പുനലൂര്‍ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡില്‍ നിന്നും വിരമിച്ച ഭൂരഹിതരും ഭവന രഹിതരുമായ ശ്രീലങ്കന്‍ റീപ്പാട്രിയേറ്റ് തൊഴിലാളികള്‍ക്കായുള്ള ഭവന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഇന്ന് (19-02-2020) നടക്കും. വൈകിട്ട് നാലു മണിക്ക് കുളത്തൂപ്പുഴ കൂവക്കാട് ആര്‍.പി.എല്‍. എസ്റ്റേറ്റ് മൈതാനത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പ് മന്ത്രി  ടി. പി. രാമകൃഷ്ണന്‍ നിര്‍മാണോദ്ഘാടനം നടത്തും. വനം, വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അദ്ധ്യക്ഷനായിരിക്കും.  ചടങ്ങില്‍ കൊല്ലം എം. പി. അഡ്വ. എന്‍.കെ. പ്രേമചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  സി. രാധാമണി, തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും കമ്പനി ചെയര്‍മാനുമായ സത്യജീത്ത് രാജന്‍ , ലേബര്‍ കമ്മീഷണര്‍  പ്രണബ് ജ്യോതിനാഥ് , ആര്‍പിഎല്‍ മാനേജിംഗ് ഡയറക്ടര്‍ സുനീല്‍ പമീഡി,  ജനപ്രതിനിധികള്‍, മുന്‍ എം.എല്‍.എ മാര്‍, കമ്പനിയിലെ വിവിധ തൊഴിലാളി – സ്റ്റാഫ് യൂണിയനുകളുടെ നേതാക്കന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

തൊഴിലും നൈപുണ്യവും വകുപ്പിന്റെ ഭവന ഫൗണ്ടേഷന്‍ കേരളയും നോര്‍ത്ത് അമേരിക്കന്‍ മലയാളി സംഘടനയായ ഫൊക്കാനയും സഹകരിച്ചാണ് ഭവനം പ്രോജക്ടിനു കീഴില്‍ കുളത്തൂപ്പുഴ എസ്റ്റേറ്റില്‍ ആര്‍.പി.എല്‍.നു വേണ്ടി വീടുകള്‍ നിര്‍മ്മിക്കുന്നത്.  ലൈഫ് മിഷന്‍ പ്രോജക്ടുകളുടെ നിലവിലുള്ള മോഡലിന് അനുരൂപമായി 2 കിടക്കമുറികള്‍, ഒരു ലിവിംഗ് കം ഡൈനിംഗ് മള്‍ട്ടിപര്‍പ്പസ് ഹാള്‍, അടുക്കള, ടോയിലറ്റ് സൗകര്യം, ഒരു സിറ്റൗട്ട് എന്നിവ അടങ്ങിയ, 412 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഒരു വീടിന് 5.37 ലക്ഷം രൂപ ചെലവ് വരുന്ന ഇരട്ട വീട് മാതൃകയിലുള്ളതാണ്. ഓരോ വീടിനും  പ്രതീക്ഷിത ചെലവായ അഞ്ച് ലക്ഷത്തി മുപ്പത്തിയേഴായിരം രൂപയില്‍ നാലു ലക്ഷം സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചും ബാക്കിയുള്ള തുക അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് കേരള  അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ ധനസഹായത്തോടെയുമാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 40 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡില്‍ തൊഴില്‍ നല്‍കി പുനരധിവസിപ്പിക്കപ്പെട്ട   ശ്രീലങ്കന്‍ റിപ്പാട്രിയേറ്റ് കുടുംബങ്ങളിലെ കമ്പനിയില്‍ നിന്നും വിരമിച്ച തൊഴിലാളികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഈ കുടുംബങ്ങളിലെ ഭൂരഹിത-ഭവനരഹിതരായ   ഓരോ ഫാമിലി കാര്‍ഡില്‍പ്പെട്ട കുടുംബങ്ങള്‍ക്കും ഓരോ ഭവനം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ആത്യന്തികമായ ലക്ഷ്യം.