കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റത്തിന് വഴിയൊരുക്കുന്ന കരിയര്‍ നയത്തിന് രൂപം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. കാലഘട്ടത്തിനനുസരിച്ചുള്ള വ്യക്തിത്വ വികസനവും നൈപുണ്യ വികസനവും ആര്‍ജിക്കാന്‍ കഴിയുന്ന വിധത്തില്‍ പുതിയ തലമുറയെ രൂപപ്പെടുത്തുകയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കരിയര്‍ നയത്തിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ‘സംസ്ഥാന കരിയര്‍ നയം – കരട് സമീപന രേഖ’ എന്ന വിഷയത്തില്‍ ഡിസംബര്‍ ഒമ്പതിന് തിരുവനന്തപുരത്ത് അപ്പോളോ ഡിമോറയില്‍ നടക്കുന്ന ശില്‍പ്പശാലയുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശില്‍പ്പശാലയില്‍ വിവിധ മേഖലകളിലുള്ള വ്യക്തികള്‍ പങ്കെടുക്കും. ഇതില്‍ രൂപപ്പെടുന്ന ആശയങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കേരളത്തിന്റെ കരിയര്‍ നയം രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
നിലവിലുള്ള രീതികളില്‍ വരുത്തുന്ന കാലികമായ മാറ്റങ്ങളും ഇടപെടലുകളുംകൊണ്ടു മാത്രം ഭാവിയിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധ്യമല്ല. ഈ കാഴ്ചപ്പാടാണ് സംസ്ഥാന കരിയര്‍ നയത്തിന് രൂപം നല്‍കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടേയും സമഗ്ര പുരോഗതിക്ക് ഉതകുന്ന നിലയില്‍ അവരുടെ കരിയര്‍ ജീവിതം ആസൂത്രണം ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് കരിയര്‍ നയം കൊണ്ടുവരുന്നതു വഴി വിഭാവനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കരിയര്‍ നയം വഴി പ്രൈമറി തലം മുതല്‍ പഠനം പൂര്‍ത്തിയാക്കുന്നതുവരെയുള്ള കാലയളവില്‍ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും കരിയര്‍ പരിശീലനവും ഉറപ്പു വരുത്തുന്നതിന് സര്‍ക്കര്‍ മുന്‍ഗണന നല്‍കും. രാജ്യത്ത് ആദ്യമായി കേരള സര്‍ക്കാരാണ് ഇത്തരത്തിലൊരു കരിയര്‍ നയം ആവിഷകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 35 ലക്ഷത്തോളം യുവാക്കള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട് കരിയര്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ എന്ന പുതിയ സംവിധാനത്തിനും സര്‍ക്കാര്‍ രൂപം നല്‍കിക്കഴിഞ്ഞു. വിദ്യാര്‍ഥികളുടെയും തൊഴില്‍ രഹിതരുടെയും കരിയര്‍ രൂപപ്പെടുത്തുന്നതിനുള്ള ഇടപെടലുകള്‍ നടത്തുകയാണ് സെന്ററുകളുടെ ലക്ഷ്യം. കോഴിക്കോട്, പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലായാണ് നിലവില്‍ കരിയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്ത് കേന്ദ്ര സര്‍ക്കാരിന്റെ സഹകരണത്തോടെയുള്ള മാതൃകാ കരിയര്‍ സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെ യോജിപ്പിച്ചുള്ള പ്രവര്‍ത്തനം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ വികസനത്തിനു സഹായിക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം ഉറപ്പ് നല്‍കിയിട്ടുണ്ട്. അടൂര്‍, വൈക്കം, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ധനുസ് എന്നൊരു പുതിയ പാഠ്യപദ്ധതിയും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളെ മെറിറ്റ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത് ഗവണ്‍മെന്റ് കോളജ് അധ്യാപകര്‍ വഴി പ്രത്യേക പരിശീലനം നല്‍കുന്നതാണിത്. നിലവില്‍ കോഴിക്കോട് ജില്ലയില്‍ ആരംഭിച്ച പദ്ധതി ഫലപ്രദമായാല്‍ കേരളം മുഴുവന്‍ വ്യാപിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ലോക തൊഴില്‍ കമ്പോളത്തില്‍ നൈപുണ്യശേഷിയുള്ളവരെ വാര്‍ത്തെടുക്കാന്‍ കേരളത്തിന് കഴിയുന്ന വിധത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും മന്ത്രി പറഞ്ഞു.
അപ്പോളോ ഡിമോറയില്‍ നടക്കുന്ന ശില്‍പ്പശാല തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ്(കിലെ) ചെയര്‍മാന്‍ വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ്(കേരള) ഡയറക്ടര്‍ എസ്. ചന്ദ്രശേഖര്‍ സ്വാഗതം ആശംസിക്കും. എംപ്ലോയ്‌മെന്റ് ഓഫിസര്‍ പി. രാജീവന്‍ വിഷയാവതരണം നടത്തും. വൈകിട്ട് 4.30 വരെ ചര്‍ച്ചയും തുടര്‍ന്ന് ചര്‍ച്ചകളുടെ ക്രോഡീകരണവുമുണ്ടാകും. കിലെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം. ഷജീന നന്ദി രേഖപ്പെടുത്തും. ആസൂത്രണ ബോര്‍ഡ് അംഗങ്ങള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, കരിയര്‍ വിദഗ്ധര്‍, യുവജന പ്രതിനിധികള്‍, വിദ്യാര്‍ഥി – യുവജന സംഘടനാ നേതാക്കള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, മാധ്യമ പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ സംബന്ധിക്കും. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റും നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍ീവസസ് (കേരള) വകുപ്പും സംയുക്തമായാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ എസ്. ചന്ദ്രശേഖര്‍, ജോയിന്റ് ഡയറക്ടര്‍ ജോര്‍ജ് ഫ്രാന്‍സിസ്, കിലെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം. ഷജീന എന്നിവര്‍ പങ്കെടുത്തു.