ബോണക്കാട് എസ്‌റ്റേറ്റിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ തൊഴിലും നൈപുണ്യവും വകുപ്പ് മുന്‍കൈയ്യെടുക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി. ബോണക്കാട് എസ്‌റ്റേറ്റ് തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ക്ക് മാനേജ്‌മെന്റ് കൊടുത്തു തീര്‍ക്കാനുള്ള കൂലി ഉള്‍പ്പെടെ തിട്ടപ്പെടുത്തുന്നതിനായി ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സും ലേബര്‍ കമ്മീഷണറേറ്റില്‍ നിന്നും നിയോഗിക്കുന്ന ഉദ്യോഗസ്ഥരും നടപടികള്‍ സ്വീകരിക്കണം. ഇതിന് മാനേജ്‌മെന്റ് സൗകര്യമൊരുക്കണം.  മാനേജ്‌മെന്റുമായി ഡിസംബര്‍ 30-ന് സിഐപിയും തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരും ആദ്യഘട്ട ചര്‍ച്ച നടത്തുന്നതിന് മന്ത്രി നിര്‍ദേശം നല്‍കി. തുടര്‍ന്ന് ബന്ധപ്പെട്ട തൊഴിലാളി യൂണിയനുകളുമായി പ്രത്യേക ചര്‍ച്ച നടത്തും. ഇതിനു ശേഷം ഇരുവിഭാഗവുമായി സംയുക്ത ചര്‍ച്ചയും നടത്തും.
ബോണക്കാട് എസ്‌റ്റേറ്റ് ഓഫീസ് വില്ലേജ് അധികൃതര്‍ സീല്‍ ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനായി ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി.
യോഗത്തില്‍ കെ.എസ്.ശബരിനാഥന്‍ എംഎല്‍എ, ലേബര്‍ കമ്മീഷണര്‍ സി.വി.സജന്‍, തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ സെക്രട്ടറി എ.ജയിംസ് രാജ്, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ.ശ്രീലാല്‍,വാര്‍ഡ് മെംബര്‍ വി.സതീഷ്‌കുമാര്‍, സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ്, എച്ച്എംഎസ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.