വഴിയോരക്കച്ചവടക്കാര്‍ക്ക്
അസംഘടിത തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വം ഉറപ്പാക്കും
: തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

വഴിയോരക്കച്ചവടക്കാര്‍ക്ക് അസംഘടിത തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വം ഉറപ്പാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. കൊവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലെ തൊഴില്‍ മേഖലയില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കേന്ദ്ര ട്രേഡ് യൂണിയന്‍ നേതാക്കളുമായി നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വഴിയോരക്കച്ചവടക്കാര്‍ നിലവില്‍ ഒരു ക്ഷേമനിധിയിലും അംഗത്വമില്ലാത്തവരാണ്. ഇവരുടെ ക്ഷേമം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ഒരു ക്ഷേമനിധിയിലും അംഗത്വമില്ലാത്തവര്‍ക്ക് അസംഘടിത തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വം ലഭിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നു.  ഈ വിഭാഗങ്ങള്‍ക്ക് അംഗത്വം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലാളി യൂണിയനുകള്‍ ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അംഗത്വം ലഭ്യമാകുന്ന മുറയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ വകുപ്പു വഴി നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ വഴിയോരക്കച്ചവടക്കാര്‍ക്ക് ലഭിക്കും. ക്ഷേമനിധി ബോര്‍ഡ് തീരുമാനിക്കുന്ന എല്ലാ ആനുകൂല്യങ്ങള്‍ക്കും  ഇവര്‍ക്ക് അര്‍ഹതയുണ്ടാകും. അംഗത്വത്തിനായി  അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളുടെ  ജില്ലാ ഓഫീസുകളില്‍ അപേക്ഷ നല്‍കണം.എല്ലാ തൊഴിലാളികളെയും ക്ഷേമനിധികളില്‍ അംഗങ്ങളാക്കാന്‍ ട്രേഡ് യൂണിയനുകള്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം.
കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കണമെന്നും തൊഴിലാളികള്‍ക്ക് ജോലി ഉറപ്പാക്കണമെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇതിനനുസൃതമായ സാഹചര്യങ്ങള്‍ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കും. സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥതലത്തില്‍  നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ തൊഴിലാളി യൂണിയനുകളുടെ പൂര്‍ണ സഹകരണം ഉണ്ടാകണം.
തോട്ടം മേഖലയില്‍ തൊഴിലാളികള്‍ക്ക് ലൈഫ് പദ്ധതി വഴി വീടു നല്‍കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. വീടു വയ്ക്കുന്നതിനായി സ്ഥലം ലഭ്യമാക്കുന്നതിനും സാമ്പത്തിക സഹായം നല്‍കുന്നതിനും നിലവിലുള്ള ലയങ്ങളുടെ പോരായ്മകള്‍ പരിഹരിക്കുന്നതിനും തോട്ടം ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് മുഖേനയും റിലീഫ് ഫണ്ട് വഴിയും പെട്ടിമുടിയിലെ ദുരന്തത്തില്‍ നാശം സംഭവിച്ചവര്‍ക്ക് സഹായമെത്തിക്കുന്നതിനുള്ള നടപടികള്‍ ആലോചിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
ക്ഷേമനിധി ബോര്‍ഡുകള്‍ വഴി നിലവില്‍ ഉറപ്പാക്കിയ സഹായങ്ങള്‍ക്ക് പുറമേ രണ്ടാം ഗഡു ധനസഹായം തൊഴിലാളികള്‍ക്ക് നല്‍കുന്നതു സംബന്ധിച്ച് ബോര്‍ഡുകളുടെ സാധ്യതകള്‍ പരിശോധിക്കും. പരമാവധി സഹായം ഉറപ്പാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.കഴിഞ്ഞ ഓണക്കാലത്ത് നല്‍കിയിട്ടുള്ള എല്ലാ സഹായങ്ങളും ഇക്കുറിയും നല്‍കും. സര്‍ക്കാര്‍ ഉത്തരവിലെ മാനദണ്ഡങ്ങളനുസരിച്ച് മുന്‍ വര്‍ഷത്തെ തുക തന്നെ ബോണസായി നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരളാ ഓട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരളാ ഓട്ടോമൊബൈല്‍ വര്‍ക്കഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവകളില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ഓണത്തിന് മുന്‍പായി 1000 രൂപ കൂടി അധിക സൗജന്യധനസഹായമായി അനുവദിക്കുന്നതിന് ഉത്തരവ് നല്‍കിയിട്ടുണ്ട്.
സ്വകാര്യ മോട്ടോര്‍ മേഖലയില്‍ ജോലി ചെയ്യുന്നതും നിലവില്‍ ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവരുമായ സ്‌കാറ്റേര്‍ഡ് വര്‍ക്കേഴ്സ്, പാസഞ്ചര്‍ ഗൈഡുകള്‍, ഡ്രൈവിംഗ് സ്‌കൂള്‍ ജീവനക്കാര്‍ എന്നീ വിഭാഗങ്ങളിലെ തൊഴിലാളികളെ കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് വിധേയമായി ഇവര്‍ക്കും 1000 രൂപയുടെ സൗജന്യ ധനസഹായം വിതരണം ചെയ്യും. ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും 2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറുമാസക്കാലയളവിലെ അംശദായം പൂര്‍ണമായും ഒഴിവാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മത്സ്യതൊഴിലാളി മേഖലയില്‍ ഉയര്‍ന്നു വന്നിട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടും.കശുവണ്ടി മേഖലയിലേതുള്‍പ്പെടെ കേന്ദ്ര ട്രേഡ് യൂണിയന്‍ നേതാക്കള്‍  വിവിധ ക്ഷേമനിധി ബോര്‍ഡുകളുമായി ബന്ധപ്പെട്ട് ഉന്നയിച്ച പ്രശ്നങ്ങള്‍ സര്‍ക്കാര്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കും. വിവിധ വകുപ്പുകള്‍ വഴി പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ അവയുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പു മുന്‍കൈയ്യെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ടോഡി ബോര്‍ഡ് സംബന്ധിച്ച് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
ഓണ്‍ലൈന്‍ യോഗത്തില്‍  കേന്ദ്ര ട്രേഡ് യൂണിയന്‍  പ്രതിനിധികളായ എളമരം കരീം എം.പി(സിഐടിയു), ആര്‍.ചന്ദ്രശേഖരന്‍ (ഐഎന്‍ടിയുസി), കെ.പി.രാജേന്ദ്രന്‍ (എഐടിയുസി), ഉണ്ണികൃഷ്ണന്‍ (ബിഎംഎസ്), അഹമ്മദ് കുട്ടി  ഉണ്ണികുളം(എസ്ടിയു), ടോം തോമസ് (എച്ച്എംഎസ്), തോമസ് ജോസഫ് (യുടിയുസി), സോണിയാ ജോര്‍ജ്ജ് (സേവ), എഴുകോണ്‍ സത്യന്‍ (കെടിയുസി), ടി.ബി.മിനി (ടിയുസിഐ) ,ലേബര്‍ കമ്മീഷണര്‍ പ്രണബ്‌ജ്യോതി നാഥ് ഐഎഎസ്, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍മാരായ കെ.ശ്രീലാല്‍, കെ.എം.സുനില്‍ എന്നിവര്‍ പങ്കെടുത്തു.