നാടിന് അനുയോജ്യമായ വ്യവസായങ്ങളെ ആകര്‍ഷിക്കുന്നതിനും വ്യാവസായിക അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. കൊവിഡ് പശ്ചാത്തലത്തില്‍ കേരളത്തിന്‍റെ തൊഴില്‍ മേഖലയുടെ വികസനം എന്ന വിഷയത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണല്‍ മാനേജ്മെന്‍റ് കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിലവിലുള്ള തൊഴിലും വരുമാനവും സംരക്ഷിക്കുകയും, സമ്പദ്വ്യവസ്ഥക്ക് കരുത്തേകുന്നതിനുള്ള പുതിയ മാര്‍ഗങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും വേണം. ഈ ദിശയിലുള്ള ആസൂത്രിതമായ ഇടപെടലാണ് കോവിഡിനുശേഷമുള്ള കാലം ആശ്യപ്പെടുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നൈപുണ്യശേഷി വികസിപ്പിക്കുകയും പുതിയ തൊഴില്‍മേഖലകളുടെ സാധ്യതകള്‍ ആരായുകയും ചെയ്യുംമെന്നും മന്ത്രി വ്യക്തമാക്കി. കൃഷി, വ്യവസായം, തൊഴില്‍, മൃഗസംരക്ഷണം, ഐടി, ഫിഷറീസ്, ടൂറിസം, വാണിജ്യം തുടങ്ങി വിവിധ മേഖലകളിലെ പ്രതിസന്ധികള്‍ മറികടക്കേണ്ടതുണ്ട്. കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിച്ച് ഭക്ഷ്യസ്വയംപര്യാപ്ത കൈവരിക്കുന്നതിന് സുഭിക്ഷകേരളം എന്ന പേരില്‍ 3860 കോടിയുടെ പദ്ധതി സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. കൃഷി, ക്ഷീരവികസനം, മൃഗസംരക്ഷണം, മത്സ്യകൃഷി തുടങ്ങിയവയില്‍ ഊന്നിനിന്നാണ് പദ്ധതി നടപ്പാക്കുക. ഭക്ഷ്യധാന്യങ്ങളുടെയും പച്ചക്കറി, പഴങ്ങള്‍ എന്നിവയുടെയും ഉല്‍പ്പാദനം വര്‍ധിപ്പിക്കണം. അതോടൊപ്പം കാര്‍ഷികാധിഷ്ഠിത മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനുള്ള നടപടികളും സ്വീകരിക്കും. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് 3434 കോടി രൂപയുടെ സഹായം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്ത്രീകള്‍, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍, യുവസംരംഭകര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണനല്‍കി സംരംഭകസഹായപദ്ധതികളും ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിവരുന്ന പ്രവാസികളുടെ തൊഴില്‍പരമായ കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ അവസരം ഒരുക്കേണ്ടതുണ്ട്. പ്രവാസികളില്‍ വിദഗ്ധ-അവിദഗ്ധ തൊഴിലാളികളുണ്ട്. ഇവരുടെ നൈപുണ്യശേഷി വികസിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനും പ്രത്യേക ഇടപെടല്‍ ഉണ്ടാകും. തോട്ടം മേഖലയില്‍ ഇടവിള അനുവദിക്കുന്ന കാര്യം സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി വ്യക്തമാക്കി.മേഖലയുടെ വികസനത്തിന് സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. തോട്ടം മേഖലയ്ക്ക് സഹായകമായി സീനിയറേജ് ഇതിനോടകം റദ്ദ് ചെയ്തിട്ടുണ്ട്. പ്ലാന്‍റേഷന്‍ നികുതിയും റദ്ദാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ നിയമപരമായ ചില നടപടികള്‍ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. തൊഴിലാളികളുടെ കൂലി കുറയ്ക്കുകയല്ല തോട്ടം മേഖലയുടെ വികസനത്തിന് ആവശ്യം. തൊഴിലാളികള്‍ക്കും ജീവിക്കാന്‍ കഴിയണം. ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും അതിന് വിപണി കണ്ടെത്തുകയും ചെയ്തുകൊണ്ട് മുന്നോട്ടുപോകണം. തൊഴിലാളികളും മാനേജ്മെന്‍റും പരസ്പര ധാരണയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ തോട്ടം മേഖല അഭിവൃദ്ധിപ്പെടുകയുള്ളൂ.
തോട്ടം മേഖലയില്‍ ഇന്‍കം സപ്പോര്‍ട്ട് സ്കീം കേരളത്തില്‍ ഉറപ്പാക്കുന്നതിന് ഉപയോഗിക്കുക പ്രായോഗിക ബുദ്ധിമുട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സ്കീമില്‍ ഇത് സംബന്ധിച്ച് ഒന്നും വ്യക്തമാക്കിയിട്ടില്ല. ഇത്തരം കാര്യങ്ങള്‍ കൂടി സ്കീമില്‍ ഉള്‍പ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെടും.
സാമ്പത്തിക, തൊഴില്‍, വ്യവസായ മേഖലകളിലെ പ്രത്യാഘാതങ്ങള്‍ നേരിട്ട് നവകേരളം കെട്ടിപ്പടുക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. തൊഴിലാളികളുടെ നൈപുണ്യ ശേഷി വികസിപ്പിച്ചും പുതിയ തൊഴില്‍ സാധ്യതകള്‍ ആരാഞ്ഞും കേരളത്തിന്‍റെ വികസനത്തിന് ആക്കം കൂട്ടാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്.
അതിഥി തൊഴിലാളികള്‍ കേരളത്തിന്‍റെ സാമ്പത്തിക ഘടനയുടെ വികസനത്തിന് ഏറെ പങ്കുവഹിച്ചിട്ടുണ്ട് കേരളത്തിലെ വ്യവസായ ശൃംഖലകളിലും അവരുടെ സാന്നിധ്യം ശ്രദ്ധേയമാണ്. അവരെ ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയണം. അതിഥി തൊഴിലാളികളെ നിര്‍ബന്ധിച്ച് മടക്കി അയയ്ക്കുക എന്നത് സര്‍ക്കാര്‍ നയമല്ല. ഇവിടെ തുടരാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികളെ നിലനിര്‍ത്തും. അവര്‍ക്ക് കേരളത്തിലെ തൊഴില്‍ നിയമങ്ങള്‍ അനുശാസിക്കുന്ന എല്ലാസംരക്ഷണവും നല്‍കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കഴിയാവുന്നത്ര അതിഥിതൊഴിലാളികളെ സംസ്ഥാനത്ത് നിലനിര്‍ത്തുന്നതിന് തൊഴിലുടമകളുമായും ചെറുകിട വ്യവസായികളുമായും കൂടിയാലോചന നടത്തുമെന്നും മന്ത്രി പറഞ്ഞു.മികച്ച തൊഴിലാളി-തൊഴിലുടമ സൗഹൃദ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഇതിനനുസരിച്ചുള്ള ഒരു തൊഴില്‍ നയം ആണ് കേരളം പുറത്തിറക്കിയിട്ടുള്ളത് . ഇതിനോടകം 45 മേഖലകളില്‍ മിനിമം വേതനം നടപ്പാക്കിക്കഴിഞ്ഞു. മിനിമം വേതനം മറ്റു മേഖലകളില്‍ കൂടി നടപ്പാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. തൊഴിലാളികളുടെ കൂലിയും തൊഴിലും സംരക്ഷിക്കുന്നതിന് സഹായകമായ എപ്പോഴാണ് നിലപാടാണ് കേരളം സ്വീകരിച്ചിട്ടുള്ളത്. എല്ലാ സ്ഥാപനങ്ങളിലും തൊഴിലാളി തൊഴിലുടമ സൗഹൃദ അന്തരീക്ഷം വളര്‍ത്തണം.ഇതിന് മാനേജ്മെന്‍റും തൊഴിലാളികളും തമ്മില്‍ പരസ്പര ധാരണ വേണം. യോജിപ്പിന്‍റെ അന്തരീക്ഷം ശക്തിപ്പെടുത്തി തൊഴില്‍ മേഖലയില്‍ സമാധാനത്തിന്‍റെ അന്തരീക്ഷം നിലനിര്‍ത്തുന്നതിന് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
തൊഴിലന്വേഷകരെയും തൊഴില്‍ദാതാക്കളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് ഇന്‍റര്‍നെറ്റ് ആപ്ലിക്കേഷന്‍ വഴി തന്നെ കൂടിക്കാഴ്ച നടത്തി ആവശ്യമുള്ള മേഖലകളില്‍ നിയമനം നടത്തുന്നതിന് കെയ്സ് മുഖേന സ്റ്റേറ്റ് ജോബ് പോര്‍ടല്‍ രൂപീകരിച്ചിട്ടുണ്ട്. ജോബ് പോര്‍ടലില്‍ ഇരുകൂട്ടര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. വീട്ടുപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കും മറ്റ് ദൈനംദിന ജോലികള്‍ക്കുമായി തൊഴിലാളികളെ ലഭ്യമാക്കുന്നതിന് സ്കില്‍ രജിസ്ട്രി എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ നിലവിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വെബിനാറില്‍ മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍റ് എം.തോമസ് കടവന്‍ ഉള്‍പ്പെടെയുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണല്‍ മാനേജ്മെന്‍റ് കേരള ചാപ്റ്റര്‍ ഭാരവാഹികള്‍ പങ്കെടുത്തു.