ഭരണകര്‍ത്താവിന്റെ റോളില്‍ നിന്നും അല്‍പ്പനേരത്തേയ്ക്ക് അധ്യാപകന്റെ കുപ്പായമണിഞ്ഞ് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. അന്താരാഷ്ട്രാ ലഹരി വിരുദ്ധ ദിനാചരണ ദിനമായ ജൂണ്‍ 26-നാണ് മന്ത്രി അഞ്ചു വയസുമുതല്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കും മറ്റ് രക്ഷാകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും മുന്നില്‍ അവബോധ ക്ലാസ് നടത്തിയത്.
വിക്ടേഴ്‌സ് – കൈറ്റ് ചാനല്‍ വഴി ജൂണ്‍ 26 ന് രാവിലെ ഏഴേമുക്കാലിന് നടത്തിയ ലഹരിക്കെതിരായ അവബോധ പ്രചരണത്തിനാണ് തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പു മന്ത്രി അധ്യാപനത്തിന്റെ വഴി തെരഞ്ഞെടുത്തത്. കുഞ്ഞുകുട്ടികളെ നോക്കി എല്ലാ കൂട്ടുകാര്‍ക്കും രക്ഷിതാക്കള്‍ക്കും എന്റെ സ്‌നേഹം നിറഞ്ഞ ആശംസകള്‍ എന്ന് ആരംഭിച്ച ക്ലാസ് ഇരുപതു മിനുറ്റോളം നീണ്ടു. ലഹരിയുടെ ദൂഷ്യ വശങ്ങളെയും അതിനെ എങ്ങിനെ പ്രതിരോധിക്കാമെന്നും മന്ത്രി കുട്ടിക്കൂട്ടത്തോടു പറഞ്ഞു.
ലഹരി എങ്ങിനെ അടിമപ്പെടുത്തുന്നുവെന്നും ലഹരി മാഫിയയുടെ ദൂഷിത വലയം എങ്ങിനെയെന്നും മന്ത്രി വ്യക്തമാക്കി.മാഫിയയുടെ കൈകളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനും അത്തരക്കാരെയോ ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നവരെയോ ലഹരിക്കടിപ്പെട്ട കുട്ടികളെയോ കണ്ടാല്‍ അധ്യാപകരോടോ രക്ഷാകര്‍തൃ സമിതിയംഗങ്ങളോടോ പോലീസിനെയോ എക്‌സൈസ് ഉദ്യോഗസ്ഥരെയോ സമീപിക്കണമെന്ന് മന്ത്രി കുട്ടികളോടു പറഞ്ഞു. സ്‌കൂളുകളിലെ ലഹരി വിമുക്ത ക്ലബ്ബുകളുടെ പ്രാധാന്യം പറഞ്ഞു മനസിലാക്കിയ മന്ത്രി കൊവിഡ് കാലത്തിനു ശേഷം സ്‌കൂളിലെത്തുമ്പോള്‍ കുട്ടികള്‍ പരസ്പ്പരം ലഹരിക്കെതിരേയുള്ള ഐക്യം തീര്‍ക്കേണ്ടതിന്റെ ലക്ഷ്യം, ലഹരി എങ്ങിനെ ശരീരത്തെയും മനസിനെയും ബാധിക്കുന്നുവെന്നത്, പഠനവും ജീവിതവും തകര്‍ക്കുന്ന ലഹരിയുടെ അന്തരീക്ഷത്തില്‍ നിന്നും വിട്ടുനില്‍ക്കേ്ടതെങ്ങിനെ തുടങ്ങി കുട്ടികള്‍ക്ക് മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ മനസിലാകുന്ന ലളിത ശൈലിയില്‍ വ്യക്തമാക്കി.
മികച്ച കരുതലിന് മികച്ച അറിവ്(ബെറ്റര്‍ നോളഡ്ജ് ഫോര്‍ ബെറ്റര്‍ കെയര്‍) എന്നതാണ് ഈ വര്‍ഷത്തെ ലഹരി വിരുദ്ധ ദിനത്തിന്റെ ആശയമായി ഐക്യാരാഷ്ട്ര സഭ പ്രഖ്യാപിച്ചത്.  ലഹരി സമൂഹത്തില്‍ നിന്നും പൂര്‍ണ്ണമായി തുടച്ചു നീക്കുകയെന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ലഹരിയുടെ ദുരുപയോഗം സംബന്ധിച്ച് സമൂഹത്തിന് കൂടുതല്‍ അവബോധം പകര്‍ന്നു നല്‍കണം. എല്ലാവരുടെയും ശാരീരികവും മാനസികവുമായ വളര്‍ച്ച സുരക്ഷിതമാക്കുക എന്നതാണ് പ്രചരണ പരിപാടികൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയോടൊപ്പം തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്‍ര്‍ മെഡിക്കല്‍ ഓഫീസറും ഐഎംഎ വൈസ് പ്രസിഡന്റുമായ സി.വി.പ്രശാന്തും കുട്ടികളോട് സംവദിച്ചു.
ലഹരി വിമുക്ത ദിനാചരണത്തിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോധവത്ക്കരണ പരിപാടി  പ്രത്യേകം തയാറാക്കിയിരുന്നു.
അധ്യാപകര്‍ക്കായി സൈക്കോളജിസ്റ്റ് ശ്രീ. എല്‍.ആര്‍ മധുജനും  രക്ഷാകര്‍ത്താക്കള്‍ക്കായി സൈക്കോളജിസ്റ്റായ എസ്.ലിഷയുമാണ് ക്ലാസ് നയിച്ചത്. ഇത് വിക്ടേഴ്‌സ് ചാനലില്‍ യാഥാക്രമം 27.06.2020 രാവിലെ ഏഴരയ്ക്കും 28-ന് രാവിലെ ഏഴരയ്ക്കും സംപ്രേഷണം ചെയ്യും. വിക്ടേഴ്‌സ് ചാനലിലെ സംപേഷണത്തിന് ശേഷം ക്ലാസുകള്‍ എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്റെ യൂട്യൂബിലും ഫേസ്ബുക്കിലും ലഭ്യമാകും.
കേരളത്തില്‍ ലഹരി വര്‍ജ്ജനത്തെ മുന്‍നിര്‍ത്തിയാണ് വിമുക്തി മിഷന്‍ പ്രവര്‍ത്തിക്കുന്നത്. വലിയ തോതിലുള്ള പ്രവര്‍ത്തനമാണ് ഇതുവഴി നടത്തി വരുന്നത്. വിക്ടേഴ്‌സ് ചാനല്‍, എക്‌സൈസ്, വിദ്യഭ്യാസ വകുപ്പുകള്‍, വിമുക്തി മിഷന്‍ എന്നിവ സംയുക്തമായാണ് പ്രചരണ പദ്ധതി നടപ്പാക്കുന്നത്. ക്ലാസുകളില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ശരിയുത്തരം തരുന്ന സ്‌കൂള്‍ കുട്ടികളുടെ പട്ടികയില്‍ നിന്നും പ്രത്യേകം തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച്‌പേര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ സമ്മാനമായി നല്‍കും.
ഉത്തരങ്ങള്‍ 9400077077 എന്ന നമ്പറില്‍ വാട്ട്സ് ആപ്പ് ചെയ്യണം.ചോദ്യങ്ങള്‍ക്കും വീഡിയോ കാണുന്നതിനുമായി താഴെ നല്‍കിയിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കാം.
യൂട്യൂബ് ലിങ്ക് https://youtu.be/93jPSvgxuog  ,  https://youtu.be/chBU4wtjk2g , ഫേസ് ബുക്ക് ലിങ്ക് https://www.facebook.com/vimukthimission/posts/878701589291762. ദിനാചരണത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരില്‍നിന്നും ജീവിതം തന്നെ ലഹരി എന്ന വിഷയത്തെ ആധാരമാക്കി വിശദമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചിട്ടുണ്ട്. മികച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കുന്ന ഉദ്യോഗസ്ഥരെ എക്‌സൈസ് കമ്മീഷണറേറ്റില്‍ വച്ച് നടക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എക്‌സൈസ് കമ്മീഷണര്‍ ആദരിക്കും. പൊതുജനങ്ങള്‍ക്കായി മികച്ച ട്രോള്‍ മത്സരങ്ങളും നടത്തിയിരുന്നു. ഇവയില്‍ നിന്നും തെരഞ്ഞെടുക്കുന്നവയ്ക്കും സമ്മാനങ്ങള്‍ നല്‍കും.