കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ തോട്ടം മേഖല അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഉല്‍പ്പാദനവര്‍ധനവ്, ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില, തൊഴില്‍, തൊഴിലാളികളുടെ വേതനവും മറ്റ് ആനുകൂല്യങ്ങളും എന്നിവ ഉറപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളും. ഇതിന് തോട്ടം ഉടമകളും തൊഴിലാളികളും സര്‍ക്കാരും യോജിച്ച നിലപാട് സ്വീകരിക്കണം.
കോവിഡ് 19നെ തുടര്‍ന്ന് തോട്ടം മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസ്ഥാനത്തെ തോട്ടം ഉടമാപ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഉല്‍പ്പന്നങ്ങളുടെ വിലയിടിവ്, ഉയര്‍ന്ന ഉല്‍പ്പാദനചെലവ് തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ തോട്ടം മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. ഇത് സാമ്പത്തികനയവുമായി ബന്ധപ്പെട്ട കാര്യമാണ്. സംസ്ഥാന സര്‍ക്കാരല്ല ഇതിന് ഉത്തരവാദി. എന്നാല്‍ ഈ സാഹചര്യങ്ങള്‍ മറികടന്ന് തോട്ടംമേഖലയുടെ സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടുവരികയാണ്. പ്രതിസന്ധി അതിജീവിക്കുന്നതിന് ഒരുമിച്ചു നില്‍ക്കുകയാണ് പോംവഴി. ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊണ്ടുവരികയാണ്. റബ്ബര്‍ മരങ്ങള്‍ മുറിക്കുമ്പോള്‍ ഈടാക്കിയിരുന്ന സീനിയറേജ് ഒഴിവാക്കിയതുള്‍പ്പെടെ തോട്ടങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ ചില നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്.
കേരളബാങ്കില്‍ നിന്ന് തോട്ടങ്ങള്‍ക്ക് വായ്പാസൗകര്യം ലഭ്യമാക്കുക, കേരളത്തിലെ തോട്ടങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന തേയില സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മുഖേന സംഭരിക്കുക, ഉല്‍പ്പാദനചെലവിന് അനുസൃതമായ താങ്ങുവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ തോട്ടം ഉടമകള്‍ ഉന്നയിച്ചു. ഇക്കാര്യങ്ങള്‍ ഗവണ്‍മെന്‍റ് വിശദമായി ചര്‍ച്ചചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. ഓരോ തോട്ടത്തിന്‍റെയും അവസ്ഥ കണക്കിലെടുത്തുകൊണ്ട് തോട്ടം മേഖലയുടെ നിലനില്‍പ്പിനാവശ്യമായ നിലപാടില്‍ ബന്ധപ്പെട്ടവര്‍ എത്തണം.
തൊഴിലാളികളുടെ വേതനം ഉറപ്പുവരുത്തുക എന്നത് പരമപ്രധാനമാണ്. തൊഴിലാളികളാണ് ഏത് വ്യവസായത്തിന്‍റെയും നട്ടെല്ല്. രാജ്യത്ത് തോട്ടം മേഖലയില്‍ ഏറ്റവും ഉയര്‍ന്ന വേതനം ലഭിക്കുന്നത് കേരളത്തിലാണ്. മിനിമം വേതനത്തില്‍ 2019 ജനുവരി ഒന്നു മുതല്‍ 52 രൂപയുടെ വര്‍ധനവ് വരുത്താന്‍ കഴിഞ്ഞു. പ്രയാസങ്ങള്‍ക്കിടയിലും തോട്ടം ഉടമകള്‍ ഇക്കാര്യത്തില്‍ സഹകരിച്ചു. കിട്ടുന്ന വേതനം കൊണ്ടുതന്നെ മുന്നോട്ടുപോകാനാവാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍. അവരുടെ വേതനം ഉറപ്പുവരുത്തുന്നത് വ്യവസായത്തിന്‍റെ നിലനില്‍പ്പിന് ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. തൊഴിലാളികളുടെ സംരക്ഷണത്തിന് തോട്ടമുടകളുടെ പൂര്‍ണസഹകരണം ഉണ്ടാകണം. ലോക്ഡൗണ്‍ കാലത്ത് പ്രതിസന്ധിയിലായ തോട്ടം തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആയിരം രൂപ വീതം ധനസഹായം നല്‍കിയിരുന്നു.
തൊഴില്‍വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജിത്ത് രാജന്‍, ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ്, കേരള പ്ലാന്‍റേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ ബി പി കരിയപ്പ, സെക്രട്ടറി ബി കെ അജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.