** വേതന വർധന സംബന്ധിച്ച് സർക്കാർ ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും

സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ വേതന വർധന കാര്യത്തിൽ പൊതു ധാരണയായി. 2019 ജനുവരി മാസം മുതൽ തൊഴിലാളികളുടെ  ശമ്പളത്തിൽ പ്രതിദിനം 52 രൂപയുടെ വർധനവുണ്ടാകും. തൊഴിലും നൈപണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ അധ്യക്ഷതയിൽ ഇന്നലെ (13/12/2019) ചേർന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റിയിലാണ് വേതന വർധന കാര്യത്തിൽ തൊഴിലാളികളും തോട്ടം ഉടമകളും തമ്മിൽ ധാരണയായത്. തോട്ടം മേഖലയുടെ സമഗ്ര വ്യവസായ വളർച്ചയ്ക്ക് തൊഴിലാളികളും തൊഴിലുടമകളും ഒന്നിച്ചു ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും തോട്ടങ്ങളിൽ സൗഹാർദ അന്തരീക്ഷം നിലനിർത്തണമെന്നും യോഗത്തിൽ മന്ത്രി പറഞ്ഞു.
തേയില, കാപ്പി, റബർ, ഏലം എന്നീ നാലു വിഭാഗങ്ങളിലേയും തൊഴിലാളികൾക്ക് ശമ്പള വർധന ബാധകമായിരിക്കും. നിലവിലുള്ള ശമ്പളത്തിൽ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ഉൾപ്പെടെയാണ് 52 രൂപ വർധിപ്പിക്കാൻ ധാരണയായിരിക്കുന്നത്.  2019 ഫെബ്രുവരി മുതൽ തൊഴിലാളികൾക്ക് 50 രൂപ ഇടക്കാലാശ്വാസം നൽകിയിരുന്നു.  കുടിശിക തുക 2020 മാർച്ച് 31നുള്ളിൽ കൊടുത്തു തീർക്കും. ഇടക്കാലാശ്വാസം ലഭിക്കുന്നതിനു മുൻപുള്ള 2019 ജനുവരി മാസത്തെ വർധിപ്പിച്ച ശമ്പള കുടിശികയും ഉടൻ വിതരണം ചെയ്യാൻ ധാരണയായി.
വേതന വർധന സംബന്ധിച്ച പൊതു ധാരണയുടെ അടിസ്ഥാനത്തിൽ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് യോഗത്തിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. നിയമപരമായി തൊഴിലാളികൾക്കു ലഭിക്കാനുള്ള ആനുകൂല്യങ്ങളെല്ലാം സമയബന്ധിതമായി നൽകണം. ലീവ് ആനുകൂല്യം, ബോണസ്, പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവയുടെ കാര്യത്തിലും നിയമാനുസൃത നടപടികൾ സ്വീകരിക്കണം. ഇക്കാര്യത്തിൽ ട്രേഡ് യൂണിയനുകളും മാനേജ്മെന്റുകളും തമ്മിൽ തോട്ടങ്ങളിൽ ധാരണയാകണം. സൂപ്പർവൈസറി തസ്തികകളിൽ മുൻകാലങ്ങളിൽ ചെയ്യുന്നതുപോലെ ശമ്പള വർധന കണക്കാക്കണം. വർധിപ്പിച്ച കൂലിയിൽ കൂടുതൽ കൂലി നൽകുന്ന തോട്ടങ്ങളിൽ വർധിപ്പിച്ച കൂലിയാകണം തുടർന്നും നൽകേണ്ടതെന്നും മന്ത്രി പറഞ്ഞു.
തുടർച്ചയായ രണ്ടു വർഷങ്ങളിലെ പ്രളയത്തെ അതിജീവിച്ചാണ് കേരളത്തിലെ തോട്ടം മേഖല മുന്നോട്ടുപോകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മഹാപ്രളയം പല പ്രതിസന്ധികളും ഈ മേഖലയിലുണ്ടാക്കിയിട്ടുണ്ട്. സർക്കാരും തൊഴിലാളികളും തോട്ടം ഉടമകളും ഒന്നിച്ചു നിന്ന് നിലവിലുള്ള പ്രതിസന്ധികൾക്കു പരിഹാരമുണ്ടാക്കണം. തൊഴിലാളികളുടെ വേതന വർധന കാര്യത്തിൽ മാനേജ്മെന്റുകളും തൊഴിലാളികളും പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും ആനുകൂല്യങ്ങൾ എത്രയും വേഗം അർഹതപ്പെട്ടവരിലെത്തിക്കാനുള്ള ശ്രമങ്ങളാണ് അടിയന്തരമായി ഉണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു.
ലേബർ കമ്മീഷണറേറ്റിലെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ലേബർ കമ്മീഷണർ സി.വി. സജൻ, അഡിഷണൽ ലേബർ കമ്മിഷണർമാരായ രഞ്ജിത് മനോഹർ, കെ. ശ്രീലാൽ, തോട്ടം തൊഴിലാളികളുടെ വിവിധ സംഘടനാ പ്രതിനിധികൾ, തോട്ടം മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.