ലോകമാകെ കോവിഡ് 19 മഹാമാരിക്കുമുമ്പില്‍ പകച്ചുനില്‍ക്കുന്ന അസാധാരണമായ സാഹചര്യത്തിലാണ് തൊഴിലാളിവര്‍ഗം മെയ്ദിനമാചരിക്കുന്നത്. മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും കടന്നാക്രമണങ്ങളും, കടുത്ത  പ്രതിസന്ധിഘട്ടങ്ങളും അതിജീവിച്ച അനുഭവങ്ങള്‍  പകര്‍ന്നുനല്‍കുന്ന ആത്മവിശ്വാസത്തോടെ കൊറോണ  വൈറസ് ബാധയും അതിന്റെ ഗുരുതരവും സങ്കീര്‍ണവുമായ പ്രത്യാഘാതങ്ങളെയും മറികടക്കാന്‍ ഈ സാര്‍വദേശീയതൊഴിലാളിദിനം തൊഴിലാളിവര്‍ഗത്തിന് കരുത്തുപകരട്ടെയെന്ന് ആശംസിക്കുന്നു.ഇതേവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു ദുരന്തഘട്ടത്തിലൂടെയാണ് മാനവരാശി കടന്നുപോകുന്നത്. ശാസ്ത്ര-സാങ്കേതികവൈദഗ്ധ്യത്തിലും സാമ്പത്തികഭദ്രതയിലും ആയുധശേഷിയിലും അടിസ്ഥാന സൗകര്യങ്ങളിലും തങ്ങളെ വെല്ലാന്‍ ആരുമില്ലെന്ന് മേനി നടിച്ചിരുന്ന വികസിത മുതലാളിത്ത രാഷ്ട്രങ്ങള്‍ കൊറോണ വൈറസ് ബാധയെ നേരിടാനാവാതെ നിസ്സഹായതയോടെ നില്‍ക്കുകയാണ്. ഇതിനകം രണ്ടു ലക്ഷത്തിലധികം മനുഷ്യജീവന്‍ കവര്‍ന്നെടുത്ത കോവിഡ് 32 ലക്ഷത്തോളം  പേരിലേക്ക് പടര്‍ന്നിരിക്കുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. വന്‍കിട മുതലാളിത്തരാഷ്ട്രങ്ങള്‍ കോവിഡ് വൈറസ് ബാധയെ നിസ്സാരമായി കണ്ടതിന്റെ ദുരന്തമാണ്  ആ രാജ്യങ്ങളിലെ ജനങ്ങള്‍ അനുഭവിക്കേണ്ടിവന്നിരിക്കുന്നത്.   അതേസമയം  സോഷ്യലിസ്റ്റ് പാത സ്വീകരിക്കുകയും മാനവികത ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന രാഷ്ട്രങ്ങളുടെ അനുഭവം വ്യത്യസ്തമാണ്. കോവിഡ് ദുരന്തത്തിന്റെ പ്രത്യാഘാതങ്ങളെ ജനകീയസഹകരണത്തോടെ ലഘൂകരിക്കാനും അതിജീവനത്തിന്റെ പാതയിലേക്ക് കടക്കാനും അത്തരം രാജ്യങ്ങള്‍ ക്ക് കഴിയുന്നു എന്നത് ആശ്വാസകരമാണ്. ജനപക്ഷത്തുനില്‍ക്കുന്ന ഒരു ഭരണസംവിധാനത്തിന് മഹാമാരിയെ പ്രതിരോധിക്കാനും ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനും കഴിയുമെന്ന് തെളിയിച്ച് കേരളവും ലോകത്തിനുമുമ്പില്‍ മഹത്തായ മാതൃകയായി മാറിയിരിക്കുന്നു.
കോവിഡ് 19 സൃഷ്ടിച്ച പ്രത്യാഘാതങ്ങളുടെ ദുരന്തം ഏറ്റവും വലിയ തോതില്‍ നേരിടേണ്ടിവരുന്നവരാണ് തൊഴിലാളികള്‍. ലോകമെങ്ങും ഉല്‍പ്പാദന-സേവന-വിതരണ-ഗതാഗത-വ്യാപാര-വാണിജ്യ മേഖലകള്‍ പാടേ  നിശ്ചലമാണ്. ആഗോളവിപണി ചലനമറ്റുകിടക്കുന്നു. സാമൂഹിക ജീവിതം തീര്‍ത്തും അസാധ്യമായതിനെ തുടര്‍ന്ന് ആഗോള തൊഴില്‍മേഖലയിലുണ്ടായ പ്രതിസന്ധിയുടെ ആഴം ഇനിയും വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തികതകര്‍ച്ചയിലേക്കാണ് ലോകം നീങ്ങുന്നത്. കോവിഡിനു ശേഷമുള്ള ലോകം എങ്ങിനെയായിരിക്കുമെന്ന ആശങ്ക ശക്തമായി നിലനില്‍ക്കുന്നു. തൊഴിലും ഉപജീവനമാര്‍ഗങ്ങളും നഷ്ടപ്പെട്ടവരും ഇന്നല്ലെങ്കില്‍ നാളെ തൊഴിലും ജീവനോപാധികളും ഇല്ലാതാകുമോയെന്ന ആശങ്കയില്‍ കഴിയുന്നവരുമാണ് ലോകത്തെങ്ങുമുള്ളത്. നവഉദാരവത്കരണനയങ്ങളുടെ ഭാഗമായി രൂപപ്പെട്ട് പടിപടിയായി ജനങ്ങളെ അരക്ഷിതാവസ്ഥയിലാക്കിയ  സാമ്പത്തികപ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നു ലോകസാഹചര്യങ്ങള്‍ വ്യക്തമാക്കുന്നു. ഉല്‍പ്പാദനമേഖലയിലെ മുരടിപ്പ്, വരുമാനം ഇല്ലാതാകല്‍, സ്ഥാപനങ്ങള്‍ പൂട്ടിപ്പോകല്‍, ഭക്ഷ്യക്ഷാമം തുടങ്ങി സങ്കീര്‍ണമായ സാഹചര്യങ്ങളിലേക്കാണ് ലോകം നീങ്ങുന്നത്. കോവിഡ് പ്രതിസന്ധിയുടെ മറവില്‍ വേതനവും ആനുകൂല്യങ്ങളും വെട്ടിക്കുറക്കാനും  പിരിച്ചുവിടല്‍, തൊഴില്‍നിയമങ്ങളുടെ നഗ്‌നമായ ലംഘനം തുടങ്ങിയ തൊഴിലാളിവിരുദ്ധനടപടികള്‍  അടിച്ചേല്‍പ്പിക്കാനും സ്വാഭാവികമായ നീക്കങ്ങളുമുണ്ടാകും. തൊഴില്‍സമയം 12 മണിക്കൂറായി വര്‍ധിപ്പിക്കാനുള്ള കേന്ദ്രഗവണ്‍മെന്റിന്റെ നടപടി  ഈ തൊഴിലാളിവിരുദ്ധനിലപാടിന്റെ ഒടുവിലത്തെ തെളിവാണ്.  ബിജെപി ഗവണ്‍മെന്റ് രണ്ടാമതും അധികാരത്തിലെത്തിയതോടെ തൊഴിലാളിവിരുദ്ധനടപടികള്‍ കൂടുതല്‍ തീവ്രമാക്കുകയും കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി തൊഴില്‍നിയമങ്ങള്‍ പൊളിച്ചെഴുതുകയും ചെയ്തുവരികയായിരുന്നു എന്നതും മറന്നുകൂട. കോവിഡ് പ്രതിരോധത്തിനും അതിജീവനത്തിന്റെ പാതയിലേക്ക് സമൂഹത്തെ നയിക്കുന്നതിനുമൊപ്പം ഈ ജനവിരുദ്ധ-തൊഴിലാളിദ്രോഹനയങ്ങളെ ചെറുക്കുകയെന്ന ദൗത്യം കൂടി തൊഴിലാളികള്‍ക്ക് ഏറ്റെടുക്കേണ്ടിവരും.ആഗോളതലത്തില്‍ തൊഴില്‍രംഗത്ത് രൂപപ്പെട്ട അനിശ്ചിതാവസ്ഥയും തൊഴില്‍നഷ്ടവും നമ്മുടെ സംസ്ഥാനത്തും വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നതില്‍ സംശയമില്ല. പരമ്പരാഗതവ്യവസായങ്ങള്‍ ഉള്‍പ്പെടെ ഉല്‍പ്പാദനമേഖലയിലെ പ്രതിസന്ധി, മടങ്ങിയെത്തുന്ന പ്രവാസികള്‍, തൊഴില്‍രംഗത്ത് അവര്‍ അനുഭവിക്കേണ്ടിവരുന്ന അനിശ്ചിതാവസ്ഥ, അതിഥിതൊഴിലാളികളുടെ തിരിച്ചുപോക്ക് സൃഷ്ടിക്കാവുന്ന വിടവ്, വര്‍ഷംതോറും ഉയരുന്ന തൊഴിലന്വേഷകരുടെ എണ്ണം തുടങ്ങി വലിയ പ്രതിസന്ധിയാണ് കേരളം  അഭിമുഖീകരിക്കാന്‍ പോകുന്നത്. നിപ, ഓഖി, രണ്ടു വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നേരിടേണ്ടിവന്ന പ്രകൃതിദുരന്തങ്ങള്‍ എന്നിവ അതിജീവിച്ചതുപോലെ ബഹുജനങ്ങളുടെയാകെ സഹകരണത്തോടെ  ഈ പ്രതിസന്ധിഘട്ടത്തെയും അതിജീവിക്കാനാവുമെന്ന ആത്മവിശ്വാസമാണ് കേരളത്തിന്റെ ഏറ്റവും വലിയ കൈമുതല്‍.
ലോകമാതൃകയായി മാറിയ കോവിഡ് പ്രതിരോധത്തിനൊപ്പം ഈ പ്രതിസന്ധികള്‍ അതിജീവിക്കുന്നതിന്  സുദീര്‍ഘമായ പുനരുജ്ജീവനപദ്ധതികള്‍ നടപ്പാക്കി നാടിനെ മുന്നോട്ട് നയിക്കാനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുള്ളത്. തൊഴില്‍മേഖലയുടെയും ഉല്‍പ്പാദനമേഖലയുടെയും സംരക്ഷണത്തിന് പ്രത്യേക പാക്കേജുകള്‍ ആവിഷ്‌കരിക്കുകയാണ് പ്രധാനം.  തൊഴില്‍മേഖലയുടെ സംരക്ഷണത്തിനും  തൊഴിലാളികളുടെ അവകാശങ്ങളും സാമൂഹികസുരക്ഷയും ഉറപ്പുവരുത്തുന്നതിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. പിണറായി വിജയന്‍ സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന സന്ദര്‍ഭമാണിത്. നാലുവര്‍ഷത്തിനിടയില്‍ ജനക്ഷേമ-തൊഴിലാളിപക്ഷ ബദല്‍നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തിനാകെ കേരളം മാതൃകയായി മാറി. കേരളത്തെ തൊഴില്‍സൗഹൃദ-നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി മാറ്റിയത് ഇക്കാലത്തെ ഏറ്റവും അഭിമാനകരമായ അനുഭവങ്ങളിലൊന്നാണ്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും നിക്ഷേപകരുടെയും സഹകരണത്തോടെ ഉല്‍പ്പാദന-തൊഴില്‍മേഖലകളില്‍ കേരളം കൈവരിച്ച ഈ മികച്ച അന്തരീക്ഷം നഷ്ടപ്പെടാതിരിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക ഊന്നല്‍ നല്‍കും. തൊഴിലും തൊഴിലവകാശങ്ങളും സംരക്ഷിക്കാനും തൊഴില്‍മേഖലയുടെ വളര്‍ച്ച ഉറപ്പാക്കാനും സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും.  കോവിഡ് രോഗബാധയും ലോക്ഡൗണും സൃഷ്ടിച്ച ഗുരുതരമായ  പ്രതിസന്ധി മറികടക്കുന്നതിന് തൊഴിലാളികളും തൊഴിലുടമകളും പരസ്പരസഹകരണത്തോടെ പ്രവര്‍ത്തിക്കുക എന്നതും പ്രധാനമാണ്.
തൊഴിലാളികളുടെയും കുടുംബത്തിന്റെയും സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് ഫലപ്രദമായ നടപടികളാണ് നാലുവര്‍ഷമായി എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.  ലോക്ഡൗണിനെതുടര്‍ന്ന് തൊഴില്‍ മേഖല നിശ്ചലമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്നതിന് വിവിധ ക്ഷേമനിധികള്‍ മുഖേന ധനസഹായം അനുവദിച്ചത് ഈ നിലപാടിന്റെ ഭാഗമായാണ്.  75 ലക്ഷത്തോളം തൊഴിലാളികള്‍ക്കായി ആയിരം കോടിയിലധികം രൂപ  ഇതിനകം അനുവദിച്ചുകഴിഞ്ഞു. ഒരു ക്ഷേമനിധിയിലും  അംഗത്വമില്ലാത്ത ദാരിദ്ര്യരേഖക്കു താഴെയുള്ള തൊഴിലാളികള്‍ക്കും ആയിരം രൂപ വീതം സഹായം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ലോക്ഡൗണിനെതുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ അകപ്പെട്ട അതിഥി തൊഴിലാളികള്‍ക്കായി കേരളം സ്വീകരിച്ച സംരക്ഷണനടപടികള്‍ രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ചു.  എല്ലാ  ജില്ലകളിലുമായി അതിഥി തൊഴിലാളികള്‍ക്കായി ഇരുപതിനായിരത്തിലധികം ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 3.61 ലക്ഷം അതിഥി തൊഴിലാളികളാണ് ഈ ക്യാമ്പുകളില്‍ സുരക്ഷിതരായി കഴിയുന്നത്.
കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിച്ച് ഭക്ഷ്യരംഗത്ത് സ്വയംപര്യാപത ആര്‍ജ്ജിക്കുക എന്നതാണ് ഈ പ്രതിസന്ധിയെ മറികടക്കുന്നതിന് കേരളം   ഏറ്റെടുക്കാന്‍ പോകുന്ന ഏറ്റവും പ്രധാന ദൗത്യം. സംസ്ഥാനത്ത് തരിശായി കിടക്കുന്ന മുഴുവന്‍ ഭൂമിയും അനുയോജ്യമായ മറ്റു സ്ഥലങ്ങളും ഉപയോഗപ്പെടുത്തി നമുക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളും പച്ചക്കറിയും പഴവര്‍ഗങ്ങളും ഉല്‍പ്പാദിപ്പിക്കുന്നതിന് രംഗത്തിറങ്ങാന്‍ എല്ലാ തൊഴിലാളികളോടും അഭ്യര്‍ഥിക്കുന്നു.കേരളം അഭിമുഖീകരിക്കുന്ന സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പരമാവധി സംഭാവന നല്‍കാന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചത്. മാതൃകാപരവും വൈകാരികവുമായ പിന്തുണയാണ് കേരളജനത ഈ ആഹ്വാനത്തിന് നല്‍കിവരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിയാവുന്ന സംഭാവന നല്‍കാന്‍ മുഴുവന്‍ തൊഴിലാളികളും മുന്നോട്ടുവരണം.ഗുരുതരമായ പ്രതിസന്ധി നേരിടുകയാണെങ്കിലും നമ്മുടെ തൊഴിലാളികള്‍ സമൂഹത്തില്‍  കടുത്ത വിഷമങ്ങളനുഭവിക്കുന്നവര്‍ക്ക് തണലേകാന്‍ മുന്നില്‍ നില്‍ക്കുന്നു എന്നത് ഏറെ അഭിമാനകരമാണ്. വിവാദങ്ങള്‍ സൃഷ്ടിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവരെ തുറന്നുകാട്ടാനും ഒറ്റപ്പെടുത്താനും തൊഴിലാളികള്‍ക്ക് കഴിയണം. കോവിഡ് വൈറസിനെതിരായി സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന  പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുമെന്നും ഈ പ്രതിസന്ധിയുടെ കടുത്ത പ്രത്യാഘാതങ്ങളെ അതിജീവിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച  പദ്ധതികള്‍ വിജയിപ്പിക്കുമെന്നും ഓരോ തൊഴിലാളിയും പ്രതിജ്ഞയെടുക്കണം. മാരകമായ വിപത്തില്‍ നിന്ന് ജനങ്ങള്‍ക്ക് രക്ഷാകവചം തീര്‍ക്കാനായി  ആത്മത്യാഗസന്നദ്ധതയോടെ അഹോരാത്രം പൊരുതുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും പാരാമെഡിക്കല്‍ ജീവനക്കാരും ആശാവര്‍ക്കര്‍മാരും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ ഈ മെയ്ദിനത്തില്‍  അഭിവാദ്യം ചെയ്യുന്നു. ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍  കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളെയും ജീവനക്കാരെയും സന്നദ്ധപ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു.
എല്ലാവര്‍ക്കും മെയ്ദിന ആശംസകള്‍.