കേരളാ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്താബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിലവിലുള്ള വിദ്യാഭ്യാസാനുകൂല്യം വര്‍ധിപ്പിച്ചുകൊണ്ട് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. (സ.ഉ.(ആര്‍.ടി)നം.253/2020/എല്‍ബിആര്‍,തീയതി 26.02.2020). ഉത്തരവ് പ്രകാരം വിദ്യഭ്യാസ ആനുകൂല്യമായി നിലവില്‍ ഹയര്‍ സെക്കണ്ടറി കോഴ്‌സുകള്‍ക്ക് നല്‍കി വരുന്ന പ്രതിവര്‍ഷ സ്‌കോളര്‍ഷിപ്പ് നിരക്ക് 750 രൂപയായിരുന്നത് 1000 രൂപയാക്കിയിട്ടുണ്ട്. മറ്റെല്ലാ കോഴ്‌സുകള്‍ക്കും നിലവിലെ പ്രതിവര്‍ഷ സ്‌കോളര്‍ഷിപ്പ് നിരക്കില്‍ നിന്നും 500 രൂപയുടെ വര്‍ധനവും വരുത്തി ഉത്തരവായി. അധിക സാമ്പത്തിക ബാധ്യത ബോര്‍ഡിന്റെ തനതു ഫണ്ടില്‍ നിന്നാണ് വഹിക്കുക.

കലാ-കായിക – സാംസ്‌ക്കാരിക രംഗത്ത് പ്രാഗത്ഭ്യം തെളിയിക്കുന്ന ക്ഷേമനിധി അംഗതൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്. (സ.ഉ.(സാധാ)നം.255/2020/എല്‍ബിആര്‍,തീയതി 26.02.2020). 2018 മുതല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച കായിക ഇനങ്ങളില്‍ ദേശീയ തലത്തിലും സംസ്ഥാനതല കലോത്സവങ്ങളിലും സര്‍വ്വകലാശാല തലത്തിലും ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് 3000 രൂപ അവാര്‍ഡ് തുകയായി നല്‍കും. 2018-19 അധ്യയന വര്‍ഷവും തുടര്‍ വര്‍ഷങ്ങളിലും സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് സര്‍ക്കാര്‍ ബോര്‍ഡിന് അനുമതി നല്‍കിയിട്ടുണ്ട്. ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2018-19 വര്‍ഷത്തില്‍ ബിരുദ/ബിരുദാനന്തര (പ്രഫഷണല്‍ കോഴ്‌സ് ഉള്‍പ്പെടെ) കോഴ്‌സുകളില്‍ ഉന്നത വിജയം നേടിയ (60 ശതമാനം മാര്‍ക്കില്‍ കുറയാതെ) എല്ലാ വിദ്യാര്‍ഥികള്‍ക്കും കാഷ് അവാര്‍ഡ് നല്‍കുന്നതിന് ബോര്‍ഡിന് സര്‍ക്കാര്‍ മുന്‍പ് നല്‍കിയ അനുമതി ഉത്തരവ് ഭേദഗതി ചെയ്തും നല്‍കി.(സ.ഉ.(കൈ)നം.12/2020/എല്‍ബിആര്‍,തീയതി 18.02.2020).

മുന്‍ ഉത്തരവ് പ്രകാരം ബിരുദ/ബിരുദാനന്തര (പ്രഫഷണല്‍ കോഴ്‌സ് ഉള്‍പ്പെടെ) കോഴ്‌സുകളില്‍ ഉന്നത വിജയം നേടിയവരില്‍ (60 ശതമാനം മാര്‍ക്കില്‍ കുറയാതെ)  ഒന്നും രണ്ടും സ്ഥാനം നേടിയ ബിരുദ വിദ്യാര്‍ഥികള്‍ക്ക് 5000 രൂപയും ബിരുദാനന്തര വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്ക് 7500 രൂപയും കാഷ് അവാര്‍ഡ് നല്‍കാനായിരുന്നു തീരുമാനം. നിലവിലെ ഉത്തരവനുസരിച്ച് വളരെക്കുറച്ച് പേര്‍ക്ക് മാത്രമേ കാഷ് അവാര്‍ഡ് നല്‍കാന്‍ കഴിയുന്നുള്ളുവെന്ന ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് 60 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയികളായ എല്ലാ വിദ്യാര്‍ഥികള്‍ക്കും കാഷ് അവാര്‍ഡ് നല്‍കാന്‍ ബോര്‍ഡിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.