കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ വേജ് കോഡ് സംബന്ധിച്ച് കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റിന്റെ (കിലെ) ആഭിമുഖ്യത്തില്‍ ട്രേഡ് യൂണിയനുകളുടെ അഭിപ്രായ രൂപീകരണം നടത്തുമെന്ന് തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി. കിലെയുടെ 26-ാമത് ജനറല്‍ ബോഡി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കിലെ പ്രസിഡന്റ് കൂടിയായ മന്ത്രി. കേന്ദ്ര നിയമം സംബന്ധിച്ച് തൊഴിലാളി യൂണിയനുകള്‍ക്കൊപ്പം ഉദ്യോഗസ്ഥര്‍ക്കും അവബോധമുണ്ടാക്കേണ്ടതുണ്ട്. ഇതിനായി പ്രത്യേക സെമിനാര്‍ വിളിക്കുന്നതിന് കിലെ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
കശുവണ്ടി തൊഴിലാളി മേഖലയില്‍ കിലെ നടത്തിയ തൊഴില്‍ജന്യ രോഗ പഠനത്തില്‍ ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പും ഇഎസ്‌ഐയും നടത്തിയ പഠനങ്ങള്‍ സംബന്ധിച്ച് അവരുമായും ചര്‍ച്ച നടത്തി ബന്ധപ്പെട്ട വകുപ്പുകളുടെ നിഗമനങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ഇതര സംസ്ഥാന (അതിഥി) തൊഴിലാളികളുടെ തൊഴില്‍ ജീവിത സാഹചര്യങ്ങളുടെ പഠനത്തിനൊപ്പം വകുപ്പ്  നടപ്പാക്കിയിട്ടുള്ള ആവാസ്, അപ്‌നാഘര്‍ പദ്ധതികളുടെ വിവരങ്ങള്‍ അവരിലേക്ക് കൂടുതലായി എത്തിക്കണം. ഇവര്‍ക്കായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നടപ്പാക്കിയ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് കേന്ദ്ര സഹായം അഭ്യര്‍ഥിച്ച് നല്‍കിയ കത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. അപ്‌നാഘര്‍ പദ്ധതിയും മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
എംപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ തൊഴില്‍രഹിതരെ കൃത്യമായി കണ്ടെത്തുന്നതിനുള്ള സര്‍വ്വേ നടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കിലെയുടെ സഹകരണം സര്‍വ്വേ പ്രവര്‍ത്തനങ്ങളില്‍ ഉറപ്പാക്കുന്നതിനും മന്ത്രി ആവശ്യപ്പെട്ടു.
മോഡല്‍ കരിയര്‍ സെന്ററുകള്‍ സംസ്ഥാനത്ത് വ്യാപകമാക്കുന്നതിനുള്ള കേരള സര്‍ക്കാര്‍ പദ്ധതിക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ സഹായം ഡല്‍ഹിയില്‍ മന്ത്രിതലത്തില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ അഭ്യര്‍ഥിച്ചിരുന്നു.ഇതിന് കേന്ദ്ര മന്ത്രാലയത്തില്‍ നിന്നും അനുകൂലമായ മറുപടിയാണ് ലഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.പ്ലാന്റേഷന്‍ നയം വേഗത്തില്‍ പുറത്തിറക്കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പ് ശ്രമിച്ചു വരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും കിലെ ആവശ്യമായ സഹായം ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
തൊഴിലാളികളുടെ മക്കള്‍ക്ക് ഉപയോഗപ്രദമാകുന്ന വിധത്തില്‍ പരിശീലന പരിപാടികള്‍ വര്‍ധിപ്പിക്കണം.സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനങ്ങല്‍ വേഗത്തിലാക്കണമെന്നും മികച്ച ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വഴി തൊഴില്‍ മേഖലയില്‍ പുതിയ കാഴ്ചപ്പാടുകള്‍ നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു.
കിലെ വൈസ് പ്രസിഡന്റും ചെയര്‍മാനുമായ വി.ശിവന്‍കുട്ടി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.ഷജീന, ലേബര്‍ കമ്മീഷണര്‍ സി.വി.സജന്‍, എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ എസ്.ചന്ദ്രശേഖര്‍, കിലെ ബോര്‍ഡംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.