കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒ.ഡി.ഇ.പി.സി, കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്-ന്റെ സഹകരണത്തോടെ അങ്കമാലിയില്‍ ഭാഷാ പരിശീലന കേന്ദ്രം ആരംഭിക്കുന്നു. അങ്കമാലിയില്‍ ഇന്‍കല്‍ ബിസിനസ്സ് പാര്‍ക്കില്‍ തുടങ്ങുന്ന പരിശീലനകേന്ദ്രം  മാര്‍ച്ച് 2 (തിങ്കളാഴ്ച ) തൊഴിലും-നൈപുണ്യവും എക്‌സൈസും വകുപ്പ് മന്ത്രി  ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. റോജി എം.ജോണ്‍ എംഎല്‍എ അധ്യക്ഷനായിരിക്കും.തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജീത് രാജന്‍ മുഖ്യപ്രഭാഷണം നടത്തും.അങ്കമാലി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സജി വര്‍ഗീസ്, കെയ്‌സ് എംഡി എസ്.ചന്ദ്രശേഖര്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും.ഒഡെപെക് ചെയര്‍മാന്‍ എന്‍.ശശിധരന്‍ നായര്‍ സ്വാഗതവും മാനേജിംഗ് ഡയറക്ടര്‍ കെ.എ.അനൂപ് കൃതജ്ഞതയുമര്‍പ്പിക്കും. വിദേശരാജ്യങ്ങളില്‍ തൊഴില്‍ തേടുന്നവര്‍ക്ക്  ആവശ്യമായ വിദേശഭാഷാ പരിശീലനം നല്‍കുന്നതിനാണ് ഈ കേന്ദ്രം. ഐഇഎല്‍ടിഎസ്, ഒഇടി തുടങ്ങിയ ഇംഗ്ലീഷ് ഭാഷാ പരിശീലനങ്ങളും ജാപ്പനീസ്, ജര്‍മ്മന്‍ തുടങ്ങിയ വിദേശ ഭാഷാ പരിശീലനങ്ങളും നല്‍കുന്നതിന് പരിശീലനകേന്ദ്രത്തില്‍ സൗകര്യമുണ്ടായിരിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 100 ശതമാനം തൊഴില്‍ ലഭ്യതയുണ്ട് എന്നതാണ് പരിശീലന കേന്ദ്രത്തിന്റെ പ്രത്യേകത.