പ്രതിസന്ധി നേരിടുന്ന തോട്ടം മേഖലയ്ക്ക് പുതുജീവന്‍ പകരുന്നതിനായി സംസ്ഥാന സര്‍ക്കാര്‍  പ്രഖ്യാപിച്ച പ്ലാന്റേഷന്‍ ഡയറക്ടറേറ്റ്  ഉടന്‍ നിലവില്‍ വരുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത സര്‍വ്വീസ് സംഘടനകളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. തോട്ടം മേഖലയുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനുമായി പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിക്കാനുള്ള തീരുമാനം എന്‍ജിഒ യൂണിയന്‍, കെജിഒഎ, എന്‍ജിഒ അസോസിയേഷന്‍,  ജോയിന്റ് കൗണ്‍സില്‍,എന്‍ജിഒ സംഘ്, കെജിഒ സംഘ് പ്രതിനിധികള്‍ സ്വാഗതം ചെയ്തു. ജീവനക്കാരുടെ അവകാശങ്ങള്‍ ഹനിക്കാതെയും നിലവില്‍ തൊഴില്‍വകുപ്പിലെ ജീവനക്കാരെ ക്രമപ്പെടുത്തി നിയമിച്ചുമാണ് ഡയറക്ടറേറ്റ് രൂപീകരണ നടപടികള്‍ സ്വീകരിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.

ലേബര്‍ കമ്മീഷണറുടെ കീഴിലാണ് പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിക്കുക.  തൊഴിലും നൈപുണ്യവും വകുപ്പിലെ ജീവനക്കാരെ പുനര്‍വിന്യസിച്ചാണ് ആദ്യഘട്ടത്തില്‍ ഡയറക്ടറേറ്റ് രൂപീകരണം  യാഥാര്‍ഥ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്. വ്യത്യസ്ത വകുപ്പുകളുമായി ബന്ധപ്പെട്ട  പ്ലാന്റേഷന്‍ മേഖലയുടെ വിവിധ  പ്രശ്‌നങ്ങള്‍ ഏകോപിപ്പിച്ച് കൈകാര്യം ചെയ്യുന്ന വിധത്തില്‍ ഒരു കുടക്കീഴില്‍ എത്തിക്കുന്നതിനാണ് പ്ലാന്റേഷന്‍ വകുപ്പ് രൂപീകരണം വഴി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഭൂപരിഷ്‌ക്കരണ നിയമം വന്നപ്പോള്‍ തോട്ടം മേഖലയ്ക്ക് പ്രത്യേക സംരക്ഷണം നല്‍കിയിരുന്നു. എന്നാല്‍ ഇന്നും തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായി നിലനില്‍ക്കുന്നു. ഇന്നത്തെ ആവാസ വ്യവസ്ഥയും പരിസ്ഥിതിയും കണക്കിലെടുക്കുമ്പോള്‍ തോട്ടം നിലനില്‍ക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. തോട്ടം മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ താല്‍പര്യങ്ങളും  സംരക്ഷിക്കപ്പെടണം. ഈ നയത്തിന്റെ ഭാഗമായി പ്ലാന്റേഷന്‍ ടാക്‌സ്, കാര്‍ഷികാദായനികുതി എന്നിവ  സര്‍ക്കാര്‍ ഒഴിവാക്കി നല്‍കിയിട്ടുണ്ട്. ലയങ്ങളുടെ നികുതി ഒഴിവാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം റബ്ബര്‍ ഉള്‍പ്പെടെയുള്ളവയുടെ റീപ്ലാന്റേഷന് വേണ്ടി മരം മുറിക്കുന്നതിന് ഈടാക്കിയിരുന്ന സീനിയറേജും ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനൊപ്പം  തോട്ടം തൊഴിലാളികളുടെ കൂലിയില്‍ പ്രതിദിനം 52 രൂപയുടെ വര്‍ധനവ് സര്‍ക്കാര്‍ വരുത്തിയിട്ടുണ്ട്.

വയനാട്ടില്‍ കാപ്പിയും ഇടുക്കിയില്‍ തേയിലയും ബ്രാന്റ് ചെയ്യുന്നതിനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇടുക്കിയിലെ തോട്ടം മേഖലയ്ക്കായി പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. റബ്ബര്‍ മേഖലയില്‍ വന്‍കിട വ്യവസായം പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് – 2 നിയമനത്തിലെ അനുപാതം 2:1 ആയി തന്നെ തുടരും.  ഈ അനുപാതത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ജീവനക്കാരുടെ സംഘടനകള്‍ക്ക് മന്ത്രി ഉറപ്പു നല്‍കി. യോഗത്തില്‍  ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഐഎഎസ്, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ.ശ്രീലാല്‍, സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അബ്ദുല്‍കലാം എന്നിവരും വിവിധ സര്‍വ്വീസ് സംഘടനാ പ്രതിനിധികളായ ടി.സി.മാത്തുക്കുട്ടി(എന്‍ജിഓ യൂണിയന്‍), ബിന്ദു (കെജിഒഎ) എ.എം.ജാഫര്‍ഖാന്‍(എന്‍ജിഒ അസോസിയേഷന്‍),സന്തോഷ്(ജോ.കൗണ്‍സില്‍), ടി.എന്‍.രമേഷ് (എന്‍ജിഒ സംഘ്), രതീഷ് (കെജിഒ സംഘ്)എന്നിവരും പങ്കെടുത്തു.