മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് ഒത്തുതീർപ്പിനു തയാറാകുന്നില്ലെങ്കിൽ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് തൊഴിലും നൈപുണ്യവും മന്ത്രി ടി.പി. രാമകൃഷ്ണൻ. തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. എം. സ്വരാജ് എം.എൽ.എയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

മാനേജ്മെന്റിന്റെ നിഷേധാത്മക സമീപനമാണു പ്രശ്ന പരിഹാരത്തിനു തടസം. മുത്തൂറ്റ് സമരം ഒത്തുതീർപ്പാക്കുന്നതിനു ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരുമായി ഉണ്ടാക്കിയ നിർദേശങ്ങളും കരാറുകളും ലംഘിക്കുന്ന സമീപനമാണു മാനേജ്മെന്റ് സ്വീകരിച്ചിട്ടുള്ളത്. ഒക്ടോബർ പത്തിന് ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിലുണ്ടാക്കിയ ത്രികക്ഷി കരാർ ലംഘിച്ച് ജീവനക്കാരെ പിരിച്ചുവിടാനും ബ്രാഞ്ചുകൾ പൂട്ടാനും മാനേജ്മെന്റിന്റെ ഭാഗത്തുനിന്നു നീക്കമുണ്ടായി. ഇതിനെതിരേ നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് അസോസിയേഷൻ (സിഐടിയു) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലേബർ കമ്മീഷണർ ഇരു കക്ഷികളേയും ചർച്ചയ്ക്കു ക്ഷണിച്ചു. ബ്രാഞ്ചുകൾ പൂട്ടുന്ന കാര്യത്തിലും തൊഴിലാളികളെ പിരിച്ചുവിടുന്ന കാര്യത്തിലും പിന്നോട്ടില്ലെന്നാണ് യോഗത്തിൽ മാനേജ്മെന്റ് അറിയിച്ചത്. തുടർന്നു തൊഴിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു. ത്രികക്ഷി കരാറിലെ വ്യവസ്ഥകൾ മാനേജ്മെന്റ് ലംഘിച്ചതായും ഇതു നീതിയുക്തമല്ലെന്നും യോഗം വിലയിരുത്തി. 166 തൊഴിലാളികളെ പിരിച്ചുവിട്ടതു സംബന്ധിച്ച് മുത്തൂറ്റ് മാനേജിങ് ഡയറക്ടർക്ക് കാരണംകാണിക്കൽ നോട്ടിസ് നൽകുകയും ചെയ്തു.

സമരം തുടരുന്ന സാഹചര്യത്തിൽ, ഹൈക്കോടതിയുടെ നിർദേശപ്രകാരം ജനുവരി 14, 20, 29 തീയതികളിൽ ലേബർ കമ്മീഷണർ പ്രശ്ന പരിഹാരത്തിനു യോഗങ്ങൾ വിളിച്ചുചേർത്തു. പിരിച്ചുവിട്ട ജീവനക്കാരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്ന് 29ന് ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗം ശുപാർശ ചെയ്തു. ഇക്കാര്യം മാനേജ്മെന്റിന്റെ ഉന്നതതല പരിഗണനയ്ക്കു ലഭ്യമാക്കി വിവരം അറിയിക്കാമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.