ഭാവി കേരളത്തിനായി നൈപുണ്യശേഷി വികസിപ്പിക്കുന്നതിനും പുതിയ തൊഴില്‍മേഖലകളുടെ സാധ്യതകള്‍ ആരായുന്നതിനും ശ്രമിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ വ്യവസായ-വാണിജ്യ-തൊഴില്‍ മേഖലയുടെ വികസനം സംബന്ധിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് കേരള ചാപ്റ്റര്‍ ഭാരവാഹികളുമായി നടത്തിയ വെബിനാര്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സമസ്ത മേഖലകളെയും പ്രതിസന്ധികളില്‍ നിന്ന് കൈപിടിച്ചുയര്‍ത്തി അതിജീവനത്തിന്റെ പാതയിലേക്ക് നയിക്കുകയെന്ന വലിയ ഉത്തരവാദിത്വമാണ് സര്‍ക്കാരിന് മുന്നിലുള്ളത്.വ്യവസായ-വാണിജ്യ-തൊഴില്‍-ഉല്‍പ്പാദനമേഖലകള്‍ സജീവമാക്കുകയും ശക്തിപ്പെടുത്തുകയും വേണം.പുനരുജ്ജീവനപദ്ധതികളിലൂടെ നിലവിലെ അവസ്ഥ മറികടക്കാനാണ്  ഗവണ്‍മെന്റിന്റെ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
നിലവിലുള്ള തൊഴിലും  വരുമാനവും സംരക്ഷിക്കുകയും, സമ്പദ്‌വ്യവസ്ഥക്ക് കരുത്തേകുന്നതിനുള്ള പുതിയ മാര്‍ഗങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യും. ഈ ദിശയിലുള്ള ആസൂത്രിതമായ ഇടപെടലാണ് കോവിഡിനുശേഷമുള്ള കാലത്തുണ്ടാകേണ്ടത്. നൈപുണ്യ വികസനം ലക്ഷ്യം വച്ച് സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. നിലവിലുള്ള തൊഴില്‍മേഖലയുടെ നിലനില്‍പ്പും ശാക്തീകരണവും, ഉല്‍പ്പാദനം വര്‍ധിപ്പിക്കല്‍, തൊഴിലിടങ്ങളിലെ സുരക്ഷിതത്വവും  തൊഴിലാളികളുടെ വേതനവും ആനുകൂല്യങ്ങളും ഉറപ്പുവരുത്തല്‍, തൊഴില്‍ നിയമങ്ങളുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങള്‍ മുന്‍നിര്‍ത്തി ഭാവി ആസൂത്രണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സംരംഭകര്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ പ്രോത്സാഹനവും നല്‍കും.തൊഴിലാളി-തൊഴിലുടമാ സൗഹൃദത്തില്‍ ഊന്നിനിന്നുകൊണ്ടുളള വ്യവസായാന്തരീക്ഷം സൃഷ്ടിക്കാന്‍ എല്ലാവരുടെയും സഹകരണത്തോടെ സര്‍ക്കാരിന് കഴിഞ്ഞു. ഇത് വ്യവസായ-തൊഴില്‍മേഖലയുടെ അഭിവൃദ്ധിക്ക് അടിസ്ഥാനമാകണം. പശ്ചാത്തലസൗകര്യവികസനത്തിലുണ്ടായ മുന്നേറ്റവും ഏറെ  അനുകൂലഘടകമാണ്. ഇവയെല്ലാം പരമാവധി പ്രയോജനപ്പെടുത്തി വ്യവസായാഭിവൃദ്ധി കൈവരിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ കൊണ്ടു വന്ന തൊഴില്‍ നയം വഴി കേരളത്തിലെ തൊഴില്‍-നിക്ഷേപ മേഖലകളില്‍ രൂപപ്പെട്ട ആരോഗ്യകരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ തൊഴിലാളികളും തൊഴിലുടമകളും സഹകരിച്ച് നീങ്ങണം.ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങുന്ന അനാവശ്യപ്രവണത തൊഴിലാളി യൂണിയനുകളുടെ സഹകരണത്തോടെ സര്‍ക്കാര്‍ അവസാനിപ്പിച്ചുകഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.  നാടിന് അനുയോജ്യമായ വ്യവസായങ്ങളെ ആകര്‍ഷിക്കാനും വ്യാവസായികാന്തരീക്ഷം ശക്തിപ്പെടുത്താനും വിപുലമായ പദ്ധതി ആവിഷ്‌കരിക്കും.  സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് 3434 കോടി രൂപയുടെ സഹായം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഉദ്പാദനവും വരുമാനവും വര്‍ധിപ്പിക്കണം. അതിനായി തൊഴിലാളികളും തൊഴിലുടമകളും അഭിപ്രായ സമന്വയം ഉണ്ടാക്കി മുന്നോട്ട് പോകണം. തൊഴിലാളികളുടെ ജീവിതം സംരക്ഷിക്കുകയെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിവരുന്ന പ്രവാസികളുടെ തൊഴില്‍പരമായ കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍  അവസരം ഒരുക്കേണ്ടതുണ്ട്. പ്രവാസികളില്‍ വിദഗ്ധ-അവിദഗ്ധ തൊഴിലാളികളുണ്ട്. ഇവരുടെ നൈപുണ്യശേഷി വികസിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനും പ്രത്യേക ഇടപെടല്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നൈപുണ്യ വികസനം ലക്ഷ്യമാക്കി വിവിധ നൈപുണ്യ വികസന കേന്ദ്രങ്ങളെയും സംയോജിപ്പിച്ച് സംസ്ഥാന നൈപുണ്യ വികസന മിഷനായി കേരളാ അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് -(കെയ്‌സ്)രൂപീകരിച്ചിട്ടുണ്ട്. തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍, കരിയര്‍ ഡവലപ്‌മെന്റ് സെന്റര്‍ മുതലായവയെല്ലാം നൈപുണ്യ വികസനത്തിനും കൂടുതല്‍ തൊവിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് പ്രവര്‍ത്തിക്കുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ തിരുവനന്തപുരം മാതൃകാജില്ലയായി എടുത്ത് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് പൂര്‍ത്തിയായി വരുന്നു. തൊഴിലുള്ളവരെത്ര, ജോലി ലഭിക്കാത്തവരെത്ര എന്നീ കണക്കുകള്‍ പരിശോധിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.പ്ലാന്റേഷന്‍ മേഖലയില്‍ സര്‍ക്കാര്‍ ഒരു പൊതുനയം എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി രൂപീകരിച്ചിട്ടുണ്ട്. ഇത് ഉടന്‍ പ്രഖ്യാപിക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. തോട്ടം മേഖലയില്‍ ഇടവിള കൃഷി അനുവദിക്കുന്നതു സംബന്ധിച്ച് സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് കേരള ചാപ്റ്റര്‍ ഭാരവാഹികളും ചാപ്റ്ററിന്റെ വിവിധ വ്യവസായ മേഖലാ പ്രതിനിദികളും വെബിനാറില്‍ സംബന്ധിച്ചു.