സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ സന്ദേശം പകര്‍ന്ന് ശരിയോരം സൈക്ലത്തോണ്‍. ഒരു ലക്ഷം സൈക്കിളുകളാണ് മദ്യം, ലഹരിമരുന്ന് എന്നിവയ്ക്കെതിരെ ശരിയോരം പാലിക്കുകയെന്ന സന്ദേശവുമായി അണി നിരന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്തു. ലഹരി വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്ലക്കാര്‍ഡുകളും തൊപ്പികളും ധരിച്ച് സൈക്കിളുകള്‍ അലങ്കരിച്ച് ഹരിത പ്രോട്ടോകോള്‍ പാലിച്ചാണ് വിദ്യാര്‍ഥികള്‍ പങ്കെടുത്തത്. പ്രാദേശിക നാട്ടുകൂട്ടായ്മകള്‍, ക്ലബ്ബുകള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം അണിചേര്‍ന്നു. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലാ കേന്ദ്രങ്ങളില്‍ സൈക്ലത്തോണിന് നേതൃത്വം നല്‍കി. പൊതുവിദ്യാഭ്യാസ വകുപ്പ്, വി.എച്ച്.എസ്.ഇ, നാഷണല്‍ സര്‍വ്വീസ് സ്കീം എന്നിവ സംയുക്തമായി വിമുക്തി സെല്ലുമായി സഹകരിച്ചാണ് സൈക്ലത്തോണ്‍ സംഘടിപ്പിച്ചത്. മേയര്‍ കെ.ശ്രീകുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ ബാബു സ്വാഗതം പറഞ്ഞു. എക്സൈസ് അഡീഷണല്‍ കമ്മീഷണര്‍ ഡി.രാജീവ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എന്‍.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് നന്ദി പറഞ്ഞു.