നിര്‍മാണ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുറപ്പാക്കി കേരളത്തിന്റെ തൊഴില്‍ മേഖല സജീവമാക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. കോവിഡ് അനന്തര കേരളത്തിന്റെ തൊഴില്‍-നൈപുണ്യ വികസന സാധ്യതകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.നിര്‍മാണ മേഖലയില്‍ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. നിലവില്‍ നിര്‍മാണ സാമഗ്രികള്‍ കിട്ടുന്നതിലുള്ള കുറവ് മേഖലയിലെ ഗൗരവമായ പ്രശ്നമാണ്. ഇതിന് അടിയന്തര പരിഹാരം കാണണമെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. കരിങ്കല്‍ ക്വാറികളുടെ ഖനനങ്ങള്‍, ചെറുകിട ക്വാറികളുടെ പ്രവര്‍ത്തനം എന്നിവ നിലച്ചതിനാലും ചെങ്കല്ലും മണലും ലഭ്യമാകുന്നതുമുള്‍പ്പെടെ  ഇന്ന് അനുഭവപ്പെട്ടിരിക്കുന്ന തടസങ്ങള്‍ അതിവേഗം നീക്കണ്ടേതുണ്ട് എന്നതാണ് സര്‍ക്കാരിന്റെ പൊതുവായ നിലപാട്. ഈ സാഹചര്യങ്ങള്‍ മാറ്റി അവസരങ്ങള്‍ ഉപയോഗിക്കുമ്പോള്‍ തൊഴില്‍മേഖല  കൂടുതല്‍ സജീവമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.പുതിയ നൈപുണ്യ വികസനത്തിനുള്ള സാധ്യതകള്‍ വലുതാണ്. ചവറയിലെ ഐഐഐസി തൊഴില്‍ നൈപുണ്യ വികസന രംഗത്ത് പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഇത് പുതിയ സാഹചര്യത്തിനനുസരിച്ച് മാറ്റുകയും അത്തരത്തിലുള്ള ശേഷി ഉപയോഗിക്കാനും അതിനനുസരിച്ച് സ്‌കില്ലിംഗ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താനുമുള്ള നടപടികളിലേക്ക് പോകേണ്ടതുണ്ട്. കൊല്ലത്ത്  ചാത്തന്നൂരില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ടുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് സ്‌കില്‍ ഡവലപ്മെന്റിന്റെ ആധുനീക സാധ്യതകള്‍ക്കനുസരിച്ച് രൂപപ്പെടുത്തും. അവിടെ കണ്‍സ്ട്രക്ഷന്‍ അക്കാദമി എന്ന നിലയിലാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്. ഭാവി തൊഴില്‍ സാധ്യതകള്‍ക്കും ആവശ്യങ്ങള്‍ക്കും  ഉപയോഗിക്കാന്‍ കഴിയുന്ന വിധം സ്ഥാപനം രൂപപ്പെടുത്തും.
കോവിഡിനെ തുടര്‍ന്ന് കേരളം അനുഭവിക്കുന്ന പ്രശ്നം തൊഴിലില്ലായ്മയാണ്.  തൊഴില്‍ മേഖല ഇല്ലാതായതിനൊപ്പം സര്‍ക്കാരിന്റെ വരുമാനത്തിലെ ഇടിവും കാര്‍ഷിക മേഖല പ്രതിസന്ധിയുമൊക്കെ നേരിടേണ്ടതുണ്ട്.കേരളം സ്വയം പര്യാപ്തത നേടുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത നേടുന്നതിന് എല്ലാവരും മുന്‍കൈയ്യെടുക്കണമെന്ന് മന്ത്രി പറഞ്ഞു. എല്ലാവരും കൃഷിയിലേക്ക് എന്ന നില സ്വീകരിച്ച് പുരയിടകൃഷി മുതല്‍ തരിശായി കിടക്കുന്ന എല്ലാ സ്ഥലങ്ങളും കൃഷിയോഗ്യമാക്കുന്നതിനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് കേരളത്തില്‍ ഒരു കോടി വൃക്ഷ തൈകള്‍ നട്ടു പിടിപ്പിപ്പിക്കാന്‍ കഴിയത്തക്ക നിലയില്‍ ഉള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന നാനാതരം പ്രശ്നങ്ങള്‍ക്ക് പരിഹാരമുറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിര്‍മാണ മേഖലയില്‍ ഒഴിച്ചുകൂടാനാകാത്ത ശക്തിയിയിരുന്ന അതിഥി തൊഴിലാളികള്‍ വലിയ വിഭാഗം അവരുടെ നാടുകളിലേക്ക് തിരിച്ചു പോകുന്നുണ്ട്.  ഈ വിടവ് എങ്ങിനെ പരിഹരിച്ച് കേരളത്തിന്റെ തൊഴില്‍മേഖലയുടെ വികസനം സാധ്യമാക്കാം എന്ന് ചിന്തിക്കേണ്ടതുണ്ട്. കേരളത്തില്‍ തൊഴിലുടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേരള സര്‍ക്കാര്‍  നാനാ വിധ പ്രവര്‍ത്തനങ്ങളിലൂടെ സംരക്ഷിച്ചിട്ടുണ്ട്. ആവാസ് അഷ്വറന്‍സ് പദ്ധതിയുള്‍പ്പെടെ അവര്‍ക്കായി നടപ്പാക്കുന്നതിനും കേരളത്തിലെ തൊഴിലാളികളുടെ എല്ലാ നിയമങ്ങളുടെയും സംരക്ഷണവും അവര്‍ക്ക് ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ ശ്രദ്ധച്ചിട്ടുണ്ട്. നിര്‍ബന്ധിച്ച് അതിഥി തൊഴിലാളികളെ മടക്കി അയയ്ക്കുക എന്നത് സര്‍ക്കാരിന്റെ നയമല്ല. അവര്‍ക്ക് ഇപ്പോഴും കേരളത്തില്‍ സുരക്ഷിതത്വമുണ്ട്. ഇവിടെ നില്‍ക്കാന്‍ തയാറുള്ളവരെ നിലനിര്‍ത്തും. തൊഴില്‍മേഖലയില്‍ അവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുമെന്നും മന്ത്രി പറഞ്ഞു.നോക്കുന്ന കേരളീയരായ തൊഴിലാളികളുടെ കഴിവ് ലോകം ശ്രദ്ധിച്ചിട്ടുള്ളതാണ്. ലോകത്തെ നിര്‍മാണ പ്രക്രിയയിലും  വികസന മേഖലയിലുള്‍പ്പെടെ കേരളീയരുടെ പങ്ക് വലുതാണ്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പ്രവാസി മലയാളികള്‍ മടങ്ങി വരുമ്പോള്‍ കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് അവരുടെ സാധ്യതകള്‍ എത്രത്തോളം ഉപയോഗപ്പെടുത്താമെന്ന് സര്‍ക്കാര്‍ പരിശോധിക്കും. അവരുടെ നൈപുണ്യ ശേഷി കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള നിലപാടുകൂടി സ്വീകരിച്ചാല്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ മടങ്ങിപ്പോക്കു മൂലം തൊഴില്‍ മേഖലയില്‍ ഉണ്ടായി വരുന്ന വിടവിന് പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.നൈപുണ്യ വികസനത്തിന് ആധുനിക സാങ്കേതക വിദ്യകള്‍കൂടി ഉപയോഗപ്പെടുത്തിയുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനനുസരിച്ച് കേരളത്തിലെ ഐടിഐകള്‍ പുന:സംവിധാനം ചെയ്യും. അതിനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. സ്‌കില്‍ എക്ചേഞ്ച് പരിപാടി ഫലപ്രദമാക്കിയും വിപുലപ്പെടുത്തിയും ലോകത്തിന്റെ എല്ലാ സാധ്യകളും ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.പുതിയ നൈപുണ്യ വികസനത്തിന്റെ സാധ്യതകള്‍ വലുതാണ്. ഇതിന്റെ ഭാഗമായി തൊഴില്‍ വകുപ്പ് നൈപുണ്യ വികസന മിഷനായ  കേരളാ അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ് (കെയ്സ് ) വഴി  സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്ളിക്കേഷന്‍ ആരംഭിച്ചിട്ടുണ്ട്. വീട്ടിലെ ദൈനം ദിന ആവശ്യങ്ങള്‍ക്ക് വിദഗ്ധ തൊഴിലാളികളെ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.ടെക്നീഷ്യന്‍,ഡ്രൈവര്‍, പ്ലംബര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ തൊഴിലാളികളെ ഉടനടി ലഭ്യമാകുന്ന വിധത്തില്‍ രൂപപ്പെടുത്തിയിട്ടുള്ളതാണ് സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പെന്നും മന്ത്രി പറഞ്ഞു.കേരളത്തിന്റെ കോവിഡാനന്തര വികസന കാഴ്ചപ്പാട് ചര്‍ച്ച ചെയ്യുമ്പോള്‍ ഉദ്പാദന-സേവന മേഖലയിലെ വസ്തുതകള്‍ കൂടിവിലയിരുത്തപ്പെടേണ്ടതുണ്ട്. സൂ്ഷ്മ, ചെറുകിട, ഇടത്തരം സംരഭങ്ങള്‍ക്ക് കേരള വികസനത്തില്‍ ഏറെ പങ്കു വഹിക്കാനുണ്ട്. ഈ മേഖലകളില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള ശക്തമായ ഇടപെടല്‍ പ്രധാനമാണ്. സംഘടിത, അസംഘടിത, പരമ്പരാഗത മേഖലയെയുള്‍പ്പെടെ മുന്‍നിര്‍ത്തി വേണം ഭാവി കേരളത്തിന്റെ പ്രശ്ന പരിഹാരത്തിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്. പുതിയ സാഹചര്യമനുസരിച്ച് നൈപുണ്യ വികസനം ലഭ്യമാക്കി ഉദ്പാദന പ്രക്രിയ വര്‍ധിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജീത് രാജന്‍ മുഖ്യപ്രഭാഷണം നടത്തി. പ്ലാനിംഗ് ബോര്‍ഡംഗം ഡോ.രവിരാമന്‍, യുഎല്‍സിസിഎസ് ചെയര്‍മാന്‍ രമേശന്‍ പലേരി, യുഎല്‍സിസിഎസ് വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ ഡോ.ടി.പി.സേതുമാധവന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വെബിനാറില്‍ സംവദിച്ചു