കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരളാ ഓട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരളാ ഓട്ടോമൊബൈല്‍ വര്‍ക്കഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവകളില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ഓണത്തിന് മുന്‍പായി 1000 രൂപ കൂടി അധിക സൗജന്യധനസഹായമായി അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. (സ.ഉ(സാധാ)നം.811/2020/തൊഴില്‍, തീയതി 14.08.2020)
സ്വകാര്യ മോട്ടോര്‍ മേഖലയില്‍ ജോലി ചെയ്യുന്നതും നിലവില്‍ ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവരുമായ സ്കാറ്റേര്‍ഡ് വര്‍ക്കേഴ്സ്, പാസഞ്ചര്‍ ഗൈഡുകള്‍, ഡ്രൈവിംഗ് സ്കൂള്‍ ജീവനക്കാര്‍ എന്നീ വിഭാഗങ്ങളിലെ തൊഴിലാളികളെ കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് വിധേയമായി ഇവര്‍ക്കും 1000 രൂപയുടെ സൗജന്യ ധനസഹായം വിതരണം ചെയ്യും. കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും ബന്ധപ്പെട്ട ഭരണ സമിതിയോഗങ്ങളുടെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലുമാണ് തൊഴിലും നൈപുണ്യവും വകുപ്പ് തുക വിതരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചത്.
കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ ബസ്സ്, ഗുഡ്സ്, ടാക്സി, ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് യഥാക്രമം 5000/, 3500/, 2500/, 2000/ രൂപ നിരക്കില്‍ ബോര്‍ഡില്‍ നിന്നും മുന്‍പ് സൗജന്യ ധനസഹായം അനുവദിച്ചിരുന്നു.ഇതിനു പുറമേയാണ് 1000 രൂപ കൂടി അധിക സൗജന്യ ധനസഹായമായി നല്‍കുന്നത്. സ്വകാര്യ മോട്ടോര്‍ മേഖലയിലെ വിവിധ വിഭാഗം തൊഴിലാളികള്‍ക്ക് പുതുതായി ക്ഷേമനിധിയില്‍ അംഗത്വം നല്‍കുന്നതിന് വിധേയമായി സഹായം ലഭ്യമാകും.

ആറുമാസക്കാലയളവിലെ അംശദായം പൂര്‍ണമായും ഒഴിവാക്കി

കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരളാ ഓട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരളാ ഓട്ടോമൊബൈല്‍ വര്‍ക്കഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവകളില്‍ അംഗങ്ങളായ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും 2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറുമാസക്കാലയളവിലെ അംശദായം പൂര്‍ണമായും ഒഴിവാക്കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. (സ.ഉ.(സാധാ)നം.810/2020/തൊഴില്‍, തീയതി 14.08.2020).കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.