കരിയര്‍ നയം ആവിഷ്‌കരിച്ചു പ്രഖ്യാപിക്കുന്നതോടെ വിദ്യാഭ്യാസ – നൈപുണ്യ വികസന – തൊഴില്‍ മേഖലയില്‍ കേരളം രാജ്യത്തിനു മാതൃകയാകുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ളവരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാകും കേരളത്തിന്റെ കരിയര്‍ നയം പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കരിയര്‍ നയത്തിന്റെ കരട് സമീപന രേഖ സംബന്ധിച്ച് തിരുവനന്തപുരം ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ നടന്ന ഏകദിന ശില്‍പ്പശാലയില്‍ സമാപന പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.
രൂപീകരണം പൂര്‍ത്തിയാകുമ്പോള്‍ കരിയര്‍ നയം പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. ഈ ലക്ഷ്യത്തിന് കരുത്തേകുന്ന നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഉള്‍പ്പെടുന്നതായിരുന്നു കരട് സമീപന രേഖയുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച ശില്‍പ്പശാല. കരട് സമീപന രേഖ പൂര്‍ണതയിലെത്തുന്നതിന് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായും കൂടിയാലോചന നടത്തും. കരിയര്‍ നയ രൂപീകരണത്തില്‍ വിദ്യാഭ്യാസ മേഖലയുടെ പങ്ക് സംബന്ധിച്ച് നിരവധി ആശയങ്ങളും അഭിപ്രായങ്ങളും വന്നിട്ടുണ്ട്. ശില്‍പ്പശാലയിലും നിരവധി വിദഗ്ധര്‍ പല നിര്‍ദേശങ്ങളും മുന്നോട്ടുവയ്ക്കുകയും പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പുമായും ഉന്നത വിദ്യാഭ്യാസ വകുപ്പമായും തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
കാര്‍ഷിക മേഖലയ്ക്കും കരിയര്‍ നയത്തില്‍ പ്രാമുഖ്യം നല്‍കും. തൊഴില്‍ മേഖല എന്നതിനുപരി എന്താണ് കൃഷിയേയും കാര്‍ഷികവൃത്തിയേയുംകുറിച്ച് വരും തലമുറയ്ക്ക് വ്യക്തമായ അറിവും ധാരണയുമുണ്ടാകണം. ഇതു മുന്നില്‍ക്കണ്ടാകും അന്തിമ നയരേഖ തയാറാക്കുന്നത്. മറ്റെല്ലാ മേഖലയിലുമെന്നപോലെ തൊഴില്‍ മേഖലയിലും സ്ത്രീകള്‍ക്ക് വലിയ പങ്കാളിത്തമുണ്ടാകണമെന്ന സമീപനമാണ് സര്‍ക്കാരിന്റേത്. തുല്യത എന്നതിനപ്പുറത്തേക്ക് എല്ലാ മേഖലയിലും സ്ത്രീകള്‍ മുന്‍പന്തിയിലായിരിക്കണമെന്നാണ് കാഴ്ചപ്പാട്. അതിനുള്ള നടപടികള്‍ ഒരു ശങ്കയ്ക്കും ഇടയില്ലാത്തവിധം കരിയര്‍ നയത്തില്‍ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.
ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് കരിയര്‍ ഗൈഡന്‍സ് അടക്കമുള്ള കാര്യങ്ങളില്‍ നടപടി സ്വീകരിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ കാലാനുസൃതമായി നവീകരിക്കും. വിദേശ ഭാഷാപഠനത്തിനും സംവിധാനമുണ്ടാക്കും. കരിയര്‍ ഗൈഡന്‍സില്‍ അധ്യാപകര്‍ക്കും ആവശ്യമായ പരിശീലനം വേണ്ടമെന്ന അഭിപ്രായം പരിഗണിച്ച് വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച നടത്തി നടപടി സ്വീകരിക്കും. ഭിന്നശേഷിക്കാര്‍ക്ക് കരിയര്‍ നയത്തില്‍ മുന്തിയ പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. കരട് സമീപന രേഖയെ സംബന്ധിച്ച് നിരവധി അഭിപ്രായങ്ങള്‍ ഇതിനോടകം സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്. ശില്‍പ്പശാലയില്‍ വന്ന അഭിപ്രായങ്ങും ഇനി വരാനിരിക്കുന്ന അഭിപ്രായങ്ങളും പരിഗണിച്ചാകും അന്തിമ കരിയര്‍ നയരേഖ പുറത്തിറക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ നടന്ന ശില്‍പ്പശാലയില്‍ ആസൂത്രണ ബോര്‍ഡ് അംഗങ്ങള്‍, വിദ്യാഭ്യാസ, തൊഴില്‍, നൈപുണ്യ വികസന, ആരോഗ്യ, നിയമ, കരിയര്‍ മേഖലകളിലെ വിദഗ്ധര്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, സര്‍വീസ് സംഘടനാ പ്രതിനിധികള്‍, യുവജന സംഘടനാ പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയ നിരവധി പേര്‍ പങ്കെടുത്തു.
കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ, സത്യജീത് രാജന്‍ (അഡീ. ചീഫ് സെക്രട്ടറി), ജോര്‍ജ് കെ. ആന്റണി (കിലെ), എന്‍.പി. ചന്ദ്രശേഖരന്‍(കൈരളി), ജെ. പ്രസാദ് (എസ്.സി.ഇ.ആര്‍.ടി) അഹമ്മദ്കുട്ടി ഉണ്ണികുളം എന്നിവരായിരുന്നു ചര്‍ച്ചയുടെ മോഡറേറ്റര്‍ പാനല്‍ അംഗങ്ങള്‍. കരിയര്‍ നയ രൂപീകരണത്തില്‍ വിദ്യാഭ്യാസ മേഖലയ്ക്കുള്ള പ്രാധാന്യം, കരിയര്‍ ഗൈഡന്‍സ് സൗകര്യങ്ങളുടെ അഭാവം, നിലവിലുള്ള വിദ്യാഭ്യാസ രീതിയിലെ പോരായ്മകള്‍, വിവിധ തൊഴില്‍ മേഖലകളെ ഏകോപിപ്പിക്കേണ്ടതന്റെ ആവശ്യകത, ആധുനിക കാലത്തെയും ഭാവിയിലെയും തൊഴില്‍ മേഖലകളുടെ നിലനില്‍പ്പും വികാസവും, തൊഴില്‍ ആര്‍ജിക്കുന്നതില്‍ ഭാഷാ പഠനത്തിന്റെ പ്രാധാന്യം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കം തൊഴില്‍ മേഖലയിലെ നൂതന രീതികള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റും നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസസും(കേരള) സംയുക്തമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.