദ്യഘട്ടമെന്ന നിലയില്‍ തൊഴിലാളി സമര്‍പ്പിക്കുന്ന നോമിനേഷനുകള്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ പരിശോധിക്കും. യോഗ്യതയുള്ള അപേക്ഷകള്‍ വിശദമായി പരിശോധിക്കുന്നതിനായി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തും. യോഗ്യതയില്ലാത്തതും തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടള്ളതുമായ നോമിനേഷനുകള്‍ തള്ളും.
നോമിനേഷന്‍ സ്വീകരിക്കുന്ന മുറയ്ക്ക് തൊഴിലാളി  സമര്‍പ്പിച്ചിട്ടുള്ള വിവരങ്ങള്‍ പ്രകാരം തൊഴിലുടമയ്ക്കും ട്രേഡ് യൂണിയന്‍ പ്രതിനിധിക്കും ബന്ധപ്പെട്ട തൊഴിലാളിയെ സംബന്ധിച്ച ചോദ്യാവലി പൂരിപ്പിച്ച് സമര്‍പ്പിക്കുന്നതിനുള്ള അലര്‍ട്ട് മെസ്സേജ് ഇ-മെയില്‍ ആയും എസ്.എം.എസ് ആയും നല്‍കും. തൊഴിലുടമയ്ക്കും ട്രേഡ് യൂണിയന്‍ പ്രതിനിധിക്കും തങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലേബര്‍ കമ്മീഷണറുടെ വെബ്‌സൈറ്റിലുള്ള(www.lc.kerala.gov.in) തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത്  അഭിപ്രായം സമര്‍പ്പിക്കാം.
തൊഴിലാളിയെക്കുറിച്ച് തൊഴിലുടമ, ട്രേഡ് യൂണിയന്‍ പ്രതിനിധി എന്നിവരുടെ അഭിപ്രായം ഓണ്‍ലൈന്‍ ആയി ശേഖരിച്ച്, സോഫ്റ്റ് വെയര്‍ മുഖേന മാര്‍ക്ക് കണക്കാക്കും.തുടര്‍ന്ന് ലേബര്‍ കമ്മീഷണര്‍ നിശ്ചയിക്കുന്ന കട്ട് ഓഫ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ യോഗ്യത നേടിയിട്ടുള്ള തൊഴിലാളികളെ മൂന്ന് ഘട്ടങ്ങളിലായുള്ള ഇന്റര്‍വ്യൂ നടത്തിയതിനു ശേഷമാണ് ഏറ്റവും മികച്ച തൊഴിലാളിയെ തെരഞ്ഞെടുക്കുന്നത്.
അവാര്‍ഡിന് അപേക്ഷകള്‍ സ്വീകരിക്കുന്നതിനും അവ പ്രോസസ്സ് ചെയ്യുന്നതിനുമായുള്ള സോഫ്റ്റ്‌വെയറിന്റെ ലിങ്ക് ഇന്ന് (ഓഗസ്റ്റ് 28) മുതല്‍ ലേബര്‍ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ ലഭ്യമാകും. തൊഴിലാളികള്‍ക്ക് വെബ്‌സൈറ്റ് ലിങ്ക് വഴി സെപ്റ്റംബര്‍ മൂന്നു മുതല്‍ 10 വരെ അപേക്ഷിക്കാം. തൊഴിലുടമകള്‍ക്കും ട്രേഡ് യൂണിയനുകള്‍ക്കും സെപ്റ്റംബര്‍ മൂന്നു മുതല്‍ 12 വരെ ബന്ധപ്പെട്ട തൊഴിലാളികളെ സംബന്ധിച്ച അഭിപ്രായം വെബ്‌സൈറ്റ് ലിങ്ക് വഴി രേഖപ്പെടുത്താം.