ജനുവരി എട്ടിന്റെ ദേശീയ പൊതുപണിമുടക്കില്‍ പങ്കെടുത്തതിന്റെ പേരില്‍ പൊതുമേഖലാസ്ഥാപനമായ ബിപിസിഎല്‍ ജീവനക്കാരുടെ നാലു ദിവസത്തെ വേതനം തടഞ്ഞ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ്  മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് കത്തയച്ചു. ജോലി ചെയ്തില്ലെങ്കില്‍ പ്രതിഫലമില്ല എന്ന കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധനയത്തിന്റെ ഭാഗമായാണ് ജനുവരി എട്ടിന്റെ വേതനം തടഞ്ഞ അധികൃതര്‍ പണിമുടക്കിയതിന് പിഴയായി മൂന്നു ദിവസത്തെ വേതനം കൂടി കവര്‍ന്നെടുത്തത്.    ബിപിസിഎല്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെ  കേന്ദ്രട്രേഡ്‌യൂണിയനുകളുടെ ആഹ്വാനപ്രകാരം നടന്ന ദേശീയപണിമുടക്കിന് രാഷ്ട്രീയത്തിനതീതമായി രാജ്യത്തെമ്പാടും നിന്ന് നിന്ന് തൊഴിലാളികളുടെ വന്‍പിന്തുണയാണ് ലഭിച്ചത്. നാലു ദിവസത്തെ വേതനം നിഷേധിച്ച നടപടി നിയമവിരുദ്ധവും സാമാന്യ നീതിക്ക് നിരക്കാത്തതുമാണ്. വ്യവസായതര്‍ക്ക നിയമപ്രകാരം 14 ദിവസത്തെ മുന്‍കൂര്‍  നോട്ടീസ് നല്‍കിയാണ് തൊഴിലാളികള്‍ ദേശീയ പണിമുടക്കില്‍ പങ്കാളികളായത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, റെയില്‍വെ,  മഹാനഗര്‍ ടെലികോം നിഗം ലിമിറ്റഡ്(എംടിഎന്‍എല്‍) ബിഎസ്എന്‍എല്‍ തുടങ്ങിയ പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുത്തിരുന്നു. ബിപിസിഎല്‍ ഒഴികെ പൊതു-സ്വകാര്യമേഖലകളിലെ ഒരു സ്ഥാപനവും പണിമുടക്കിയതിന്റെ പേരില്‍ പിഴയായി വേതനം നിഷേധിച്ചിട്ടില്ലെന്ന വസ്തുതയും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും  നാലുദിവസത്തെ വേതനം നിഷേധിച്ച നിയമവിരുദ്ധ നടപടി  പുനഃപരിശോധിക്കുന്നതിന് ബിപിസിഎല്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കത്തില്‍ അഭ്യര്‍ഥിച്ചു.

ബിപിസിഎല്ലില്‍ വേതനം തടഞ്ഞത് പുനഃപരിശോധിക്കണമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍
ബിപിസിഎല്ലില്‍ വേതനം തടഞ്ഞത് പുനഃപരിശോധിക്കണമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍