കേന്ദ്ര സർക്കാർ രൂപീകരിച്ചിട്ടുള്ള പുതിയ ലേബർ കോഡുകൾ സംസ്ഥാനത്തെ തൊഴിൽ മേഖലയിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. നിലവിലുള്ള തൊഴിൽ നിയമങ്ങൾ ദുർബലപ്പെടുത്തി 29 തൊഴിൽ നിയമങ്ങൾ ഏകീകരിച്ചും 12 നിയമങ്ങൾ റദ്ദാക്കിയും നാലു കോഡുകളാക്കി തൊഴിലാളികളുടെ ആനൂകൂല്യങ്ങളും അവകാശങ്ങളും പരിമിതപ്പെടുത്താനും നിഷേധിക്കാനുമാണ് നിയമ ഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യംവെക്കുന്നതെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. തൊഴിൽനിയമങ്ങൾ നാലു കോഡുകളാക്കി മാറ്റുന്നതു സംബന്ധിച്ച് ഇ.ടി.ടൈസൺ മാസ്റ്റർ എംഎൽഎയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.

തൊഴിൽ നിയമങ്ങളിൽ തൊഴിലാളികൾക്കു ദോഷകരമായി കേന്ദ്രം വരുത്തുന്ന ഭേദഗതികളിൽ നിയമ പരിധിക്കുള്ളിൽ നിന്ന് ഇടപെടുകയും അനുബന്ധ ചട്ടങ്ങൾ രൂപീകരിക്കുമ്പോൾ സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് തൊഴിലാളി താത്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. വേജ് കോഡ് ചട്ടങ്ങൾ പ്രകാരം തൊഴിലാളിയുടെ ജോലി സമയം ഒരു ദിവസം ഒമ്പതു മണിക്കൂറാണ്. നിലവിലുള്ള മിനിമം വേതന ചട്ടങ്ങൾ പ്രകാരം ഇത് ഒമ്പതു മണിക്കൂറാണെങ്കിലും ആഴ്ചയിൽ 48 മണിക്കൂറിൽ അധികമുള്ള ജോലി സമയത്തിന് തൊഴിലാളിക്ക് ഓവർടൈം അലവൻസ് ലഭ്യമായിരുന്നതിനാൽ തൊഴിലാളിയെ സംബന്ധിച്ച് പ്രതിദിനം ജോലിസമയം എട്ടു മണിക്കൂറായിരുന്നു. ജോലി സമയം എട്ടു മണിക്കൂറായി തുടരുന്നതിനു ഭേദഗതി വരുത്തണമെന്ന് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോഡ് ഓൺ വേജസിലെ വ്യവസ്ഥ പ്രകാരം മിനിമം വേതന ഉപദേശക സമിതിയുടെ ശുപാർശ സ്വീകരിക്കാൻ സർക്കാരിന് ബാധ്യതയില്ല. തൊഴിലാളികളുടെ പ്രതിദിന വേതനം 378 രൂപ ആയിരിക്കണമെന്ന വിദഗ്ദ്ധ സമിതി നിർദ്ദേശം അംഗീകരിക്കാൻ കോഡ് തയാറായിട്ടില്ല. ദേശീയ അടിസ്ഥാന വേതനം കേവലം 178 രൂപ ആയിരിക്കുമെന്നു കോഡ് പറയുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

വർക്കിംഗ് ജേർണലിസ്റ്റ് സെയിൽസ് പ്രമോഷൻ വിഭാഗങ്ങളിലെ ജീവനക്കാരെ എംപ്ലോയി എന്ന നിർവ്വചനത്തിൽ നിന്നും മാറ്റി വർക്കർ എന്ന നിർവചനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഈ വിഭാഗം തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടാനിടയാകും. ബോണസ് വ്യവസ്ഥകൾ 20-ഉം അതിൽ കൂടുതലോ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് ഉണ്ടായിരുന്ന അധികാരം പുതിയ കോഡ് നഷ്ടപ്പെടുത്തി. ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡിലെ വ്യവസ്ഥകളും തൊഴിലാളികൾക്കു തിരിച്ചടിയുണ്ടാക്കുന്നതാണ്. തൊഴിലാളികളെ വർക്ക്മെൻ എന്ന് പൊതുവെ നിർവചിക്കുന്നതായിരുന്നു പുതിയ നിയമം എന്നാൽ നിലവിലെ കോഡിൽ എംപ്ലോയി, വർക്കർ എന്നീ രണ്ട് നിർവ്വചനങ്ങളും നൽകിയിരിക്കുന്നത് തർക്കങ്ങൾക്കു കാരണമാകും. കോഡ് പ്രകാരമുള്ള വേജസ് എന്ന നിർവചനം പൂർണ്ണമല്ല. ചാരിറ്റബിൾ, സോഷ്യൽ അല്ലെങ്കിൽ ഫിലൻട്രോപിക് സർവീസ് എന്നീ സ്ഥാപനങ്ങൾ നിയമ പരിധിയിൽ നിന്നും ഒഴിവാകും. ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് പ്രകാരം 15,000 രൂപയ്ക്ക് മുകളിൽ വേതനമുള്ള സൂപ്പർവൈസറി തസ്തികയിലെ ജീവനക്കാരൻ വർക്കർ എന്ന നിർവചനത്തിനു പുറത്താകും. ഇത് അംഗീകരിക്കാനാവില്ല. തൊഴിലാളികൾക്ക് കൺസീലിയേഷൻ ഓഫിസർക്കു മുമ്പാകെ തർക്കം ഉന്നയിക്കണമെങ്കിൽ ഗ്രീവൻസ് റിഡ്രസ്സൽ കമ്മിറ്റിയിൽ തർക്കം ഉന്നയിച്ച് തർക്ക പരിഹാരം ഉണ്ടാകാതിരിക്കണമെന്നത് പരിഹാരങ്ങൾക്കു കാലതാമസം ഉണ്ടാക്കാം.

ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഒരു സ്ഥാപനത്തിലെ ആകെ തൊഴിലാളികളിൽ 10 ശതമാനമോ 100 എണ്ണമോ ഏതാണോ കുറവ് അത്രയും തൊഴിലാളികൾ ചേർന്ന് അപേക്ഷ നൽകണമെന്നാണ് പുതിയ വ്യവസ്ഥ. നിലവിൽ ഏഴു തൊഴിലാളികൾ ചേർന്ന് അപേക്ഷ നൽകിയാൽ ട്രേഡ് യൂണിയൻ രജിസ്ട്രേഷൻ ലഭിക്കും. സംഘടിത വ്യവസായങ്ങളിലെ ട്രേഡ് യൂണിയനുകൾക്ക് സ്ഥാപനത്തിന് പുറത്തുള്ളവരെ ഭാരവാഹികളായി തെരഞ്ഞെടുക്കാനുള്ള അവകാശം ഈ കോഡിലൂടെ നിഷേധിക്കപ്പെടുന്നു.  ട്രേഡ് യൂണിയനുകൾ സോൾ നെഗോഷിയേഷൻ യൂണിയൻ പദവി ലഭിക്കണമെങ്കിൽ സ്ഥാപനത്തിലെ 75% തൊഴിലാളികളുടെ പിന്തുണ വേണം. നിലവിൽ കേരള ട്രേഡ് യൂണിയൻ റെക്കഗ്നീഷൻ നിയമ പ്രകാരം 51% മാത്രമാണ് ഇത്. ഒരു ദിവസത്തെ പണിമുടക്കിന് എട്ടു ദിവസത്തെ വേതനം തടഞ്ഞുവെക്കാൻ കോഡ് വ്യവസ്ഥ ചെയ്യുന്നു. നിലവിൽ തൊഴിലാളികളെ സസ്പെൻഡ് ചെയ്താൽ ലഭിക്കുന്ന സബ്സിസ്റ്റൻസ് അലവൻസ് ആദ്യ 90 ദിവസത്തേയ്ക്ക് നിലവിലെ വേതനത്തിന്റെ 50%, അടുത്ത 90 ദിവസത്തേക്ക് 75%, പിന്നീടുള്ള കാലയളവിൽ 100% എന്നുള്ളതുമാണ്. എന്നാൽ പുതിയ കോഡ് പ്രകാരം ആദ്യം 90 ദിവസത്തേയ്ക്ക് 50% അതിനെ തുടർന്നുള്ള കാലത്ത് 75% എന്നതുമാണ്.ലേബർ കോടതികൾ എന്ന സംവിധാനം പുതിയ കോഡ് പ്രകാരം ഉണ്ടാകില്ല. പകരം ഇൻഡസ്ട്രിയൽ ട്രിബ്യൂണലുകൾ മാത്രമാകും ഉണ്ടാവുക. ഫിക്സഡ് ടേം എംപ്ലോയ്മെൻറിന്റെ കാര്യത്തിൽ കൃത്യത വരുത്തേണ്ടതുണ്ട്. പെർമനന്റ് നേച്ചർ ഓപ് വർക്കിൽ മാത്രമേ ഫിക്സഡ് ടേം വരാൻ പാടുള്ളൂ എന്ന നിർദ്ദേശം ഇൻഡസ്ട്രിയൽ റിലേഷൻ കോഡ് സ്റ്റാന്റിംഗ് കമ്മിറ്റി മുൻപാകെ സമർപ്പിച്ചിട്ടുണ്ട്.

കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി പ്രകാരം സൂപ്പർവൈസറി കാറ്റഗറിയിലുള്ള തൊഴിലാളികളെ വർക്കർ എന്ന നിർവ്വചനത്തിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. ഇത് തൊഴിലാളികളുടെ അവകാശ നിഷേധത്തിനു കാരണമാകും. കുറഞ്ഞത് 60 ദിവസമെങ്കിലും ജോലി ചെയ്ത കോൺട്രാക്ട് തൊഴിലാളിക്ക് മാത്രമേ കോമ്പൻസേഷൻ ലഭിക്കുകയുള്ളൂ. മരണമോ, അപകടമോ തൊഴിലാളികളുടെ കുറ്റം മൂലമല്ലാതെ സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കുന്നതിന് 60 ദിവസം ജോലി ചെയ്തിരിക്കണം എന്നതും തൊഴിലാളികൾക്കു തിരിച്ചടിയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ കോഡിൽ മെറ്റേർണിറ്റി ബെനിഫിറ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ദി ഒക്യുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആന്റ് വർക്കിംഗ് കണ്ടീഷൻസ് കോഡ് പ്രകാരം കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫിസുകൾ ഒന്നിലും കോഡ് ബാധകമാകില്ല. ഇത് തൊഴിലാളികളുടെ നിലവിലെ അവകാശങ്ങൾക്കും ആനുകൂല്യങ്ങൾക്കും തടസമാകും. മേൽ കോഡിന് കീഴിലാണ് ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് ആക്ട്, ഇന്റർ സ്റ്റേറ്റ് മൈഗ്രന്റ് വർക്ക്മെൻ ആക്ട്, കോൺട്രാക്ട് ലേബർ ആക്ട് എന്നിവ വരുന്നത്. പുതിയ നിയമ പ്രകാരം സർക്കാരിന് കീഴിലെ നിർമ്മാണ പ്രവ്ര്ത്തനങ്ങൾക്കും മറ്റും ഈ നിയമങ്ങൾ ബാധകമല്ലാത്ത സ്ഥിതി വരും. പ്രസ്തുത കോഡിലും എംപ്ലോയി, വർക്കർ എന്നിവ പ്രത്യേകം നിർവ്വചിക്കപ്പെട്ടിരിക്കുന്നതിനാലും ഇതിൽ അപ്രന്റീസുമാരെ ഉൾപ്പെടുത്താത്തതിനാലും ഭാവിയിൽ കേസുകൾക്കും തർക്കങ്ങൾക്കും കാരണമാവുകയും അപ്രന്റീസ് വിഭാഗത്തിന്റെ അവകാശങ്ങൾ ഹനിക്കുന്നതിന് ഇടയാക്കുകയും ചെയ്യും. നിലവിൽ സംസ്ഥാനത്തിനുള്ളിൽ പ്രവർത്തിക്കുന്ന ഫാക്ടറികൾ പരിശോധിക്കാനുളള അധികാരം സംസ്ഥാനത്തിനുണ്ട്. എന്നാൽ പുതിയ കോഡ് പ്രകാരം കേന്ദ്ര സർക്കാരിന് കീഴിലെ ഫാക്ടറികൾ പരിശോധിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അധികാരം എടുത്ത് കളഞ്ഞിരിക്കുകയാണ്.

പുതിയ കോഡ് പ്രകാരം ബിൽഡിങ് – അദർ കൺസ്ട്രക്ഷൻ വർക്ക് എന്ന നിർവചനത്തിൽ നിന്നും ഒഴിവാക്കാവുന്ന റെസിഡൻഷ്യൽ പ്രോപ്പർട്ടി ഏതാണെന്നു നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനു മാത്രമാണ്. നിലവിൽ ഈ അധികാരം സംസ്ഥാന സർക്കാരുകൾക്കാണ്. അൺസ്‌കിൽഡ്, സ്‌കിൽഡ്, സെമി-സ്‌കിൽഡ്, ഹൈലി സ്‌കിൽഡ് എന്നീ നാല് തരത്തിലാണു വേതനം നിശ്ചയിക്കുന്നത്. പുതിയ കോഡിലെ ബിൽഡിംഗ് വർക്കർ എന്ന കാറ്റഗറിയിൽ ഹൈലി സ്‌കിൽഡ്, സൂപ്പർവൈസർ എന്നീ കാറ്റഗറികൾ ഇല്ല. ഇത് ഈ വിഭാഗം തൊഴിലാളികളുടെ വേതനം നിശ്ചയിക്കുന്നതിന് തടസമാകും. എംപ്ലോയി എന്ന നിർവചനത്തിലും  ഹൈലി സ്‌കിൽഡ് എന്ന വിഭാഗത്തെ ഉൾപ്പെടുത്തിയിട്ടില്ല. പുതിയ കോഡ് പ്രകാരം മാനേജർ തലത്തിലുള്ള ജീവനക്കാരെ പ്രിൻസിപ്പൽ എംപ്ലോയി എന്ന പദവിക്കു തുല്യമായിരിക്കുന്നു. ഇത് യഥാർത്ഥ  തൊഴിലുടമകളെ ഉത്തരവാദിത്തത്തിൽ ഒഴിയുവാനും ഇല്ലാത്ത അധികാരത്തിന്റെ പേരിൽ ജീവനക്കാരുടെ മേൽ അനാവശ്യ ഉത്തരവാദിത്വം അടിച്ചേൽപ്പിക്കാനും ഇടയാക്കും. തൊഴിലാളി ക്ഷേമ മാനദണ്ഡം എന്തെല്ലാമെന്നു തീരുമാനിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാണ്. ഈ അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകേണ്ടതാണ്. പ്രസ്തുത കോഡിൽ ജോലി സമയം സംബന്ധിച്ച്  വ്യക്തത വരുത്തേണ്ടതുണ്ട്. എന്നാൽ മാത്രമേ തൊഴിലാളികളും ഇപ്പോൾ അനുഭവിക്കുന്ന ഓവർടൈം അലവൻസ് പോലുള്ള ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുകയുള്ളൂ. നിലവിലെ നിയമപ്രകാരം വർക്കിംഗ്  സ്റ്റേറ്റ്മെന്റിനും, സെയിൽസ് പ്രൊമോഷനും തൊഴിലാളികൾക്ക് ഏൺഡ് ലീവും മെഡിക്കൽ ലീവും ലഭ്യമാണ്. എന്നാൽ പുതിയ കോഡിൽ കോഡിൽ ഈ ആനുകൂല്യങ്ങളില്ല. തൊഴിലാളികൾ ചെയ്യുന്ന കുറ്റങ്ങൾക്കുള്ള പിഴ 10,000 രൂപ എന്നു വ്യവസ്ഥ ചെയ്തിരിക്കുന്നു. ഇത് തൊഴിലാളികൾക്കെതിരെ വ്യാപകമായി ദുരുപയോഗം ചെയ്യാനിടയാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.