സംസ്ഥാനത്തെ വിവിധ തൊഴിൽ മേഖലകളിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും അപകട സാധ്യത ഒഴിവാക്കാനുമായി സേഫ്റ്റി കൺസൾട്ടന്റ് ടീം രൂപീകരിക്കുമെന്നു തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിന്റെ നേതൃത്വത്തിലാകും ടീം രൂപീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്ന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് സംഘടിപ്പിച്ച ആരോഗ്യ – സുരക്ഷിതത്വ പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലിടങ്ങളിൽ തൊഴിലാളികൾക്കു കൂടുതൽ സുരക്ഷിതത്വ ബോധമുണ്ടാക്കുക, തൊഴിൽ സ്ഥാപനങ്ങളിൽ നിയമവിധേയമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുക എന്നിവയാകും സേഫ്റ്റി കൺസൾട്ടന്റ് ടീമിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ. ടീം രൂപീകരിക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി. അപകടമുക്തമായ തൊഴിലിടങ്ങൾ എന്ന ലക്ഷ്യത്തോടെ തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് വിപുലമായ പരിശീലന – ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനു സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സുരക്ഷിതവും രോഗമുക്തവുമായ തൊഴിലിടങ്ങൾ തൊഴിലാളികളുടെ അവകാശമാണ്. ഫാക്ടറി നിയമം അനുശാസിക്കുന്നവിധത്തിൽ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും ക്ഷേമവും ഉറപ്പുവരുത്താൻ കഴിയണം. പൊതുസമൂഹത്തിലും സുരക്ഷാ ബോധം വളർത്തിയെടുക്കണം. തൊഴിൽ സ്ഥാപനങ്ങളിലെ അപകടങ്ങൾ ഒഴിവാക്കുന്നതിലും തൊഴിലുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങൾ തടയുന്നതിലും തൊഴിലുടമകളുടെ ഉത്തരവാദിത്തം നിറവേറ്റപ്പെടണം. തൊഴിലിടങ്ങളിലെ സുരക്ഷയ്ക്കും തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയ്ക്കും സർക്കാർ ഉയർന്ന പരിഗണനയാണു നൽകുന്നത്. അപകടങ്ങൾ ഒഴിവാക്കുന്നതിന് ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വകുപ്പ് മുഖേന ആധുനിക സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിവരികയാണ്. തൊഴിൽജന്യരോഗങ്ങളുടെ കാരണം കണ്ടെത്തി തടയുന്നതിനും ഫലപ്രദമായി ഇടപെടുന്നുണ്ട്. ഒരേ തൊഴിലിൽ ഏർപ്പെടുന്നതുമൂലം കാലക്രമേണ തൊഴിൽജന്യരോഗങ്ങൾക്ക് തൊഴിലാളികൾ ഇരകളാകുന്ന സാഹചര്യം നേരിടുന്നതിനും നടപടിയെടുക്കണം. ഇതിനായി കൊല്ലത്തെ ഒക്യുപ്പേഷണൽ ഹെൽത്ത് റിസേർച്ച് സെന്ററിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. ഇഎസ്‌ഐയുമായി സഹകരിച്ച് കയർ, കശുവണ്ടി, മെറ്റൽ, ക്രഷർ, സീഫുഡ് പ്രോസസിംഗ്, പാക്കിങ്ങ് മേഖലകളിൽ തൊഴിൽജന്യരോഗനിർണയ സർവെ പൂർത്തിയാക്കി. ഈ വർഷം  ടെക്‌സ്‌റ്റൈൽ, ഇലക്‌ട്രോപ്ലേറ്റിംഗ്, ഇലക്‌ട്രോണിക്‌സ്, വെൽഡിംഗ് മേഖലകളിൽ സർവെ നടത്താൻ ആലോചിക്കുന്നുണ്ട്. നിർമാണമേഖലയിലെ എല്ലാ തൊഴിലാളികളെയും കെട്ടിട നിർമാണ ക്ഷേമനിധിയിൽ അംഗങ്ങളാക്കാനുള്ള നടപടിയുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം എസ്പി ഗ്രാൻഡ് ഡെയ്‌സ് ഹോട്ടലിൽ നടന്ന ദ്വിദിന പരിശീലന പരിപാടിയിൽ ചെറുകിട കെട്ടിട നിർമാണ തൊഴിലാളികൾ, തൊഴിലുടമകൾ, കെട്ടിട നിർമാണ പ്രതിനിധികൾ, കെട്ടിട നിർമാണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരിൽനിന്നുള്ള 35 പ്രതിനിധികൾ പങ്കെടുത്തു. രാജ്യത്ത് ആദ്യമായാണ് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ സുരക്ഷിതത്വ ആരോഗ്യ വിദഗ്ധരുടെ സഹായത്തോടെ പരിശീലന പരിപാടി സംഘടിപ്പിച്ചത്. സമാപന സമ്മേളനത്തിൽ ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഡയറക്ടർ പി. പ്രമോദ് അധ്യക്ഷത വഹിച്ചു. ഐഎൽഒ ഗവേണിങ് ബോഡി അംഗം ആർ. ചന്ദ്രശേഖരൻ, ഐഎൽഒ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് വിഭാഗം സീനിയർ സ്‌പെഷ്യലിസ്റ്റും ലേബർ ഇൻസ്‌പെക്ടറുമായ യോഷി കവകാമി, പ്രോഗ്രാം ഓഫിസർ കനകറാണി, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ജോയിന്റ് ഡയറക്ടർ ആർ. സൂരജ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. സമുദ്രനിരപ്പിൽനിന്ന് 3000 അടിയിലേറെ ഉയരമുള്ള, സൂര്യാഘാതത്തിനു സാധ്യതയില്ലാത്ത, മേഖലകളെ നിയന്ത്രണത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് തീയതികളിൽ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടെങ്കിൽ റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർമാർ, ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസ് എന്നിവർ ലേബർ കമ്മീഷണർക്കു റിപ്പോർട്ട് ചെയ്യണമെന്നും ഉത്തരവിൽ നിർദേശച്ചിട്ടുണ്ട്. 1958-ലെ കേരള മിനിമം വേജസ് ചട്ട പ്രകാരമാണു തൊഴിൽ സമയം പുനഃക്രമീകരിച്ചിട്ടുള്ളത്.