സംസ്ഥാനത്ത് 100ൽ കൂടുതൽ സ്ത്രീ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ തൊഴിൽ വകുപ്പിന്റെ പരിശോധന. മിനിമം വേതനം, അർഹതപ്പെട്ട ആനുകൂല്യങ്ങൾ തുടങ്ങിയവ സ്ത്രീകൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന തൊഴിലും നൈപുണ്യുവം വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ നിർദേശപ്രകാരമാണ് അന്വേഷണം നടത്തിയത്.
സംസ്ഥാനത്തെ 33 സ്ഥാപനങ്ങളിലെ 9800 സ്ത്രീകളെ നേരിൽക്കണ്ടു നടത്തിയ അന്വേഷണത്തിൽ 434 തൊഴിലാളികൾക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തി. ബോണസ് ആനുകൂല്യം, മെറ്റേണിറ്റി ബെനഫിറ്റ് ആനുകൂല്യം, ഹോളിഡെയ്‌സ് ആനുകൂല്യം എന്നിവ നിഷേധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം, മിനിമം വേതന നിയമം, മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് നിയമം, അന്യ സംസ്ഥാന തൊഴിലാളി നിയമം തുടങ്ങിയവയുടെ ലംഘനങ്ങളും വേതന സുരക്ഷാ പദ്ധതിയിൽ അംഗമായിട്ടില്ലാത്ത സ്ഥാപനങ്ങളെയും പരിശോധനയിൽ കണ്ടെത്തി.
നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനുള്ള കർശന നിർദേശം നൽകിയിട്ടുണ്ടെന്നും നിയമാനുസൃതമായ തുടർ നടപടികൾ സ്വീകരിക്കുമെന്നും ലേബർ കമ്മീഷണർ സി.വി. സജൻ പറഞ്ഞു. അഡിഷണൽ ലേബർ കമ്മീഷണർ(എൻഫോഴ്‌സമെന്റ്) കെ. ശ്രീലാലിന്റെ മേൽനോട്ടത്തിലാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.