എല്ലാ ക്ഷേമനിധി അംഗങ്ങള്‍ക്കും കൊവിഡ്-19 ധനസഹായം നല്‍കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി. ആനുകൂല്യം അനുവദിക്കുന്നതിന് അനാവശ്യ നിബന്ധനകള്‍ ഏര്‍പ്പെടുത്തുക എന്ന നിലപാട് സര്‍ക്കാരിനില്ല . തൊഴിലാളികള്‍ക്ക് അര്‍ഹമായ ധനസഹായം ഈ മാസം 30 നുള്ളില്‍ കൊടുത്തു തീര്‍ക്കണമെന്നും മന്ത്രി വിവിധ ക്ഷേമനിധി ബോര്‍ഡ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. കൊവിഡ്-19മായി ബന്ധപ്പെട്ട് വിവിധ ബോര്‍ഡുകള്‍ക്ക് അനുവദിച്ച തുകയുടെ വിനിയോഗം സംബന്ധിച്ച് ലേബര്‍ കമ്മീഷണറേറ്റില്‍ വിളിച്ചു ചേര്‍ത്ത ക്ഷേമനിധി ബോര്‍ഡ് സിഇഓമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വന്തമായി സാമ്പത്തിക ശേഷിയുള്ള ബോര്‍ഡുകള്‍ അംഗങ്ങള്‍ക്ക് പരമാവധി സഹായം എത്തിക്കണം. സ്വന്തം ഫണ്ടില്ലാത്ത ബോര്‍ഡുകള്‍ ഒരു സഹായവും കിട്ടാത്ത അംഗ തൊഴിലാളികള്‍ക്ക് ചുരുങ്ങിയത് 1000 രൂപ നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനായി സര്‍ക്കാര്‍ എല്ലാ ബോര്‍ഡുകള്‍ക്കും തുക കൈമാറുകയും ചെയ്തിട്ടുണ്ട്.കൃത്യമായ രേഖകളില്ലാത്തതിനാല്‍ ചില തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച സാമ്പത്തിക സഹായം ലഭിക്കുന്നതില്‍ കാലതാമസമുണ്ടായിട്ടുണ്ട്. തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുകയെന്ന സര്‍ക്കാര്‍ നയം നടപ്പാക്കാന്‍ ബോര്‍ഡുകള്‍ നടപടി സ്വീകരിക്കണം. എല്ലാ ക്ഷേമനിധി ബോര്‍ഡുകളും ജൂണ്‍ 30ന് മുന്‍പ് തൊഴിലാളികളുടെ വിവര ശേഖരണം പൂര്‍ത്തിയാക്കണം. അതിന്‍റെയടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള തുക അടിയന്തരമായി നല്‍കണം. ബോര്‍ഡുകള്‍ തയാറാക്കുന്ന ഡാറ്റാ ലേബര്‍ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
ഏതെങ്കിലും ഒരു ക്ഷേമനിധി ബോര്‍ഡില്‍ മാത്രമേ തൊഴിലാളികള്‍ക്ക് അംഗത്വം എടുക്കാന്‍ കഴിയുകയുള്ളു. നിലവില്‍ ഒന്നിലേറെ ക്ഷേമനിധിയില്‍ അംഗത്വമുള്ള തൊഴിലാളികളുടെ വിവര ശേഖരണം നടത്തി അവരുടെ മുഖ്യ വരുമാന മാര്‍ഗ്ഗം ഏതാണെന്ന് കണ്ടെത്തി അതിനായുള്ള ക്ഷേമനിധിയില്‍ അംഗത്വം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഇരട്ടിപ്പ് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ക്കും ബോര്‍ഡ് തയാറാകണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഐഎഎസ്, തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എസ്.യു.രാജീവ്, തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ സെക്രട്ടറി എസ്.നിഷ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.