കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംശദായം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. മന്ത്രിയുടെ ചേംബറില്‍ കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വെബ്‌സൈറ്റിന്റെയും (www.labourwelfarefund.in) ഇ-പോസ് മെഷീന്‍ വഴി അംശദായം സ്വീകരിക്കുന്നതിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒരു തൊഴിലാളിക്ക് പ്രതിവര്‍ഷം 24 രൂപ മാത്രമാണ് നിലവിലെ അംശദായം. 1994-ല്‍ നിലവില്‍ വന്ന ഈ നിരക്ക് പ്രതിവര്‍ഷം ഒരു തൊഴിലാളിക്ക് 180 രൂപയായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ബോര്‍ഡിന്റെ ശിപാര്‍ശ സര്‍ക്കാരിന്റെ സജീവപരിഗണനയിലാണ. അംശദായ വര്‍ധനവിനോടൊപ്പം തന്നെ ആനുകൂല്യങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ വിവിധ ഫാക്ടറികള്‍, തോട്ടങ്ങള്‍, കെ.എസ്.ആര്‍.ടി.സി, ദേശസാല്‍കൃത ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ എന്നിവിടങ്ങളിലെ തൊഴിലാളികളും ജീവനക്കാരും ഉള്‍പ്പെടെ 3,63,625 പേരാണ് 12,562 സ്ഥാപനങ്ങളില്‍നിന്ന് ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ളത്. അംഗത്വ വര്‍ധനവ് ഉറപ്പാക്കാനുള്ള നടപടികള്‍ ബോര്‍ഡ് സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
കംപ്യൂട്ടറൈസേഷന്‍ നടപടികള്‍ വഴി ക്ഷേമനിധിയുമായി ബന്ധപ്പെട്ട് നടത്തേണ്ട പരിശോധനകള്‍ സുഗമമാകും. ഇതോടൊപ്പം തൊഴിലുടമകള്‍ക്ക് ഓഫിസുകളില്‍ വരാതെതന്നെ ഓണ്‍ലൈനായി വിഹിതം അടയ്ക്കുന്നതിനുള്ള സൗകര്യവും ഉറപ്പാകുകയാണ്. ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള കുമളി ഹോളിഡേ ഹോമിന്റെ ബുക്കിങ് ഉള്‍പ്പെടെ ഓണ്‍ലൈനായി മാറുന്നത് ഏവര്‍ക്കും സഹായകമാകും. തൊഴിലാളികള്‍ക്കും ഉടമകള്‍ക്കും ഫലപ്രദമായി ഉപയോഗിക്കാവുന്ന വിധത്തില്‍ ഇ-പോസ് മെഷീനുകളുടേയും കംപ്യൂട്ടര്‍വത്കരണത്തിന്റെയും സാധ്യതകള്‍ പ്രയോജനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും ബോര്‍ഡ് മെമ്പര്‍മാരില്‍ തൊഴിലാളി പ്രതിനിധികളുടെയും സഹകരണത്തോടെയാണ് വെബ്‌സൈറ്റ്, സോഫ്റ്റ് വെയര്‍ എന്നിവ വികസിപ്പിച്ചിട്ടുള്ളത്. ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പരിശോധന സമയത്ത് തന്നെ തൊഴിലുടമകളില്‍നിന്ന് പണം സ്ഥീകരിക്കുന്നതിന് പി.ഒ.എസ് മെഷീന്‍ സംവിധാനവും എച്ച്ഡിഎഫ്‌സി ബാങ്ക് ഒരുക്കിയിട്ടുണ്ട്. അംശദായം സ്ഥീകരിക്കുന്നതിന് പി.ഒ.എസ് മെഷീന്‍ ഏര്‍പ്പെടുത്തുന്ന ആദ്യത്തെ      ക്ഷേമനിധി ബോര്‍ഡാണ് കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്.
ബോര്‍ഡ് ചെയര്‍മാന്‍ പി.കെ. പരീത് സ്വാഗതം ആശംസിച്ചു. ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് കമ്മീഷണര്‍ ആര്‍. പ്രമോദ് നന്ദി രേഖപ്പെടുത്തി. ചടങ്ങില്‍ ലേബര്‍ കമ്മീഷണര്‍ സി.വി. സജന്‍, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ. ശ്രീലാല്‍, ബോര്‍ഡ് അംഗങ്ങള്‍, എച്ച്.ഡി.എഫ്.സി. ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.