മയക്കുമരുന്നുകള്‍ അടക്കമുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം സൃഷ്ടിക്കുന്ന മാരകമായ വിപത്തിനെതിരെ സമൂഹം ഒരുമിച്ചുനില്‍ക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് ഇന്ന് അന്താരാഷ്ട്ര മയക്കുമരുന്ന്-ലഹരിവിരുദ്ധദിനം ആചരിക്കുകയാണ്. ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന കോവിഡ് 19  നമ്മുടെ സാമൂഹികജീവിതത്തിലും ലോകക്രമത്തിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഈ മഹാമാരിക്കിടയിലും ഇന്നത്തെ ദിവസത്തിന് വളരെയേറെ പ്രസക്തിയുണ്ട്. ‘മികച്ച കരുതലിന് മികച്ച അറിവ്'(ബെറ്റര്‍ നോളജ് ഫോര്‍ ബെറ്റര്‍ കെയര്‍) എന്നതാണ് ഈ വര്‍ഷത്തെ ലഹരിവിരുദ്ധദിനാചരണത്തിന്റെ ആശയമായി ഐക്യരാഷ്ട്രസംഘടന മുന്നോട്ടുവെച്ചിട്ടുള്ളത്. ലഹരിയുടെ ദുരുപയോഗം സംബന്ധിച്ച ശരിയായ അറിവ് കുട്ടികള്‍ക്കും യുവാക്കള്‍ക്കും നല്‍കി അവരുടെ ശാരീരികവും മാനസികവുമായ വളര്‍ച്ച സുരക്ഷിതമാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ലഹരിയുടെ ആസക്തിയിലേക്ക് വഴുതിവീഴാതെ യുവതലമുറയെ ജീവിതത്തിന്റെ ലഹരിയിലേക്ക് നയിക്കാനുതകുന്ന പദ്ധതികള്‍ ലഹരിവര്‍ജ്ജനമിഷന്‍ വിമുക്തി മുഖേന സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരികയാണ്.
ലഹരിവിപത്തിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കേണ്ടതിന്റെയും ആരോഗ്യത്തിനും ഭരണനിര്‍വഹണത്തിനും സുരക്ഷയ്ക്കും നേരെ മയക്കുമരുന്നുള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് അന്താരാഷ്ട്രതലത്തിലുള്ള സഹകരണം വളര്‍ത്തിയെടുക്കേണ്ടതിന്റെയും പ്രാധാന്യം ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു. ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം വ്യക്തിയിലും സമൂഹത്തിലും സൃഷ്ടിക്കുന്ന മാരകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാ•ാരാവുകയും ലഹരിവിപത്തില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുകയും ചെയ്യുന്നത്  ഓരോ വ്യക്തിയുടെയും കടമയായി മാറണം. കോവിഡ് 19 വ്യാപനത്തെതുടര്‍ന്ന് ലോകമാകെ അസാധാരണമായ സാഹചര്യമാണ് അഭിമുഖീകരിക്കുന്നത്. സാമൂഹ്യ-സാമ്പത്തിക-ഉല്‍പ്പാദനമേഖലകള്‍ ഉള്‍പ്പെടെ എല്ലാം നിശ്ചലമായത് ലോകജനതയെ വലിയതോതില്‍ ബാധിച്ചു. തൊഴിലും വരുമാനവും നിലച്ച കോടിക്കണക്കിനാളുകള്‍ ദുരിതത്തിലാണ്. കടുത്ത മാനസികസംഘര്‍ഷങ്ങളുടെ നടുവിലകപ്പെട്ടവരെ ലഹരിയുടെ വഴിയിലേക്ക് നയിക്കാനുള്ള നീക്കം ലഹരിമാഫിയയുടെ ഭാഗത്തുനിന്ന് സ്വാഭാവികമായും ഉണ്ടാകുമെന്ന് ഗൗരവത്തോടെ കാണണം.
ഈ വര്‍ഷത്തെ അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് കൈറ്റ് വിക്‌ടേഴ്‌സ് ചാനല്‍ വിദ്യാര്‍ഥികള്‍ക്കായി 26നും 27നും ഓരോ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബോധവത്കരണപരിപാടികള്‍ സംപ്രേക്ഷണം ചെയ്യുകയാണ്. അഞ്ചാം ക്ലാസ് മുതല്‍ എട്ടുവരെയും ഒമ്പതാം ക്ലാസ് മുതല്‍ 12 വരെയും രണ്ട് സെഷനുകളിലായാണ് ബോധവത്കരണപരിപാടി. ഇതോടൊപ്പം രക്ഷകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കുമായി  പ്രത്യേക സെഷനുകളും  ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളെയും യുവാക്കളെയും ലഹരിക്കെതിരെ അണിനിരത്തി ഓണ്‍ലൈന്‍ മത്സരങ്ങളും  സംഘടിപ്പിക്കുന്നുണ്ട്്. ‘ജീവിതം തന്നെ ലഹരി”- എന്ന വിഷയ അടിസ്ഥാനമാക്കി ഹൃസ്വചിത്രമത്സരം, ട്രോള്‍ മത്സരം, കഥ, കവിതാ രചനമത്സരം  തുടങ്ങിയവയാണ് സംഘടിപ്പിക്കുന്നത്.
‘ലഹരിവര്‍ജ്ജനത്തിലൂടെ ലഹരിമുക്തനവകേരളം’എന്ന സന്ദേശമാണ് നാം ഉയര്‍ത്തുന്നത്. മയക്കുമരുന്നുകള്‍ അടക്കമുള്ള ലഹരിവസ്തുക്കള്‍ അതിന് അടിമപ്പെടുന്നവരെ നാശത്തിലേക്കാണ് നയിക്കുക. ലഹരിക്കടിമപ്പെടുന്നവര്‍ ശാരീരികവും മാനസികവുമായി തകരും. ആരോഗ്യം ക്ഷയിച്ച് വ്യക്തിജീവിതം തകരുന്നതോടെ അവരുടെ കുടുംബവും തകര്‍ച്ചയിലേക്ക് നീങ്ങും. അത് സമൂഹത്തെയാകെ ദുര്‍ബലമാക്കും. എത്രയോ കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ലഹരിവിപത്ത് കവര്‍ന്നെടുത്തത്. മയക്കുമരുന്നിനും മറ്റ് ലഹരിപദാര്‍ഥങ്ങള്‍ക്കും അടിമകളായി ജീവിതം തകര്‍ന്ന നിരവധി യൗവനങ്ങളുണ്ട്. തെറ്റായ പ്രവണതകള്‍ക്ക്  അടിമപ്പെടുന്നതോടെ ജീവിതത്തിന്റെ ഗതി മാറിപ്പോകുന്നു. കുട്ടികളെ എളുപ്പത്തില്‍ സ്വാധീനിക്കാനും പ്രലോഭനങ്ങള്‍ക്ക് കീഴടക്കാനും കഴിയുമെന്ന് കണ്ടാണ് ലഹരിവിതരണക്കാര്‍ വിദ്യാലയങ്ങള്‍ക്കു ചുറ്റും വലവീശുന്നത്. പലരൂപത്തിലുള്ള ലഹരിപദാര്‍ഥങ്ങള്‍ കേരളത്തിലെത്തുന്നുണ്ട്. നടപടി ശക്തമായതുകൊണ്ടുതന്നെ വിതരണത്തിന് ലഹരികച്ചവടക്കാര്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നുമുണ്ട്. മറ്റുള്ളവരുടെ പ്രേരണയില്‍ വെറും  കൗതുകത്തിനു വേണ്ടി ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് പതിയെ അതിന് അടിമപ്പെടുന്ന പ്രവണതയാണ് വിദ്യാര്‍ഥികളില്‍ പൊതുവെ കണ്ടുവരുന്നത്. ഇത് തടയാന്‍ കഴിയണം.  തെറ്റായ ശീലങ്ങള്‍ക്ക് വഴിപ്പെടാതെ നല്ല മാതൃകകളായി വിദ്യാര്‍ഥികളും യുവാക്കളും വളരുക എന്നതു തന്നെയാണ് പ്രധാനം.  ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് ഏറെ ചെയ്യാനുണ്ട്. മുതിര്‍ന്നവര്‍ ലഹരിപദാര്‍ഥങ്ങളില്‍ നിന്ന് മുക്തരാണെങ്കിലേ പുതുതലമുറയെ അവര്‍ക്ക് ഉപദേശിക്കാന!ം നല്ല പൗര•ാരായി വളര്‍ത്തി യെടുത്ത് സമൂഹത്തിന് മുതല്‍ക്കൂട്ടാക്കാനും കഴിയൂ.
രക്ഷിതാക്കള്‍ കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അവരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും സന്തോഷങ്ങളും കേള്‍ക്കാനും പങ്കിടാനും സന്നദ്ധരാവുകയും വേണം.  കോവിഡ് രോഗബാധയും ലോക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും കുടുംബാംഗങ്ങള്‍ മുമ്പെങ്ങുമില്ലാത്ത ഒന്നിച്ചുചേരുകയും അടുത്തറിയുകയും ചെയ്ത കാലം കൂടിയാണിത്. പരസ്പരം മനസ്സിലാക്കാനും കുട്ടികള്‍ക്ക് നല്ല മാനസിക പിന്തുണ നല്‍കാനും രക്ഷിതാക്കളും അധ്യാപകരും പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.ലഹരിമാഫിയക്കെതിരെ കര്‍ശനമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മയക്കുമരുന്ന് കേസുകളുടെ എണ്ണത്തിലും പിടിച്ചെടുക്കുന്ന അളവിലും വന്‍ വര്‍ധനവുണ്ടായി. നാലുവര്‍ഷത്തിനിടയില്‍ 64,000 ത്തോളം അബ്കാരി കേസുകളും 24,000 ത്തോളം എന്‍ഡിപിഎസ് കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇത് എക്‌സൈസ് വകുപ്പിന്റെ ചരിത്രത്തിലെ റിക്കാര്‍ഡാണ്.  വലിയ തോതില്‍ മയക്കുമരുന്നും വ്യാജമദ്യവും മറ്റ് ലഹരിപദാര്‍ഥങ്ങളും ഈ കാലയളവില്‍ പിടിച്ചെടുത്തു. സംസ്ഥാനത്താകെ നടക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാനായി മൂന്ന് സ്‌പെഷ്യല്‍ സ്്വകാഡുകള്‍ക്കു പുറമെ എക്‌സൈസ് കമ്മീഷണറുടെ നിയന്ത്രണത്തില്‍ സംസ്ഥാന സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കൂടി രൂപീകരിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ എക്‌സൈസ് ക്രൈംബ്രാഞ്ചും രൂപീകരിച്ചു.
കോവിഡ് 19നെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സന്ദര്‍ഭത്തില്‍ വ്യാജമദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ നടപടിയാണ് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചത്. മദ്യവില്‍പ്പനശാലകളും ബാറുകളും അടഞ്ഞുകിടന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വ്യാജമദ്യഭീഷണി ഉയര്‍ന്നിരുന്നു. ഫലപ്രദമായ ഇടപെടലാണ് ഇക്കാര്യത്തില്‍ എക്‌സൈസ് വകുപ്പ് നടത്തിയത്. വ്യാജമദ്യലോബിയ്ക്കും മയക്കുമരുന്ന് കടത്തുകാര്‍ക്കുമെതിരെ  കര്‍ശനനടപടി കൈക്കൊണ്ടു. ലോക്ഡൗണ്‍ കാലയളവില്‍ 2,86,621 ലിറ്റര്‍ വാഷും 3380 ലിറ്റര്‍ ചാരായവും മദ്യത്തിന് പകരമായി ഉപയോഗിക്കാന്‍ സൂക്ഷിച്ച 3832 ലിറ്റര്‍ അരിഷ്ടവും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. 1068 അബ്കാരി കേസുകളാണ്  ലോക്ഡൗണ്‍ ഘട്ടത്തില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. 315 മയക്കുമരുന്ന് കേസുകളും  രജിസ്റ്റര്‍ ചെയ്തു.  395 കിലോ കഞ്ചാവ് പിടികൂടി. എംഡിഎംഎ, ചരസ്സ്, എല്‍എസ്ഡി, ഹഷീഷ് ഓയില്‍, ലഹരിഗുളികകള്‍ എന്നിവയും പിടിച്ചെടുക്കുകയുണ്ടായി. എക്‌സൈസ്-പൊലീസ് സേനാംഗങ്ങളുടെ ജാഗ്രത കൊണ്ടാണ് ലോക്ഡൗണ്‍ കാലയളവില്‍ വ്യാജമദ്യദുരന്തം ഒഴിവാക്കാന്‍ കഴിഞ്ഞത്
മദ്യത്തിന് അടിമപ്പെട്ടവര്‍ ജീവനൊടുക്കുന്ന ദാരുണമായ അനുഭവങ്ങള്‍ ലോക്ഡൗണ്‍ കാലത്തുണ്ടായി. കോവിഡ് 19 പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഹാന്‍ഡ് സാനിറ്റൈസര്‍ കഴിച്ച് ചിലര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അനുഭവവുമുണ്ടായി. ആല്‍ക്കഹോളിന്റെ അളവ് കൂടുതലുള്ള സാനിറ്റൈസര്‍ മദ്യത്തിന് പകരമായി ഉപയോഗിച്ചവര്‍ അതിഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് നേരിടുന്നത്. ലഹരിഉപയോഗം രോഗമായി മാറിയതിന്റെ ദുരന്തഫലമാണ് ഇത്തരം സംഭവങ്ങള്‍. ലഹരിക്കടിമപ്പെട്ടവരെ അതില്‍ നിന്ന് മോചിപ്പിച്ച് സാധാരണജീവിതത്തിലേക്ക് തിരികെകൊണ്ടുവരേണ്ടതിന്റെ പ്രാധാന്യമാണ് ഈ സംഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ലഹരിവിരുദ്ധബോധവത്കരണപ്രവര്‍ത്തനങ്ങള്‍ സമൂഹം പ്രധാന ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്നും ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു.
ലഹരിയോടുള്ള ആസക്തി കുറ്റമായി കാണാതിരിക്കുകയും രോഗാവസ്ഥയായി കണ്ട് മാറ്റിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യണമെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ഈ കാഴ്ചപ്പാടോടെയാണ് എല്ലാ ജില്ലകളിലും സര്‍ക്കാര്‍ ഓരോ ഡീ അഡിക്ഷന്‍ സെന്ററുകള്‍ വീതം ആരംഭിച്ചത്. ആരോഗ്യവകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തനമാരംഭിച്ച ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ ഫലപ്രദമായ ചികിത്സയും കൗണ്‍സിലിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മദ്യം ലഭിക്കാത്തതുമൂലം ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ കാരണം ഡീ അഡിക്ഷന്‍ സെന്ററുകളില്‍ ചികിത്സക്കെത്തുന്നവരുടെ എണ്ണം ലോക്ഡൗണ്‍ കാലത്ത് വര്‍ധിച്ചു. ലോക്ഡൗണ്‍ നിലവില്‍ വന്ന ശേഷം  3047 പേരാണ് വിവിധ ജില്ലകളിലെ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ എത്തിയത്.   1012 പേര്‍  കൗണ്‍സിലിംഗ് കേന്ദ്രങ്ങളിലും എത്തി. കേന്ദ്രഗവണ്‍മെന്റിന്റെ സഹകരവണത്തോടെ കോഴിക്കോട് ജില്ലയില്‍ മാതൃകാ ഡീ അഡിക്ഷന്‍ സെന്റര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ലഹരിവിപത്തിനെതിരെ എക്‌സൈസ് വകുപ്പും പൊലീസും ശക്തമായ നടപടിയെടുക്കുന്നുണ്ട്. അതോടൊപ്പം സംസ്ഥാന ലഹരിവര്‍ജ്ജനമിഷന്‍ വിമുക്തി നേതൃത്വത്തില്‍ വിപുലമായ ബോധവത്കരണപ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നു. മികച്ച ബഹുജനപിന്തുണയാണ് വിമുക്തി കാമ്പയിന് ലഭിക്കുന്നത്. വിമുക്തിയുടെ ഭാഗമായി സംസ്ഥാനത്തെ 4842 സ്‌കൂളുകളിലും പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ 899 കലാലയങ്ങളിലും ലഹരിവിരുദ്ധക്ലബ്ബുകള്‍ രൂപീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കുന്ന മുറയ്ക്ക് എല്ലാ സ്ഥാപനങ്ങളിലും ലഹരിവിരുദ്ധക്ലബ്ബ് രൂപീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ എന്ന സന്ദേശവുമായി തീവ്രയത്‌ന ബോധവത്കരണ കര്‍മ്മപദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു. ഇത് സംസ്ഥാനത്താകെ നല്ല നിലയില്‍ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് കോവിഡ് ബാധയുണ്ടായത്. ഈ കാമ്പയിന്‍ ശക്തമായി തുടരും. മാരകമായ ലഹരിവിപത്തിനെതിരെ പൊരുതി ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുമെന്ന് ലഹരിവിരുദ്ധദിനത്തില്‍ പ്രതിജ്ഞയെടുക്കാം. ലഹരിമുക്തസമൂഹം സമഗ്രവികസനത്തിന്റെയും  ജനക്ഷേമത്തിന്റെയും അതിജീവനത്തിന്റെയും പാതയിലൂടെ  നവകേരളം സൃഷ്ടിക്കാനുള്ള ദൗത്യത്തിന് കരുത്ത് പകരും.