സംസ്ഥാനത്തെ തീപ്പെട്ടി വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്ക് ഏറ്റവും കുറഞ്ഞ കൂലി നിരക്കുകള്‍ പുതുക്കി തൊഴിലും നൈപുണ്യവും വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. (സ.ഉ.(അച്ചടി)നം.34/2020/തൊഴില്‍, തീയതി 2020 മാര്‍ച്ച് ആറ്).  പുതുക്കിയ കൂലി നിരക്കുകളും തസ്തികകളും ചുവടെ.

വിജ്ഞാപനമനുസരിച്ച് സ്പളിന്റ്‌സ് ആന്റ് വിനേഴ്‌സ് സെക്ഷനില്‍ ദിവസ വേതന വിഭാഗത്തില്‍ ക്രോസ് കട്ടിംഗ് , ഡീ-ബാര്‍ക്കിംഗ്(പീലിംഗ്) വിഭാഗക്കാര്‍ക്ക്  (ഒന്നേകാല്‍ ക്യുബിക് മീറ്റര്‍(മട്ടിപ്പാല/ആസ്പിന്‍ തടികള്‍),ഒന്നേകാല്‍ ക്യുബിക് മീറ്റര്‍(ഇതര തടികള്‍) അടിസ്ഥാന വേതനം 425 രൂപയും പീലിംഗ് ഡ്രൈവര്‍, ചോപ്പിംഗ് മെഷീന്‍ ഓപ്പറേറ്റര്‍ വിഭാഗക്കാര്‍ക്കും വിനീര്‍ കട്ടിംഗ് , ബോയിലര്‍ ഓപ്പറേറ്റര്‍ , ഡ്രൈയിംഗ് ചേമ്പര്‍ ഓപ്പറേറ്റര്‍ എന്നിവര്‍ക്കും 420 രൂപയാണ് അടിസ്ഥാന വേതനമായി നിശ്ചയിച്ചിരിക്കുന്നത്. ലവലിംഗ്, പട്ടമാറ്റല്‍, പീലിംഗ് ഹെല്‍പ്പര്‍ വിഭാഗക്കാര്‍ക്കും ജനറല്‍ വര്‍ക്കര്‍മാര്‍ക്കും  410 രൂപയുമാണ് അടിസ്ഥാന വേതനം.

പീസ് റേറ്റ് വിഭാഗത്തില്‍ സ്പ്ലിന്റ്‌സ് ട്രേ സെറ്റിംഗ് (ഒരു ട്രേയ്ക്ക് ) വിഭാഗത്തിന് 18.60 രൂപയും വിനീര്‍ ഔട്ടര്‍ ട്രേ സെറ്റിംഗ് (ഒരു ട്രേയ്ക്ക്) 24 രൂപയും വിനീര്‍ ഇന്നര്‍ ട്രേ സെറ്റിംഗ് (ഒരു ട്രേയ്ക്ക്) 31.50 രൂപയുമാണ് അടിസ്ഥാന വേതനം. വിനീര്‍ ബോട്ടം പീസ് ട്രേ സെറ്രിംഗ് (ഒരു ട്രേയ്ക്ക്) 22.70 രൂപയും വിനീര്‍ ഔട്ടര്‍ ബണ്ടിലിംഗ് (100 ബണ്ടിലിംഗ്) 47.20 രൂപയും വിനീര്‍ ഇന്നര്‍ ബണ്ടിലിംഗ് (100 ബണ്ടിലിംഗ്) 42 രൂപയും വിനീര്‍ ബോട്ടം പീസ് ബണ്ടിലിംഗ് (100 ബണ്ടിലിംഗ്) 34.35 രൂപയുമായി അടിസ്താന ശമ്പളം നിജപ്പെടുത്തിയിട്ടുണ്ട്. ഡിപ്പിംഗ് വിഭാഗത്തില്‍ പീസ് റേറ്റ് വിഭാഗത്തില്‍ ഔട്ട് ഡോര്‍ ജോലികള്‍ക്ക് ഫ്രെയിം ഫില്ലിഗിന് (ഒരു ഫ്രയിം) 14 രൂപയും ഔട്ടര്‍ ബോക്‌സ് മേക്കിംഗ് (ഗ്രോസിന്) 14 രൂപയും ഇന്നര്‍ ബോക്‌സ് മേക്കിംഗിന് (ഗ്രോസിന്) 18.20 രൂപയും ഇന്‍ഡോര്‍ വര്‍ക്‌സ് വിഭാഗത്തില്‍ ബോക്‌സ് ഫില്ലിംഗിന് (ഗ്രോസിന്) 34 രൂപയും ലേബലിംഗ് ആന്റ് റോളിംഗ് 11.45 രൂപയും ഡസന്‍ പാക്കിംഗ് (ഗ്രോസിന്) 8.55 രൂപയും നിശ്ചയിച്ചിട്ടുണ്ട്.

മാസവേതന വിഭാഗത്തില്‍ മാനേജര്‍ 16000 രൂപയും ഫോര്‍മാന്‍, കെമിസ്റ്റ്്, ബ്ലാക്ക്‌സ്മിത്ത് എന്നിവര്‍ക്ക് 14520 രൂപയും ക്ലാര്‍ക്ക്, അക്കൗണ്ടന്റ്,  ടൈപ്പിസ്റ്റ് വിഭാഗങ്ങള്‍ക്ക് 13200 രൂപയും പ്യൂണ്‍, വാച്ച്മാന്‍ എന്നിവര്‍ക്ക് 12000 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും അടിസ്ഥാന വേതനത്തിന് പുറമേ സംസ്താന എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഓരോ ജില്ലാ കേന്ദ്രത്തിനും വേണ്ടി ഓരോ മാസവും പ്രസിദ്ധീകരിക്കുന്ന 1998-99 = 100 എന്ന ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തില്‍ 300 പോയിന്റിനു മേല്‍ വര്‍ധിക്കുന്ന ഓരോ പോയിന്റിനും ദിവസ വേതനക്കാര്‍ക്ക് ഒരു രൂപ നിരക്കിലും മാസ ശമ്പളക്കാര്‍ക്ക് 26 രൂപ നിരക്കിലും ക്ഷാമ ബത്തയ്ക്ക് അര്‍ഹതയുണ്ടായിരിക്കും. മാസ ശമ്പളം നിശ്ചയിച്ചിട്ടുള്ള തൊഴിലാളിക്കോ തൊഴിലാളി വിഭാഗത്തിനോ അര്‍ഹതപ്പെട്ട ദിവസ വേതനം കണക്കാക്കുന്നത് ആ തൊഴിലാളിക്ക് / തൊഴിലാളി വിഭാഗത്തിന് നിശ്ചയിക്കപ്പെട്ട മാസവേതനത്തെ 26 കൊണ്ട് ഭാഗിച്ചും ദിവസ വേതനം നിശ്ചയിച്ചിട്ടുള്ള തൊഴിലാളിക്കോ / തൊഴിലാളി വിഭാഗത്തിനോ മാസവേതനം കണക്കാക്കുന്നത് ആ തൊഴിലാളിക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള ദിവസ വേതനത്തെ 26 കൊണ്ട് ഗുണിച്ചുമാണ്. മാസശമ്പളത്തിലോ ദിവസ ശമ്പളത്തിലോ പീസ് റേറ്റ് അടിസ്ഥാനത്തിലോ കരാര്‍ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാലികള്‍ക്കും പുതുക്കി നിശ്ചയിക്കുന്ന അടിസ്ഥാന വേതനവും ക്ഷാമബത്തയും ലഭിക്കുവാന്‍ അവകാശമുണ്ട്. ഏതെങ്കിലും സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനത്തില്‍ കൂടുതല്‍  തുക വേതനമായി ലഭിക്കുന്നുണ്ടെങ്കില്‍ അത് തുടര്‍ന്നും നല്‍കേണ്ടതാണെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.