സംസ്ഥാന അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ചികിത്സാ സഹായം വർധിപ്പിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്കായി 10000 രൂപയും മാരക രോഗങ്ങൾക്ക് സർക്കാർ, സർക്കാർ അംഗീകൃത സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കുന്നതിന് 50,000 രൂപയും ധനസഹായമായി ലഭിക്കും. (സ.ഉ.(അച്ചടി)നം. 10/2020/തൊഴിൽ, തീയതി ജനുവരി 23, 2020) മുടക്കമില്ലാതെ അംശദായം അടച്ച് അഞ്ചു വർഷം സർവീസ് പൂർത്തിയാക്കിയവർക്കാണു പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നത്. സർക്കാർ ആശുപത്രികളിലെ ചികിത്സയ്ക്ക് ബന്ധപ്പെട്ട ആശുപത്രി രേഖകളുടെ അടിസ്ഥാനത്തിലാകും തുക അനുവദിക്കുക. ചികിത്സയ്ക്കു ചെലവായ തുകയോ 10000 രൂപയോ ഏതാണോ കുറവ് അത്രയും തുക തവണകളായി ലഭിക്കും. കാൻസർ, ഹൃദ്രോഗം, തലച്ചോറിലെ മുഴ തുടങ്ങിയ രോഗങ്ങൾക്കാകും 50,000 രൂപ ചികിത്സാ ചെലവായി ലഭിക്കുന്നത്. സർക്കാർ ആശുപത്രി, സർക്കാർ അംഗീകരിച്ച സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സിക്കുന്നതിനുള്ള ചെലവോ 50,000 രൂപയോ ഏതാണോ കുറവ് അത്രയും തുകയാകും തവണകളായി ലഭിക്കുന്നത്. ബോർഡിന്റെ ഭവനവായ്പാ പദ്ധതിയും പരിഷ്‌കരിച്ചിട്ടുണ്ട്. ഭവനവായ്പ ഇനത്തിൽ ഒരിക്കൽ തുക കൈപ്പറ്റി അഞ്ചു വർഷത്തിനു ശേഷം സമർപ്പിക്കുന്ന അപേക്ഷകളിൽ ആദ്യം ഭവന വായ്പ ഇനത്തിൽ തുക കൈപ്പറ്റിയ തീയതിക്കു ശേഷം തൊഴിലാളികളുടെ വിഹിതമായി അടവു വരുന്ന തുക ഭവന വായ്പ ഇനത്തിൽ രണ്ടാമതും അനുവദിക്കും.