ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം കംപ്യൂട്ടറൈസേഷനിലേക്ക്. ഇതിന്റെ ഭാഗമായി തയാറാക്കിയ പുതിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.
ബോർഡിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും സുതാര്യമാക്കുന്നതിനും ആനുകൂല്യങ്ങൾ വേഗത്തിൽ തൊഴിലാളികളിൽ എത്തിക്കുന്നതിനുമായാണ് ബോർഡിന്റെ പ്രവർത്തനം കെൽട്രോണിന്റെ സഹായത്തോടെ കംപ്യൂട്ടർവത്കരിക്കുന്നത്. തൊഴിലാളിക്കും തൊഴിലുടമയ്ക്കും ഓൺലൈനായി അംഗത്വത്തിന് അപേക്ഷ സമർപ്പിക്കുന്നതിനും അംശദായം അടയ്ക്കുന്നതിനുമുള്ള സൗകര്യം വെബ്‌സൈറ്റിലുണ്ടാകും. എല്ലാ ജില്ലകളിലും പ്ലാന്റേഷൻ ഇൻസ്‌പെക്ടർ ഓഫിസ് ഇല്ലാത്തതുകൊണ്ട് തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഓഫിസിൽ വരാതെതന്നെ ഇനി പണമടയ്ക്കാൻ കഴിയും. ഇൻസ്‌പെക്ടർക്ക് പരിശോധനാ സമയത്ത് ഇ-പോസ് മെഷീൻ സംവിധാനം കനറാ ബാങ്കിന്റെ സഹായത്തോടെയും ഏർപ്പെടുത്തിയിട്ടുണ്ട്.
ലേബർ കമ്മീഷണറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വെബ്‌സൈറ്റ് ഉദ്ഘാടന ചടങ്ങിൽ ബോർഡ് ചെയർമാൻ പി.എസ്. രാജൻ അധ്യക്ഷത വഹിച്ചു. ലേബർ കമ്മീഷണർ സി.വി. സജൻ, ബോർഡ് സി.ഇ.ഒ. ആർ. പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.