ചെറുകിട കെട്ടിട നിർമാണ മേഖലയിലെ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഉദ്യോഗസ്ഥർക്കുമായി ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് സംഘടിപ്പിക്കുന്ന ദ്വിദിന ആരോഗ്യ – സുരക്ഷിതത്വ പരിശീലനത്തിനു തുടക്കമായി. അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി(ഐഎൽഒ) ചേർന്നാണു പരിപാടി  സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം എസ്.പി. ഗ്രാൻഡ് ഡെയ്‌സിൽ തൊഴിലും നൈപുണ്യവും വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി സത്യജിത് രാജൻ പരിശീലനം ഉദ്ഘാടനം ചെയ്തു. ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഡയറക്ടർ പി. പ്രമോദ് അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടർ ആർ. സൂരജ് കൃഷ്ണൻ, ഐഎൽഒയുടെ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് വിഭാഗം സീനിയർ സ്‌പെഷ്യലിസ്റ്റ് യോഷി കവകാമി, ഐഎൽഒ പ്രോഗ്രാം ഓഫിസർ കനകറാണി തുടങ്ങിയവർ പങ്കെടുത്തു. ചെറുകിട കെട്ടിട നിർമാണ തൊഴിലാളികൾ, തൊഴിലുടമകൾ, കെട്ടിട നിർമാണ പ്രതിനിധികൾ, കെട്ടിട നിർമാണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരിൽനിന്നുള്ള 35 പ്രതിനിധികളാണു പരിശീലനത്തിൽ പങ്കെടുക്കുന്നത്. കൺസ്ട്രക്ഷൻ സൈറ്റ് ലേഔട്ട്, സാധനങ്ങൾ കൈകാര്യം ചെയ്യൽ, ഉയരത്തിൽനിന്നുള്ള ജോലി എന്നീ വിഷയങ്ങളിൽ ആദ്യ ദിനം ക്ലാസുകൾ നടന്നു. കൺസ്ട്രക്ഷൻ സൈറ്റ് സന്ദർശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

രാജ്യത്ത് ആദ്യമായാണ് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ സുരക്ഷിതത്വ ആരോഗ്യ വിദഗ്ധരുടെ സഹായത്തോടെ പരിശീലന പരിപാടി നടക്കുന്നത്. തൊഴിലിടങ്ങളിലെ അപകട സാധ്യത മനസിലാക്കൽ, അപകട സാഹചര്യങ്ങൾ കാര്യക്ഷമമായി ഒഴിവാക്കൽ തുടങ്ങിയ മാർഗനിർദേശങ്ങൾ പരിശീലനത്തിന്റെ ഭാഗമായി നൽകും. ഉയർന്ന ഉത്പാദന ക്ഷമതയും സുരക്ഷിതമായ തൊഴിലിടങ്ങളും എന്നതാണു പരിശീലന പരിപാടിയുടെ അടിസ്ഥാന തത്വം. നിർമാണ മേഖലയിലെ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ  11/02/2020-ന് ക്ലാസുകൾ നടക്കും. വൈകിട്ട് അഞ്ചിനു നടക്കുന്ന സമാപന സമ്മേളനം തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പരിശീലനം നേടിയവർക്കുള്ള സർട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്യും.