തൊഴിലും നൈപുണ്യവും വകുപ്പിന്റെയും എക്‌സൈസും വകുപ്പിന്റെയും ഓഫീസ് കോമ്പൗണ്ടുകളിലും മറ്റും കൃഷി ഇറക്കും.വകുപ്പുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളിലെ തരിശു ഭൂമികളിലും അനുയോജ്യമായ മറ്റിടങ്ങളിലും കൃഷി ചെയ്യുന്നതിന് തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിര്‍ദേശ പ്രകാരം ബന്ധപ്പെട്ട വകുപ്പുകള്‍ ഉത്തരവ് പുറപ്പെടുവിച്ചു.കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഭക്ഷ്യോത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് സര്‍ക്കാര്‍ , പൊതുമേഖലാ സ്ഥാപനങ്ങളില്‍ ലഭ്യമായ തരിശുഭൂമിയിലും അനുയോജ്യമായ മറ്റിടങ്ങളിലും വ്യാപകമായി കൃഷി ആരംഭിക്കുന്നതിന്  സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലും എക്‌സൈസ് വകുപ്പിനു കീഴിലും ഉള്ള ഓഫീസുകളിലും സ്ഥാപനങ്ങളിലും ലഭ്യമായ ഇടങ്ങളില്‍ പച്ചക്കറി കൃഷി ഉള്‍പ്പെടെ നടത്തുന്നതിന് നിര്‍ദേശിച്ചതെന്ന് മന്ത്രി അറിയിച്ചു. ജില്ലകളില്‍ ബന്ധപ്പെട്ട ഏതൊക്കെ ഓഫീസുകളില്‍ ചെറുതും വലുതുമായ വിധത്തില്‍ പച്ചക്കറി കൃഷി നടത്താമെന്ന് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ വകുപ്പു മേധാവികള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ആവശ്യമായ മറ്റ് സഹായങ്ങള്‍ കൃഷി വകുപ്പുമായി ബന്ധപ്പെട്ട് ഉറപ്പാക്കുകയും വേണം.കേരളത്തിന്റെ ഭാവി ചെറുകിട വ്യവസായത്തിന്റെ നിലനില്‍പ്പിലും ഉദ്പാദന മേഖലയുടെ വളര്‍ച്ചയിലും : മന്ത്രി ടി.പി.രാമകൃഷ്ണന്‍ കേരളത്തിന്റെ ഭാവി ചെറുകിട വ്യവസായത്തിന്റെ നിലനില്‍പ്പിലും ചെറുകിട വ്യവസായ മേഖലയിലെ ഉദ്പാദന മേഖലയുടെ വളര്‍ചയിലുമാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. ചെറുകിട വ്യവസായ മേഖലയുടെ വളര്‍ച്ചയാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സഹായകമാകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന ചെറുകിട വ്യവസായ  അസോസിയേഷന്‍ പ്രതിനിധികളുമായി അസാപ്പിന്റെ ന വെബിനാര്‍ പ്ലാറ്റ് ഫാറം ഉപയോഗപ്പെടുത്തി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.  കേരളത്തിന്റെ ആവശ്യം നിറവേറ്റുന്ന സമീപനത്തിലേക്ക് പോകാന്‍ ഏവരും ഒന്നിച്ചു പ്രവര്‍ത്തിക്കണം. പ്രതിസന്ധികളെ അതിജീവിക്കാന്‍ ഒന്നിച്ചു മുന്നോട്ട് പോകണമെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ പൊതുധാരണ ഉണ്ടാകണമെന്ന് ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. അവരുടെ നിലനില്‍പ്പിന് സഹായകമായ പരിഗണന വേണം. തൊഴിലും വരുമാനവുമില്ല എന്ന അവസ്ഥയിലാണ് തൊഴിലാളികള്‍. അതു ലഘൂകരിക്കാന്‍ പരസ്പ്പരം കൂടിയാലോചന വേണം. സര്‍ക്കാര്‍ നിലപാട് തൊഴിലാളികള്‍ക്ക് കൂലിയും ജോലിയും സംരക്ഷിക്കണം എന്നതാണ്. അതിനുള്ള ഉത്തരവുകളാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.ഒരു തൊഴില്‍ ഉടമയെയും അനാവശ്യമായി ബുദ്ധിമുട്ടിക്കാന്‍ പാടില്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മന്ത്രി പറഞ്ഞു.ഏതെങ്കിലും വകുപ്പുകള്‍ മനപ്പൂര്‍വ്വമോ പ്രതികാര നടപടിയായോ  ദുരുദ്ദേശപരമായോ അനാവശ്യനടപടി സ്വീകരിക്കാന്‍ പാടില്ല. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാവകാശം നല്‍കണമെന്നതാണ് തൊഴില്‍ വകുപ്പിന്റെ പൊതുവായ നിലപാട്.  ഉദ്പാദനമേഖല സ്തംഭിപ്പിക്കുന്നതിന് പകരം ഉദ്പാദനം വികസിപ്പിക്കാന്‍ നിലപാടെടുക്കണം. ഇതിന് പരസ്പ്പര സഹകരണം വേണം. ഉദ്യോഗസ്ഥര്‍, തൊഴിലുടമകള്‍, ട്രേഡ് യൂണിയനുകള്‍ എല്ലാം ഒരുമിച്ചു നില്‍ക്കാനുള്ള നിലപാടാണ് സര്‍ക്കാരിന്റേത്. വ്യവസായികള്‍ക്ക് ബാങ്കിന്റെ സഹായം കിട്ടാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ഇപിഎഫ്, ഇഎസ്ഐ ആനുകൂല്യത്തിന്റെ 15000 എന്ന ലിമിറ്റ് 25000 ലേക്ക് ഉയര്‍ത്തണം.കേന്ദ്രത്തിന് ഇതു സംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ട് . തൊഴിലാളികള്‍ക്ക് സമാന്തര സഹായം നല്‍കാന്‍ ഇഎസ്ഐ കോര്‍പ്പറേഷന്‍, ഇപിഎഫ് അധികൃതര്‍ക്ക്  കത്ത് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.കേരളത്തിന്റെ തൊഴിലവസരങ്ങളില്‍ ശാസ്ത്ര-സാങ്കേതിക മേഖലകളുടെ സഹായം ഉറപ്പാക്കുമെന്ന് അതു സംബന്ധിച്ചുള്ള ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.ജോലിയില്‍ വിദ്യാര്‍ഥികളെ പരിഗണിക്കുന്നത് നയമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷം നടപ്പാക്കുന്നതിന് പ്രഖ്യാപിച്ച 12 ഇന പരിപാടിയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദേശങ്ങളില്‍ ഇപ്പോള്‍ തന്നെ പഠനത്തോടൊപ്പം ജോലി എന്ന നയമുണ്ട്. അതു സംസ്ഥാനത്തും നടപ്പാക്കും. സര്‍ക്കാരിന്റെ നൈപുണ്യ വികസന മിഷനായ കെയ്സിന്റെ പോര്‍ട്ടലില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും ആവശ്യമുള്ളവര്‍ക്ക് തൊഴിലാളികളെ സെലക്ട് ചെയ്യാനും അവസരമുണ്ടെന്നും മന്ത്രി പറഞ്ഞു.അതിഥി തൊഴിലാളികള്‍ മടങ്ങിപ്പോയാല്‍  കേരളത്തിന്റെ തൊഴില്‍ മേഖല അനാഥമാകുമെന്ന നിലയിലുള്ള ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി ചോദ്യത്തിന് മറുപടി നല്‍കി.മൂന്നര ലക്ഷത്തില്‍ പരം അതിഥി തൊഴിലാളികള്‍ കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുള്ള  20500 ക്യാമ്പുകളിലുണ്ട്. അവര്‍ കേരളത്തിന്റെ തൊഴില്‍ മേഖലയില്‍ പ്രധാനമാണ്. എന്നാല്‍ അവര്‍ക്കും നാട്ടില്‍ പോകാന്‍ അവര്‍ക്ക് ആഗ്രഹമുണ്ട്. അവരെ അതത് നാടുകളിലെത്തിക്കാന്‍ കേന്ദ്രം നോണ്‍ സ്റ്റോപ്പ് ട്രയിന്‍ ഏര്‍പ്പാട് ചെയ്താല്‍ ആവശ്യമായ സൗകര്യം ഒരുക്കാന്‍ കേരളം തയാറാണ്. അതിഥി തൊഴിലാളികളെല്ലാം ഒരുമിച്ചു നാട്ടിലേക്ക് പോകുമെന്ന് കരുതുന്നില്ല. തൊഴില്‍ മേഖല സജീവമാകുമ്പോള്‍ അവര്‍ക്ക്  ഇവിടെ ജോലി ചെയ്യാന്‍ കഴിയും. ഇതര സംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്ത് എത്തുമ്പോഴും മടങ്ങുമ്പോഴും വ്യക്തമായ കണക്കുകള്‍ ആവശ്യമാണ്. ഇതിനായി തൊഴില്‍ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ആവാസ് രജിസ്ട്രേഷനില്‍ ഇതിനോടകം അഞ്ചു ലക്ഷത്തിലധികം പേര്‍ അംഗമായിക്കഴിഞ്ഞു. ഇതു മുന്നോട്ട് പോവുകയാണ്. സാഹചര്യങ്ങളെ അതിജീവിക്കാന്‍ കേരളത്തിന് കഴിയുമെന്നും മന്ത്രി പറഞ്ഞു.ഏതൊരു പ്രശ്നത്തെയും സമീപിക്കുമ്പോള്‍ ജനങ്ങളുടെ ജീവനാണ് പ്രധാനം. അതിന് സംരക്ഷണം വേണം.അത് മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ സ്വീകരിക്കുന്നത്. പ്രായോഗികത കൂടി പരിശോധിച്ച് ആവശ്യമായ നടപടികളിലേക്ക് എത്തണം. നിയമാനുസൃതമായ നടപടികളാണ് ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍മാര്‍ സ്വീകരിച്ചു വരുന്നത്. കോഴിക്കോട് കളക്ടറുടെ ഉത്തരവുമായ് ബന്ധപ്പെട്ട വിഷയം   പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.