സംസ്ഥാനത്തെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി ലേബര്‍ കമ്മീഷണറേറ്റില്‍ പ്രവര്‍ത്തിച്ചു വരുന്ന കോള്‍ സെന്ററില്‍  246 പരാതികള്‍ക്കു പരിഹാരമായി. ഫെബ്രുവരിയില്‍ ആകെ ലഭിച്ച 248 പരാതികളില്‍ 246 എണ്ണം പരിഹരിച്ചു. കയറ്റിറക്ക് കൂലി തര്‍ക്കങ്ങള്‍, മിനിമം വേതനം നിഷേധിക്കല്‍, തൊഴില്‍ നിഷേധിക്കല്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍, ഗ്രാറ്റുവിറ്റി പ്രശ്‌നങ്ങള്‍, അവധി ദിനങ്ങള്‍ നിഷേധിക്കല്‍ തുടങ്ങി തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും കോള്‍ സെന്ററിന്റെ 1800-425-55214 എന്ന നമ്പറില്‍ അറിയിക്കാം. ആവാസ്, വേതന സുരക്ഷാ പദ്ധതി തുടങ്ങിയ പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങള്‍ക്കും ഇവിടെനിന്ന് കൃത്യമായ മറുപടിയും മാര്‍ഗനിര്‍ദേശവും ലഭിക്കും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണു സെന്ററിന്റെ പ്രവര്‍ത്തനം. ഞായറാഴ്ച രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയും സേവനം ലഭിക്കും.