കൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും ജീവനക്കാരുടെ ജോലി സമയം ക്രമപ്പെടുത്തല്‍, അവധി അനുവദിക്കല്‍ എന്നിവ സംബന്ധിച്ചും തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിര്‍ദേശപ്രകാരം ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഐഎഎസ് സര്‍ക്കുലര്‍ പുറത്തിറക്കി. സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മാസ്‌ക്ക്, ഗ്ലൗസ് ഉള്‍പ്പെടെയുള്ള മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ജോലി ചെയ്യേണ്ടി വരുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി.

ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നിലവില്‍ നടപ്പാക്കിയിട്ടുള്ള സ്‌കൂളുകള്‍ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ മാര്‍ച്ച് 10-ന് പുറത്തിറക്കിയിട്ടുള്ള സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 31 വരെ ബയോമെട്രിക്ക് പഞ്ചിംഗ്  നിര്‍ത്തി വയ്ക്കണം. സ്ഥാപനത്തിലെ ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ഷോപ്‌സ് ആന്റ് കോമേഴ്‌സ്യല്‍ എസ്താബ്ലിഷ്‌മെന്റ് ചട്ടത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം നോണ്‍ ആല്‍ക്കഹോളിക് ക്ലിനിംഗ് വൈപ്‌സ്, ഡിസ്‌പോസബില്‍ ലാറ്റക്‌സ് ഗ്ലൗസുകള്‍,പോക്കറ്റ് മാസ്‌ക്ക് അല്ലെങ്കില്‍ ഡിസ്‌പോസബിള്‍ ഫെയ്‌സ്മാസ്‌ക്ക് എന്നിവ നല്‍കണം. സ്ഥാപനത്തില്‍ ശുചിത്വം, വായൂസഞ്ചാരം എന്നിവ സംബന്ധിച്ചും ഷോപ്‌സ് ആക്റ്റില്‍ പ്രതിപാദിച്ചിട്ടുള്ള വ്യവസ്ഥകള്‍ തൊഴിലുടമകള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും സര്‍ക്കുലര്‍ വഴി നിര്‍ദേശിച്ചിട്ടുണ്ട്. നിയമപ്രകാരമുള്ള ഉദ്യോഗസ്ഥര്‍ സര്‍ക്കുലര്‍ പ്രകാരമുള്ള നടപടികള്‍ പാലിക്കപ്പെടുന്നുണ്ടെയെന്ന് പരിശോധിക്കുകയും വേണം.