കോവിഡിന്റെ സാഹചര്യത്തില്‍ തോട്ടം മേഖലയിലെ തൊഴിലാളികള്‍  നേരിടുന്ന പ്രശ്നങ്ങള്‍ വിലയിരുത്തുവാന്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി
ടി.പി.രാമകൃഷ്ണന്റെ  അധ്യക്ഷതയില്‍ ലേബര്‍ കമ്മീഷണറേറ്റില്‍ ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗം  വിളിച്ചുചേര്‍ത്തു. തോട്ടത്തിന്റെ നിലനില്‍പ്പും തൊഴില്‍ ലഭ്യതയും തൊഴിലാളികളുടെ സംരക്ഷണവും ഒരുപോലെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന്  മന്ത്രി പറഞ്ഞു. കോവിഡിന്റെ സാഹചര്യത്തില്‍ പ്രയാസമനുഭവിക്കുന്ന  എല്ലാ തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ 1000 രൂപ ധനസഹായം നല്‍കിയിട്ടുണ്ട്.   ക്ഷേമനിധിയില്‍ അംഗങ്ങളായുള്ള എല്ലാ തൊഴിലാളികള്‍ക്കും   സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കും. ഇതുവരെ ധനസഹായം ലഭിക്കാത്ത  തോട്ടം തൊഴിലാളികള്‍ക്ക് രേഖകള്‍ പരിശോധിച്ച് ഉടന്‍തന്നെ സഹായം ലഭ്യമാക്കും.
തോട്ടം മേഖലയിലെ പ്രതിസന്ധികള്‍ മറികടക്കുന്നതിന് സമയബന്ധിതമായ ഇടപെടലുകളാണ് സര്‍ക്കാര്‍  നടത്തുന്നത് . ജോലി ചെയ്യാന്‍ സന്നദ്ധതയുള്ള തൊഴിലാളികള്‍ക്ക് ജോലി നിഷേധിക്കുന്ന സാഹചര്യമുണ്ടാവരുത് . കോവിഡിന്റെ സാഹചര്യത്തില്‍ തോട്ടം വിളകള്‍ക്ക് ഉല്‍പ്പാദന ചെലവിനെക്കാള്‍ കുറഞ്ഞ വിലയാണ് വിപണിയില്‍ ലഭ്യമാകുന്നത് . ഈ സാഹചര്യത്തില്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രായോഗികമായ ഇടപെടലുകളാണ് ഉണ്ടാവേണ്ടത്.
കോവിഡ് കാലത്തെ വേതനം സംബന്ധിച്ച പരാതികള്‍ക്ക് കൂടിയാലോചനയിലൂടെ പരിഹാരം കാണാന്‍ കഴിയണം. ഓരോ തോട്ടത്തിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. തോട്ടം
അടച്ചിടുന്നതിനുള്ള സാഹചര്യം ഉണ്ടാകുവാന്‍ പാടില്ല. സര്‍ക്കാര്‍ തൊഴിലാളികളുടെ ഒപ്പമുണ്ടെന്നും നിലവിലെ പ്രതിസന്ധികള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നും  ഈ വിഷയത്തില്‍ തൊഴില്‍ വകുപ്പിന്റെ സാധ്യമായ എല്ലാ ഇടപെടലുകളും ഉണ്ടാകുമെന്നും മന്ത്രി ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. കേരളത്തിലെ മുഴുവന്‍ തൊഴിലാളികളുടെയും നിയമപരമായ ആനുകൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടും അവരുടെ അവകാശങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുമുള്ള നിലപാടുകളായിരിക്കും സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നതെന്ന്  യോഗത്തില്‍ മന്ത്രി  പറഞ്ഞു.
ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഐഎഎസ്,  അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ.എം.സുനില്‍, ചീഫ് പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ പ്രമോദ് സിഐടിയു, എഐടിയുസി, എഐന്‍ടിയുസി, ബിഎംഎസ് ,എച്ച് എംഎസ്,   , യുടിയുസി ,എസ്ടിയു എന്നീ സംഘടനകളുടെ  പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍  സംബന്ധിച്ചു.