സെന്‍ട്രല്‍ ഗവ. ഹോസ്പിറ്റല്‍ സ്‌കീം പ്രകാരമുള്ള ചികിത്സാനിരക്കുകള്‍ പുതുക്കി നിശ്ചയിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ കേന്ദ്രതൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാറിന് കത്തയച്ചു. നിരക്ക് പുതുക്കിയില്ലെങ്കില്‍ ഇഎസ്‌ഐ പദ്ധതിപ്രകാരം ചികിത്സ ലഭിക്കുന്ന രോഗികള്‍ക്ക് എംപാനല്‍ ചെയ്ത തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ നിഷേധിക്കപ്പെടുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. 2015ലാണ് കേന്ദ്രസര്‍ക്കാര്‍ ചികിത്സാനിരക്കുകള്‍ പുതുക്കി നിശ്ചയിച്ചത്. ഇതേ നിരക്കുകളാണ് ഇഎസ്‌ഐ കോര്‍പറേഷന്‍ അംഗീകരിച്ചിട്ടുള്ളത്. പഴയ നിരക്കില്‍  ചികിത്സ തുടരാനാവില്ലെന്നും പുതിയ നിരക്ക് പ്രകാരം കരാര്‍ പുതുക്കണമെന്നും ആര്‍സിസി അറിയിച്ചിരിക്കുകയാണ്. നിരക്ക് പുതുക്കിയില്ലെങ്കില്‍ ആര്‍സിസിയില്‍ ചികിത്സയിലുള്ള ഇഎസ്‌ഐ ഗുണഭോക്താക്കള്‍ക്ക് തുടര്‍ചികിത്സ തടസ്സപ്പെടും.  പുതിയതായി രോഗികളെ റഫര്‍ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യവും ഉണ്ടാവും. ഇതൊഴിവാക്കാന്‍ കേന്ദ്രതൊഴില്‍മന്ത്രാലയം അടിയന്തര ഇടപെടല്‍ നടത്തണമെന്ന് മന്ത്രി കത്തില്‍ അഭ്യര്‍ഥിച്ചു.