അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് വഴി നൽകുന്ന ക്ഷേമ ആനുകൂല്യങ്ങൾ വർധിപ്പിക്കുമെന്നു തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവരെയും ബോർഡിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിക്കു കീഴിൽ കൊണ്ടുവരികയാണു സർക്കാരിന്റെ ലക്ഷ്യമെന്നും അതുവഴി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള തൊഴിലാളി ക്ഷേമ ബോർഡായി ഇതു മാറുമെന്നും അദ്ദേഹം പറഞ്ഞു. ബോർഡിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വിളിച്ചു ചേർത്ത ജില്ലാ എക്സിക്യൂട്ടിവ് ഓഫിസർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സർക്കാരിന്റെ ഒരു തൊഴിലാളി ക്ഷേമ പദ്ധതിയിലും ഉൾപ്പെടാത്ത എല്ലാ വിഭാഗം തൊഴിലാളികളേയും അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിക്കു കീഴിൽ കൊണ്ടുവരണമെന്നു മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ കൂടുതൽ താത്പര്യം കാണിക്കണം. തൊഴിലാളികളെ പദ്ധതിയിലേക്ക് ആകർഷിക്കാനുള്ള നയപരിപാടികൾ ജില്ലാതലത്തിൽ ആവിഷ്‌കരിച്ചു നടപ്പാക്കണം. ഇതിനു തൊഴിലാളി സംഘടനകളുടെ സഹകരണം ഉറപ്പാക്കണം. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 25,000 പേരെ ബോർഡിന്റെ ക്ഷേമ പദ്ധതിയിൽ അംഗങ്ങളാക്കാനാണു ലക്ഷ്യമിടുന്നത്. ഇതിനായി ഫെബ്രുവരി 10നു മുൻപ് ജില്ലാതലത്തിൽ തൊഴിലാളി സംഘടനകളുടെ യോഗം വിളിക്കണം. വിവിധ തൊഴിൽ വിഭാഗങ്ങളുമായി ബന്ധപ്പെട്ടും പരമാവധി തൊഴിലാളികളെ അംഗങ്ങളാക്കണം. ഇതിനായി ജില്ലകളിൽ പ്രധാന കേന്ദ്രങ്ങളിൽ തൊഴിൽ വകുപ്പിന്റെയും തൊഴിലാളി സംഘടനകളുടെയും സഹകരണത്തോടെ ക്യാമ്പുകൾ സംഘടിപ്പിക്കണം. പദ്ധതിയിൽ അംഗങ്ങളാക്കാൻ കഴിയുന്ന തൊഴിലാളികളുടെ കണക്ക് ജില്ലാതലത്തിൽ ശേഖരിക്കണം. തൊഴിൽ വകുപ്പിന്റെ ജില്ലാ ഓഫിസുകളുടെ സഹകരണം ഇക്കാര്യത്തിൽ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി വഴി സർക്കാർ നൽകുന്ന ആനുകൂല്യങ്ങളെക്കുറിച്ചു തൊഴിലാളികളിൽ ബോധവത്കരണം നൽകേണ്ടത് അത്യന്താപേക്ഷിതമാമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇതുവഴി കൂടുതൽ തൊഴിലാളികളെ ആകർഷിക്കാൻ കഴിയും. ഓഫിസുകളിൽ ലഭിക്കുന്ന അപേക്ഷകൾക്കായി കാത്തിരിക്കാതെ ഉദ്യോഗസ്ഥർ തൊഴിലാളികൾക്കിടയിലേക്കും തൊഴിലിടങ്ങളിലേക്കും ഇറങ്ങിച്ചെല്ലണം. അപേക്ഷകളിൽ അതിവേഗ തീരുമാനെടുക്കം. അംശദായം ബാങ്ക് വഴി അടയ്ക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കുന്നതിനു യോഗത്തിൽ പങ്കെടുത്ത തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സത്യജീത് രാജനു മന്ത്രി നിർദേശം നൽകി. സെക്രട്ടേറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ തൊഴിലും നൈപുണ്യവും വകുപ്പ് അഡിഷണൽ സെക്രട്ടറി ഡി. ലാൽ, ബോർഡ് സി.ഇ.ഒ. എസ്. തുളസീധരൻ, ബോർഡിന്റെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.