സംസ്ഥാന അബ്കാരി തൊഴിലാളി ക്ഷേമനിധി പെൻഷൻ ഇരട്ടിയാക്കി വർധിപ്പിച്ചു. കുറഞ്ഞ പ്രതിമാസ പെൻഷൻ 1000 രൂപയിൽനിന്ന് 2000 രൂപയാക്കി. ബോർഡിൽ അംഗമായ ശേഷമുള്ള പത്തു വർഷത്തിൽ കൂടുതുള്ള ഓരോ അധിക വർഷത്തിനും ഇനി മുതൽ 100 രൂപ നിരക്കിൽ പെൻഷൻ വർധന ലഭിക്കും. 5000 രൂപയായിരിക്കും പരമാവധി പെൻഷൻ. നേരത്തേ ഇത് 2000 രൂപയായിരുന്നു. ക്ഷേമ പെൻഷൻ വർധിപ്പിക്കണമെന്ന ബോർഡിന്റെ ശുപാർശ പരിഗണിച്ചാണു സർക്കാർ തീരുമാനം. കള്ള് വ്യവസായ തൊഴിലാളികൾക്കു കുടുംബ പെൻഷനും സർക്കാർ പ്രഖ്യാപിച്ചു. 2017 ജൂലൈ ഒന്നിന്റെ മുൻകാല പ്രാബല്യത്തോടെയാകും കുടുംബ പെൻഷൻ അനുവദിക്കുക. 15 വർഷം വരെ സേവന കാലയളവുള്ളവർക്ക് 2000 രൂപ, 15 മുതൽ 20 വർഷം വരെ സേവന കാലയളവുള്ളവർക്ക് 2500 രൂപ, 20 മുതൽ 25 വർഷം വരെ 3000 രൂപ, 25 മുതൽ 30 വരെ 3500 രൂപ, 30 മുതൽ 35 വർഷം വരെ 4500 രൂപ, 35 വർഷത്തിനു മേൽ 5000 രൂപ എന്ന രീതിയിലാണ് പെൻഷൻ തുക വർധിപ്പിച്ചത്.

പെൻഷൻ വാങ്ങിക്കൊണ്ടിരിക്കെ മരണപ്പെടുന്ന പെൻഷനറുടെ ജീവിത പങ്കാളിക്ക് പെൻഷൻ തുകയുടെ മൂന്നിലൊന്നു തുകയോ അല്ലെങ്കിൽ 1200 രൂപയോ (ഏതാണോ കൂടുതൽ അത്) കുടുംബ പെൻഷനായി അനുവദിക്കും. മരണപ്പെട്ട പെൻഷനറുടെ വിധവയ്ക്ക് 1100 രൂപ കുടുംബ പെൻഷനായി ലഭിക്കും. കാലാകാലങ്ങളിലുണ്ടാകുന്ന പെൻഷൻ വർധനയും ബാധകമായിരിക്കും. തൊഴിലാളി മരണപ്പെടുന്ന സാഹചര്യത്തിൽ വിധവയ്ക്ക്, തൊഴിലാളി ജീവിച്ചിരുന്നെങ്കിൽ സർവീസിൽ തുടരുമായിരുന്ന കാലയളവ് വരെ പ്രതിമാസം 3000 രൂപയും തുടർന്നുള്ള കാലയളവിൽ 1100 രൂപയും സാന്ത്വന ധനസഹായമായി ലഭിക്കും. ഈ ധനസഹായം ലഭിച്ചുകൊണ്ടിരിക്കെ വിഭാര്യനായ തൊഴിലാളിയോ വിധവയായ തൊഴിലാളിയോ മരണപ്പെട്ടാൽ പെൻഷൻ തുക തുല്യമായി വീതിച്ച് തൊഴിലാളിയുടെ മക്കൾക്ക് നൽകും. ആൺകുട്ടിയാണെങ്കിൽ 21 വയസ് വരെയും പെൺകുട്ടിയാണെങ്കിൽ വിവാഹം വരെയുമാകും ധനസഹായം ലഭിക്കുക. ഈ ആനുകൂല്യങ്ങളിൽ ഏറ്റവും ഗുണകരമായ ഒരു ആനുകൂല്യത്തിനു മാത്രമേ ഒരു കുടുംബത്തന് അർഹതയുണ്ടാകൂ എന്നും ഉത്തരവിലുണ്ട്. കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ സൂപ്പർ ആനുവേഷനു മുൻപായുള്ള തൊഴിലാളികളുടെ അകാരണമായ പിരിഞ്ഞുപോക്ക് തടയുന്നതിനായി പെൻഷൻ പദ്ധതി ആകർഷകമാക്കണമെന്ന ബോർഡിന്റെ ആവശ്യം പരിഗണിച്ചാണ് തൊഴിലും നൈപുണ്യവും വകുപ്പ് കുടുംബ പെൻഷനും പെൻഷൻ വർധനയും പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. (സ.ഉ. (അച്ചടി) നമ്പർ 133/2019/തൊഴിൽ, തീയതി 2019 ഡിസംബർ 12)