കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ധനസഹായ വിതരണ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനം  തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.
ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ ടേബിള്‍-1 വിഭാഗത്തില്‍പ്പെട്ട  സ്റ്റേജ് ക്യാരേജ്, കോണ്‍ട്രാക്ട് ക്യാരേജ് ബസ് തൊഴിലാളികള്‍ക്ക്  5000/- രൂപ വീതവും, ടേബിള്‍- 2 വിഭാഗത്തില്‍പ്പെട്ട ഗുഡ്‌സ് വെഹിക്കിള്‍ തൊഴിലാളികള്‍ക്ക്  3500/- രൂപ വീതവും, ടേബിള്‍-3 വിഭാഗത്തില്‍പ്പെട്ട ടാക്‌സി കാര്‍, ഒമ്‌നി വാന്‍ തൊഴിലാളികള്‍ക്ക് 2500/- രൂപ വീതവും  ടേബിള്‍-4 വിഭാഗത്തില്‍പ്പെട്ട   ആട്ടോറിക്ഷ, ട്രാക്ടര്‍ തൊഴിലാളികള്‍ക്ക് 2000/- രൂപ വീതവും കോവിഡ് 19 ധനസഹായമായി  വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നു. ഈ ധനസഹായ വിതരണം സുഗമമാക്കുന്നതിനായി സി-ഡിറ്റിന്റെ കൊച്ചി യൂണിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ്  ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമാക്കിയത്. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ ഡേറ്റാബേസ് തയ്യാറാക്കാനും കഴിയും.
സെക്രട്ടേറിയറ്റില്‍ മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ബോര്‍ഡ് ചെയര്‍മാന്‍ എം.എസ്.സ്‌കറിയ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി.സജീവ്കുമാര്‍, സി-ഡിറ്റ് രജിസ്ട്രാര്‍ ജയദേവ് ആനന്ദ്, എസ്‌ഐബി റീജണല്‍ മാനേജര്‍ രഞ്ജിത് ആര്‍.നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.