വ്യാജ മദ്യ ഉദ്പാദനത്തിനും  വിപണനത്തിനുമെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍ദേശം നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പിലെ ഡപ്യൂട്ടി കമ്മീഷണര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ലോക്ക് ഡൗണിനു ശേഷം നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ മന്ത്രി അവലോകനം ചെയ്തു.ലോക്ക് ഡൗണ്‍ കാലത്ത് ഏപ്രില്‍ ഏഴുവരെയുള്ള 15  ദിവസം 462 അബ്കാരി കേസുകളും  37 മയക്കുമരുന്നു കേസുകളും  രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 47973 ലിറ്റര്‍ വാഷാണ് ഈ കാലയളവില്‍ പിടിച്ചെടുത്തത്. 2018  ഏപ്രില്‍ മാസത്തില്‍ 22037 ലിറ്റര്‍ വാഷും 2019  ഏപ്രിലില്‍ 18844 ലിറ്റര്‍ വാഷും പിടിച്ച സ്ഥാനത്താണ് 15 ദിവസം കൊണ്ട് ഇത്രയും വാഷ് പിടികൂടിയത്. 263 ലിറ്റര്‍ ചാരായവും 400 ലിറ്റര്‍ വ്യാജ വിദേശ മദ്യവും 15 കിലോഗ്രാം കഞ്ചാവും   പിടിച്ചെടുത്തു.  മുന്‍പ് വ്യാജ വാറ്റ് ഉണ്ടായിരുന്ന സ്ഥലങ്ങളില്‍  പരിശോധന വ്യപകമാക്കിയിട്ടുണ്ട്. കൊല്ലത്ത് ഒരു വ്യാജ വിദേശ മദ്യ നിര്‍മാണ കേന്ദ്രവും ഇക്കാലത്ത് കണ്ടെത്തിയിട്ടുണ്ട്.  കേരളത്തില്‍ മുന്‍കാലങ്ങളില്‍ വ്യാപകമായിരുന്ന വ്യാജവാറ്റ് ഫലപ്രദമായി തടയുന്നതിന് എക്‌സൈസ് വകുപ്പിന് സാധിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന്റെ ഭാഗമായി  കള്ള്, മദ്യ ഷാപ്പുകള്‍ പൂട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് പലയിടത്തും നിയമവിരുദ്ധമായ ലഹരിവില്‍പ്പനയും വ്യാജമദ്യ നിര്‍മാണവും  നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനെതിരേ  എല്ലാ ജില്ലയിലും എക്‌സൈസ് വകുപ്പ് ശക്തമായ നടപടി സ്വീകരിക്കണം.
നിയമവിരുദ്ധ ലഹരി കടത്ത് പൂര്‍ണമായി തടയുന്നതിന് അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെ കര്‍ശന പരിശോധനകള്‍ക്കൊപ്പം ഇട റോഡുകളിലും വ്യാപക നിരീക്ഷണം ഏര്‍പ്പെടുത്തണം. വ്യാജ മദ്യ നിര്‍മാണവും വിപണനവും കടത്തലും നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. പരിമിതികള്‍ ഉള്ളയിടങ്ങളില്‍ പോലീസിന്റെ സഹായം തേടണം. മാഹിയുള്‍പ്പെടെയുള്ള അതിര്‍ത്തിപ്രദേശങ്ങളില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലാ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന കര്‍ശനമാക്കണം. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശാനുസരണം എക്‌സൈസ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണം. അട്ടപ്പാടിയില്‍ വ്യാജമദ്യ ഉപഭോഗം സംബന്ധിച്ച് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക പരിശോധന ആവശ്യമാണ്. വന മേഖലകളില്‍ വനം വകുപ്പിന്റെയും സഹകരണം ഉറപ്പാക്കണം. റോഡുകള്‍ , ചെക്ക് പോസ്റ്റുകള്‍, അതിര്‍ത്തി മേഖലകള്‍, ഇടറോഡുകള്‍, വനമേഖല, തീരമേഖല എന്നിവയ്‌ക്കൊപ്പം റെയില്‍ വഴിയുള്ള പരിശോധനയും കര്‍ക്കശമാക്കണം.വിമുക്തി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന് മന്ത്രി എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ലഹരി ലഭിക്കാത്തതിനാല്‍ മാനസിക അസ്വാസ്ഥ്യമുള്‍പ്പെടെയുള്ളവരെ കണ്ടെത്തി സഹായം നല്‍കണം. അവര്‍ക്ക് കൗണ്‍സിലിംഗും ഡീ-അഡിക്ക്ഷന്‍ ചികിത്സയും ലഭ്യമാക്കണം. കിടത്തി ചികിത്സ ആവശ്യമായവര്‍ക്ക് അതിനുള്ള സാഹചര്യം ഒരുക്കണം.കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ക്യാമ്പുകളില്‍ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും ലഹരി വിരുദ്ധ ബോധവത്ക്കരണം സംഘടിപ്പിക്കണം. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ , ജില്ലാ ഭരണ സംവിധാനങ്ങള്‍, ആരോഗ്യവകുപ്പ് ഉള്‍പ്പെടെയുള്ളവയുടെ സഹകരണം തേടണം.
എല്ലാ എക്‌സൈസ് സര്‍ക്കിള്‍ / റേഞ്ചുകളുമായി പ്രതിദിന വിലയിരുത്തല്‍ നടത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ജില്ലാ മേധാവികളോട് മന്ത്രി ആവശ്യപ്പെട്ടു. എക്‌സൈസ് വകുപ്പ് ജീവനക്കാര്‍ക്ക് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കണം. മാസ്‌ക്ക്, സാനിറ്റൈസര്‍ ഉള്‍പ്പെടെ ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.എക്‌സൈസ് കമ്മീഷണര്‍ എസ്.ആനന്ദകൃഷ്ണന്‍ ഐപിഎസ്, അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ (ഭരണം) ഡി.രാജീവ്, അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍(എന്‍ഫോഴ്‌സ്‌മെന്റ്) സാം ക്രിസ്റ്റി ഡാനിയേല്‍ , എക്‌സൈസ് വിജിലന്‍സ് ഓഫീസര്‍ മുഹമ്മദ് ഷാഫി ഉള്‍പ്പെടെ മുതിര്‍ന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.