കേരളാ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗങ്ങള്‍ക്ക് എല്‍ഐസിയുമായി ചേര്‍ന്ന് ലൈഫ് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. (സ.ഉ.(സാധാ)നം.206/2020/തൊഴില്‍ തിരുവനന്തപുരം ,തീയതി 15.02.2020). അംഗങ്ങളായിട്ടുള്ള തൊഴിലാളികള്‍ക്ക് സ്വാഭാവികവും അസ്വാഭാവികവുമായ മരണം സംഭവിക്കുകയാണെങ്കില്‍ ലൈഫ് ഇന്‍ഷ്വറന്‍സ് കവറേജായി ഒരു ലക്ഷം രൂപ ലഭിക്കുന്ന വിധത്തില്‍ ബോര്‍ഡില്‍ നിന്നും ഒരു തൊഴിലാളിക്ക് 297 രൂപയും 18 ശതമാനം ജിഎസ്ടിയും ഉള്‍പ്പെടെ 350.46 രൂപ പ്രീമിയം അടവാക്കുന്ന പദ്ധതിയാണിത്. ബോര്‍ഡിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തില്‍ ബോര്‍ഡിന്റെ ഇന്‍ഷ്വറന്‍സ് പ്രീമിയവും കോമ്പന്‍സേഷന്‍ പദ്ധതിയും പ്രകാരം ജോലി സമയത്ത് അപകടം സംഭവിച്ചവര്‍ക്കുള്ള ചികിത്സാ ധനസഹായവും , ജോലി സമയത്ത് അപകടം സംഭവിച്ച് മരണപ്പെടുന്ന തൊഴിലാളികളുടെ അവകാശികള്‍ക്കുള്ള ധനസഹായവും എന്ന ശീര്‍ഷകത്തില്‍ വകയിരുത്തിയിരിക്കുന്ന തുകയില്‍ നിന്നും വിനിയോഗിക്കുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 20-ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് അയ്യന്‍കാളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തൊഴിലും നൈപുണ്യവും എക്‌സൈസും മന്ത്രി ടി.പി.രാമകൃഷ്ണന്‍ അധ്യക്ഷനായിരിക്കും. മന്ത്രിമാരായ ടി.എം.തോമസ് ഐസക്, ജി.സുധാകരന്‍, കടകംപള്ളി സുരേന്ദ്രന്‍, വി.എസ്.സുനില്‍കുമാര്‍,പി.തിലോത്തമന്‍ എന്നിവരും ശശി തരൂര്‍ എംപി, എംഎല്‍എമാരായ വി.കെ.പ്രശാന്ത്, വി.എസ്.ശിവകുമാര്‍, ബോര്‍ഡ് ചെയര്‍മാന്‍ എം.സുരേന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.