ലഹരി വിപത്തിനെതിരേ നാടിന്റെ കാവലാളാകാന്‍ പൊതുസമൂഹം മുന്നിട്ടിറങ്ങണമെന്ന് എക്‌സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍.തിരുവനന്തപുരം മോഡല്‍ ബോയ്‌സ് എച്ച്എസ്എസില്‍ നാളത്തെ കേരളം ലഹരിമുക്ത നവകേരളം 90 ദിന തീവ്രബോധവത്കരണയത്‌നത്തിന്റെ ഭാഗമായുള്ള സംസ്ഥാനതല  വാഹനപ്രചാരണജാഥയുടെ ഫ്‌ളാഗ് ഓഫും ‘ഞാനും ലഹരിക്കെതിരെ”-എന്ന പേരിലുള്ള സിഗ്‌നേച്ചര്‍ ക്യാമ്പയിനും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ലഹരിവിരുദ്ധബോധവത്കരണപ്രവര്‍ത്തനങ്ങളിലെ ബഹുജനപങ്കാളിത്തം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്   പ്രചാരണജാഥയും സിഗ്‌നേച്ചര്‍ ക്യാമ്പയിനും ആസൂത്രണം ചെയ്തിട്ടുള്ളത്. എല്ലാ ജില്ലയിലും മൂന്നു ദിവസം വീതം പ്രചാരണപരിപാടികള്‍ സംഘടിപ്പിച്ച് ജനുവരി 15ന് കാസര്‍കോട്ട് ജാഥ സമാപിക്കും.  മയക്കുമരുന്നുകള്‍ അടക്കമുള്ള ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം വിതയ്ക്കുന്ന മാരകവിപത്തില്‍ നിന്ന് നാടിനെ രക്ഷിക്കുകയെന്ന മഹാദൗത്യത്തില്‍ ജനങ്ങളുടെ സജീവപങ്കാളിത്തമുണ്ടാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
വിദ്യാര്‍ഥികളിലും യുവാക്കളിലും ലഹരിക്കെതിരായ സന്ദേശം ശക്തമായി പ്രചരിപ്പിക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്. ലഹരിവിതരണക്കാര്‍ വിദ്യാര്‍ഥികളെ ലക്ഷ്യം വെക്കുന്ന സാഹചര്യമുണ്ട്.കുട്ടികളെ കാരിയര്‍മാരായി ഉപയോഗപ്പെടുത്തുന്ന പ്രവണതയും ഉണ്ട്. മയക്കുമരുന്നിനും മറ്റും അടിമപ്പെടുത്തി കുട്ടികളെ പലവിധത്തില്‍ ചൂഷണം ചെയ്യാനുള്ള നീക്കങ്ങളും നടക്കുന്നു.  നാടിന്റെ ഭാവി നിര്‍ണയിക്കേണ്ടവരാണ് കുട്ടികള്‍. നാടിന്റെ പുരോഗതിയുടെ ചാലകശക്തിയാണ് ഊര്‍ജ്ജസ്വലമായ കേരളത്തിന്റെ യുവത്വം. കുട്ടികളെയും യുവാക്കളെയും ലഹരിക്ക് അടിമപ്പെടുത്താനുള്ള ഒരു നീക്കവും അനുവദിക്കില്ല. സമൂഹപുരോഗതിയില്‍ താല്‍പര്യമുള്ള ആര്‍ക്കും ഇവിടെ കാഴ്ചക്കാരായി ഇരിക്കാന്‍ സാധിക്കുകയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നിയമം കൊണ്ടുമാത്രം ലഹരി ഉപയോഗം അവസാനിപ്പിക്കാനാവില്ല. എക്‌സൈസ് വകുപ്പും പൊലീസും ശക്തമായ നടപടികള്‍ എടുക്കുന്നുണ്ട്. ഈ ഗവണ്‍മെന്റ് അധികാരമേറ്റശേഷം മയക്കുമരുന്ന് കേസുകള്‍ ഉള്‍പ്പെടെ  എടുക്കുന്നതില്‍ സര്‍വകാല റിക്കാര്‍ഡ് സൃഷ്ടിച്ചിട്ടുണ്ട്. ബോധവത്കരണവും ശക്തമായി നടക്കുന്നുണ്ട്.  ഇതോടൊപ്പം ഓരോ വ്യക്തിയും ലഹരിക്കെതിരെ രംഗത്തുവരണം.ഓരോ വിദ്യാര്‍ഥിയും താന്‍  ലഹരി ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുന്നതിനൊപ്പം കൂട്ടുകാരോ സഹപാഠികളോ ലഹരിക്ക് അടിമപ്പെടില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. ഏതെങ്കിലും സാഹചര്യത്തില്‍ ലഹരി ഉപയോഗം ശ്രദ്ധയില്‍ പെട്ടാല്‍ അധ്യാപകരുടെയോ രക്ഷിതാക്കളുടെയോ ശ്രദ്ധയില്‍ പെടുത്തണം.
അറിയാതെ ലഹരി ഉപയോഗിച്ചുപോയവരെ കുറ്റവാളികളാക്കി മാറ്റുകയല്ല തിരുത്തിക്കുകയാണ് വേണ്ടത്.അധ്യാപകരും രക്ഷിതാക്കളും അധ്യാപക രക്ഷാകര്‍തൃസമിതിയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ജനപ്രതിനിധികളും വിദ്യാലയപരിസരത്തെ ബഹുജനങ്ങളും തൊഴിലാളികളുമൊക്കെ  ലഹരിക്കെതിരേ കുട്ടികളുടെ സുരക്ഷക്കായി കൈകോര്‍ക്കണം.  സകൂള്‍ പരിസരങ്ങളിലും  കോളേജ് കേമ്പസുകള്‍ക്കടുത്തും വട്ടമിടുന്ന ലഹരികച്ചവടക്കാരെ ശക്തമായി നേരിടാന്‍ ഈ കൂട്ടായ്മക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.
മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായാണ് നാളത്തെ കേരളം ലഹരിമുക്ത നവകേരളം കര്‍മ്മപദ്ധതിക്ക് സര്‍ക്കാര്‍ രൂപംനല്‍കിയത്. കേരളപ്പിറവി ദിനത്തില്‍ തുടക്കം കുറിച്ച 90 ദിന കര്‍മ്മപദ്ധതി  രാഷ്ട്രപിതാവിന്റെ രക്തസാക്ഷിദിനമായ ജനുവരി 30 ന് എല്ലാ നിയോജകമണ്ഡലങ്ങളും  കേന്ദ്രീകരിച്ച്  എംഎല്‍എമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കുന്നതോടെ  പൂര്‍ത്തിയാകും. ലഹരിമുക്ത നവകേരളത്തിനായുള്ള   വിമുക്തി മിഷന്‍ ദൗത്യം തുടര്‍ന്നും വിപുലമായി സംഘടിപ്പിക്കും.
എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ലഹരിവിരുദ്ധക്ലബ്ബുകള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 3438 സ്‌കൂളുകളിലും 507 കോളേജുകളിലും ലഹരിവിരുദ്ധക്ലബ്ബുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.  ലഹരിവിരുദ്ധക്ലബ്ബ് ഇല്ലാത്ത വിദ്യാലയങ്ങളില്‍ അവ രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ എക്‌സൈസ് കമ്മീഷണര്‍ എസ്.ആനന്ദകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. എക്‌സൈസ് അഡീഷണല്‍ കമ്മീഷണറും വിമുക്തി മിഷന്‍ സിഇഓയുമായ ഡി.രാജീവ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം.പി.ഷാജി, പിടിഎ പ്രസിഡന്റ് ഗോപി എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.
ഓരോ ജില്ലയിലും മൂന്നു ദിവസത്തെ പ്രചാരണ പരിപാടിയും ഒപ്പു ശേഖരണവുമാണ് പ്രചാരണ ജാഥയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസം അഞ്ചില്‍ കുറയാത്ത സ്ഥലങ്ങളില്‍ ജനപങ്കാളിത്തത്തോടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കും. കോളജ് യൂണിയനുകളുമായി സഹകരിച്ച് ഫ്‌ളാഷ് മോബ്, ക്ലബുകളുടേയും ചെറിയ കൂട്ടായ്മയുടേയും സഹകരണത്തോടെയുള്ള കലാപരിപാടികള്‍, എക്‌സൈസ് ജീവനക്കാരുടെ ബൈക്ക് റാലി എന്നിവയും പരിപാടിയുടെ ഭാഗമായുണ്ടാകും.
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് രാവിലെ 10ന് ആര്യനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് പര്യടനം ആരംഭിക്കും. 11.30ന് നെടുമങ്ങാട് മാര്‍ക്കറ്റ് ജങ്ഷന്‍, ഉച്ചയ്ക്ക രണ്ടിന് കന്യാകുളങ്ങര ജങ്ഷന്‍, വൈകിട്ട് നാലിന് പോത്തന്‍കോട് ജങ്ഷന്‍, 5.30ന് കഴക്കൂട്ടം ജങ്ഷന്‍ എന്നിവിടങ്ങളില്‍ പര്യടന വാഹനം എത്തും. ലഹരി ബോധവത്കരണ മെഗാഷോയാണ് രണ്ടാം ദിനത്തില്‍ അവതരിപ്പിക്കുക.
ഡിസംബര്‍ ആറിന് രാവിലെ 11.30ന് വര്‍ക്കല ഹെലിപാഡ് ബീച്ചിലാണ് മൂന്നാം ദിവസത്തെ ആദ്യ പരിപാടി. ഉച്ചയ്ക്ക് 1.30ന് വര്‍ക്കല റെയില്‍വേ സ്റ്റേഷനിലെത്തുന്ന പര്യടന വാഹനം വൈകിട്ട് 3.30ന് ചിറയിന്‍കീഴ് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, അഞ്ചിന് കിളിമാനൂര്‍ ടൗണ്‍ എന്നിവിടങ്ങളിലും എത്തും. ലഹരി വിരുദ്ധ ബോധവത്കരണ മെഗാഷോയാണ് മൂന്നാം ദിവസത്തെയും പ്രധാന പരിപാടി.