സംസ്ഥാന തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ അംശദായ വിഹിതം വർധിപ്പിച്ചു. ഇതു സംബന്ധിച്ച ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. ബോർഡിന്റെ ക്ഷേമ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അംശദായം വർധിപ്പിക്കാനുള്ള തീരുമാനം.

പുതുക്കിയ നിരക്കുകൾ പ്രകാരം തൊഴിലാളികളുടെ അർധവാർഷിക അംശദായം 45 രൂപയാക്കി. തൊഴിലാളിയുടെ പേരിൽ തൊഴിലുടമ അടയ്ക്കേണ്ട അർധവാർഷിക വിഹിതവും 45 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ ബോർഡ് അംഗങ്ങളായ തൊഴിലാളികളുടെ പ്രതിവർഷ അംശദായം 180 രൂപയായി ഉയരും. 26 വർഷങ്ങൾക്ക് ശേഷമാണ് അംശദായത്തിൽ മാറ്റം വരുന്നത്.അംശദായം വർദ്ധിപ്പിക്കുന്നതോടൊപ്പം ആനുകുല്യങ്ങളിലും കാലാനുസൃതമായി വർദ്ധനവ് വരുത്തുവാൻ സർക്കാർ തത്വത്തിൽ തീരുമാനമെടുത്തിട്ടുണ്ട്.

സംസ്ഥാനത്തെ നാല് ലക്ഷത്തിലധികം വരുന്ന ഫാക്ടറി, തോട്ടം ,പൊതുമേഖലാ ബാങ്കുകൾ എന്നിവിടങ്ങളിലെ തൊഴിലാളികളും കെ എസ് ആർ ടി സി തൊഴിലാളികളും തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പരിധിയിൽ വരും. ക്ഷേമനിധിയിൽ നിലവിൽ നാലു ലക്ഷത്തിലധികം അംഗങ്ങളാണ് ഉള്ളത്.  തൊഴിലാളി, തൊഴിലുടമാ വിഹിതങ്ങൾ ഒന്നിച്ച് തൊഴിലുടമ എല്ലാ വർഷവും ജൂലൈ 15നും ജനുവരി 15നും മുൻപാണ് ബോർഡിൽ അടയ്ക്കേണ്ടത്. ഇങ്ങനെ സ്വരൂപിക്കുന്ന തുക തൊഴിലാളികളുടേയും അവരുടെ ആശ്രിതരുടേയും വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നത്.