തൊഴിലും നൈപുണ്യവും വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് അങ്കമാലി ഇന്‍കെല്‍ ടവറിലെ ഇന്റര്‍നാഷണല്‍ സ്‌കില്‍ പാര്‍ക്കില്‍  വിദേശ ഭാഷ പരിശീലന കേന്ദ്രവും, ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫികേഷന്‍ കോഴ്‌സും ആരംഭിക്കുന്നു. ഈ പദ്ധതികള്‍ക്കായി കെയ്‌സിന്റെ ഐ സ്റ്റെപ് പദ്ധതിയില്‍ നിന്ന് 1.36 കോടി രൂപ അനുവദിച്ചു. തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി  ടി.പി. രാമകൃഷ്ണന്റെ  അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

തൊഴിലും നൈപുണ്യവും വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിദേശ റിക്രൂട്ടിംഗ് ഏജന്‍സിയായ ഒഡെപെകും  കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും  സംയുകതമായാണ്  വിദേശ ഭാഷാ പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. അടുത്ത രണ്ടു വര്‍ഷത്തിനിടയില്‍  3000 ത്തോളം അവസരങ്ങളാണ് ഗള്‍ഫ് യൂറോപ്പ് മേഖലകളില്‍ നേഴ്‌സുമാര്‍ക്കായി ലഭ്യമാക്കുന്നത്. നഴ്‌സിംഗ് മേഖലയിലെ ഈ സാദ്ധ്യതകള്‍ കേരളത്തിലെ യുവതി യുവാക്കള്‍ക്ക് പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്.   നഴ്‌സുമാര്‍ക്ക്  ഐഇഎല്‍ടിഎസ്, ഒഇടി(IELTS, OET )എന്നീ കോഴ്‌സുകളിലാണ് ആദ്യം  പരിശീലനം നല്‍കുന്നത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നൂറു ശതമാനം തൊഴില്‍ ലഭ്യത ഉറപ്പു വരുത്തും.  തുടര്‍ന്ന് മറ്റു വിദേശ ഭാഷാ പരിശീലന പദ്ധതികളും നടപ്പിലാക്കും.   മാര്‍ച്ച് ആദ്യ വാരത്തോടെ ക്ലാസുകള്‍ ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത് .

ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലെ  സാദ്ധ്യതകളെ മുന്നില്‍കണ്ട് ഹോസ്പിറ്റാലിറ്റി മേഖലയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും സംയുക്തമായാണ് ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫിക്കേഷന്‍ നല്‍കുന്ന  ഹോസ്പിറ്റാലിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് സ്‌കൂള്‍ ആയ   École hôtelière de Lausanne (EHL ) ആണ് ഈ പദ്ധതിയുടെ നോളഡ്ജ് പാര്‍ട്ടണര്‍. École hôtelière de Lausanne (EHL )ന്റെ വൊക്കേഷണല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് പദ്ധതിയുടെ ഭാഗമായി    കിച്ചന്‍, സര്‍വീസ്, റൂംസ്, ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയില്‍    6 മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും 18 മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ കോഴ്‌സുകളുമാണ് ആരംഭിക്കുന്നത്. ഹോസ്പിറ്റാലിറ്റി മേഖലയില്‍   അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച  പരിശീലനം നല്‍കി ഇന്ത്യയ്ക്കകത്തും വിദേശത്തുമുള്ള തൊഴില്‍ സാധ്യതകള്‍ കേരളത്തിലെ യുവജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ജൂണ്‍ മാസത്തോടെ ക്ലാസുകള്‍ ആരംഭിക്കും.