ബെവ്‌കോയുടെ മട്ടുപ്പാവ് കൃഷി എക്‌സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ പച്ചക്കറിതൈ നട്ട് ഉദ്ഘാടനം ചെയ്തു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരളാ സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ (എം ആന്റ് എം) ലിമിറ്റഡിന്റെ മട്ടുപ്പാവിലാണ് ഗ്രോബാഗ് കൃഷി ആരംഭിച്ചത്. സംസ്ഥാന കൃഷി വകുപ്പിന്റെ കുടപ്പനക്കുന്ന് കൃഷിഭവന്‍ വഴി നടപ്പാക്കുന്ന കാര്‍ഷിക കര്‍മ്മസേന പദ്ധതിയുടെ ഭാഗമായാണ് കൃഷി. കുടപ്പനക്കുന്ന് കൃഷി ഭവന്‍ ആവശ്യമായ പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്യും. ബിവറേജസ് കോര്‍പറേഷനിലെ 170 ഓളം വരുന്ന ജീവനക്കാര്‍ തൈകള്‍ പരിപാലിച്ച് വിളവെടുക്കും.
250 ഗ്രോ ബാഗുകളിലായി വഴുതന, വെണ്ട, ചീര,തക്കാളി, കാന്താരി മുളക്, പയര്‍,കത്തിരി മുതലായവയാണ് നിലവില്‍ കൃഷിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പാഷന്‍ഫ്രൂട്ട് ഉള്‍പ്പെടെയുള്ള പഴവര്‍ഗ്ഗങ്ങളും കുറ്റികുരുമുളക് ഉള്‍പ്പെടെയുള്ളവയും ഇതിന്റെ ഭാഗമായി ആരംഭിക്കണമെന്ന് മന്ത്രി ബെവ്‌കോ എംഡിക്ക് നിര്‍ദേശം നല്‍കി.
ചടങ്ങില്‍ മേയര്‍ കെ.ശ്രീകുമാര്‍, ബെവ്‌കോ എംഡി സ്പര്‍ജന്‍കുമാര്‍ ഐപിഎസ്, ബെവ്‌കോ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള സീനിയര്‍ ഉദ്യോഗസ്ഥര്‍, കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ജയറാണി, ജില്ലാ കൃഷി ഓഫീസര്‍ രാജേന്ദ്രലാല്‍, കൃഷി ഓഫീസര്‍ ജോസഫ് മുതലായവരും എക്‌സൈസ് വകുപ്പു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എസ്.യു.രാജീവ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദീപൂ പി.നായര്‍ മുതലായവരും സംബന്ധിച്ചു.
തൊഴിലും നൈപുണ്യവും വകുപ്പിന്റെയും എക്‌സൈസും വകുപ്പിന്റെയും  കീഴിലുള്ള സ്ഥാപനങ്ങളിലെ തരിശു ഭൂമികളിലും അനുയോജ്യമായ മറ്റിടങ്ങളിലും കൃഷി ചെയ്യുന്നതിന് തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിര്‍ദേശ പ്രകാരം ബന്ധപ്പെട്ട വകുപ്പുകള്‍ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിയുടെ  പശ്ചാത്തലത്തില്‍ ഭക്ഷ്യോത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് സര്‍ക്കാര്‍ , പൊതുമേഖലാ സ്ഥാപനങ്ങളില്‍ ലഭ്യമായ തരിശുഭൂമിയിലും അനുയോജ്യമായ മറ്റിടങ്ങളിലും വ്യാപകമായി കൃഷി ആരംഭിക്കുന്നതിന്  സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.  ഇതിന്റെയടിസ്ഥാനത്തിലാണ് തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലും എക്‌സൈസ് വകുപ്പിനു കീഴിലും ഉള്ള ഓഫീസുകളിലും സ്ഥാപനങ്ങളിലും ലഭ്യമായ ഇടങ്ങളില്‍ പച്ചക്കറി  കൃഷി ഉള്‍പ്പെടെ നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് ബിവറേജ്‌സ് കോര്‍പറേഷന്റെ മട്ടുപ്പാവിലും കൃഷി തുടങ്ങുന്നത്.