കേന്ദ്ര തൊഴില്‍മന്ത്രിക്ക് മന്ത്രി ടി.പി.രാമകൃഷ്ണന് കത്തയച്ചു
പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന ആനുകൂല്യം മുഴുവന്‍ ഇപിഎഫ് അംഗങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ച് കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാറിന് സംസ്ഥാന തൊഴിലും നൈപുണ്യവും എക്സൈസും മന്ത്രി ടി.പി.രാമകൃഷ്ണന് കത്തയച്ചു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാധാരണക്കാരന്റെ ജീവിതത്തിന് താങ്ങാവുന്നതിന് പ്രഖ്യാപിച്ച പദ്ധതി കൂടുതല്‍പേര്‍ക്ക് ലഭ്യമാകേണ്ടതുണ്ട്. 2020 മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ പരമാവധി 100 തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രതിമാസ വേതനത്തില്‍ നിന്നുള്ള 12 ശതമാനം അംശദായവും തൊഴിലുടമകള്‍ അടയ്ക്കുന്ന ഇപിഎഫ്, ഇപിഎസ് പ്രതിമാസ അംശദായമായ 12 ശതമാനവും ചേര്‍ത്ത് 24 ശതമാനം കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് അടയ്ക്കുകയാണ് ചെയ്തത്.
എന്നാല്‍ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ചില നിബന്ധനകള്‍ മൂലം ഇത് കേരളത്തില്‍ തൊഴിലെടുക്കുന്ന ഭൂരിഭാഗം ജീവനക്കാര്‍ക്കും ലഭ്യമാകുന്നില്ല. ഈ സാഹചര്യത്തില്‍ വേതന പരിധി, സ്ഥാപനത്തിലെ തൊഴിലാളികളുടെ എണ്ണം തുടങ്ങിയ മാനദണ്ഡങ്ങള്‍ ഒഴിവാക്കി എല്ലാ ഇപിഎഫ് അംഗങ്ങള്‍ക്കും പദ്ധതി ആനുകൂല്യം ലോക്ക് ഡൗണ്‍ കാലയളവ് മുഴുവനും ലഭ്യമാക്കണമെന്ന് കേന്ദ്രമന്ത്രിക്കയച്ച കത്തില്‍ സംസ്ഥാന തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന് ആവശ്യപ്പെട്ടു.