ചെരിപ്പ് നിർമാണ കമ്പനികളുടെ മാനുഫാക്ചറിങ് യൂണിറ്റുകളിലും ഷോപ്പുകളിലും തൊഴിൽ വകുപ്പിന്റെ സംസ്ഥാന വ്യാപക പരിശോധന. തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണന്റെ നിർദേശപ്രകാരം ലേബർ കമ്മിഷണർ പ്രണബ്‌ജ്യോതി നാഥിന്റെ മേൽനോട്ടത്തിൽ അഡീഷണൽ ലേബർ കമ്മിഷണർ (എൻഫോഴ്‌സ്‌മെന്റ്) കെ. ശ്രീലാലിന്റെ നേതൃത്വത്തിൽ 301 സ്ഥാപനങ്ങളിലെ 1397 പുരുഷ തൊഴിലാളികൾ, 383 സ്ത്രീ തൊഴിലാളികൾ എന്നിവരടക്കം 1780 ജീവനക്കാരെ നേരിൽ കണ്ടു പരിശോധന നടത്തി. 313 ജീവനക്കാർക്ക് (203 പുരുഷ തൊഴിലാളികൾ, 110 സ്ത്രീ തൊഴിലാളികൾ) മിനിമം വേതനം ലഭിക്കുന്നില്ലെന്നു പരിശോധനയിൽ കണ്ടെത്തി. നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡെയ്‌സ് നിയമം, മെറ്റേണിറ്റി ബെനിഫിറ്റ് നിയമം തുടങ്ങിയ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായും കണ്ടെത്തി. മിക്ക സ്ഥാപനങ്ങളും വേതന സുരക്ഷാ പദ്ധതി മുഖേന ജീവനക്കാർക്കു വേതന വിതരണം നടത്തുന്നില്ല. കേരള ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമവും ചട്ടങ്ങളും, മിനിമം വേതന നിയമവും ചട്ടങ്ങളും, ഈക്വൽ റമ്യൂണറേഷൻ നിയമം, ഇതര സംസ്ഥാന തൊഴിലാളി നിയമം എന്നിവയുടെ ലംഘനങ്ങളും കണ്ടെത്തി. നിയമ ലംഘനങ്ങൾ പരിഹരിക്കുന്നതിനു നോട്ടിസ് നൽകിയതായും നിയമാനുസൃതമായ തുടർനടപടി സ്വീകരിക്കുമെന്നും ലേബർ കമ്മിഷണർ അറിയിച്ചു. റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർമാർ, ജില്ലാ ലേബർ ഓഫിസർമാർ(എൻഫോഴ്‌സ്‌മെന്റ്), അസിസ്റ്റന്റ് ലേബർ ഓഫിസർമാർ തുടങ്ങിയവർ വിവിധയിടങ്ങളിൽ പരിശോധനയിൽ പങ്കെടുത്തു.