നാളത്തെ കേരളം ലഹരി മുക്ത നവകേരളം എന്ന ലഹരിമുക്ത തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം മുതൽ കാസർകോഡ് വരെ സംഘടിപ്പിക്കുന്ന സിഗ്‌നേച്ചർ ക്യാംപെയിനിനും വാഹന പ്രാചരണ ജാഥയ്ക്കും ഇന്ന് (ഡിസംബർ 04) തുടക്കം. സംസ്ഥാന സർക്കാരിന്റെ ലഹരി വർജന മിഷനായ വിമുക്തിയുടെ നേതൃത്വത്തിലാണ് 90 ദിവസം നീണ്ടുനിൽക്കുന്ന തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം മോഡൽ സ്‌കൂളിൽ ഇന്ന് രാവിലെ 10ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ സിഗ്‌നേച്ചർ ക്യാംപെയിനും വാഹന പ്രചാരണ ജാഥയും ഫ്ളാഗ് ഓഫ് ചെയ്യും. ഡിസംബർ 15നാണ് ജാഥ സമാപിക്കുന്നത്.

ഓരോ ജില്ലയിലും മൂന്നു ദിവസത്തെ പ്രചാരണ പരിപാടിയും ഒപ്പു ശേഖരണവുമാണ് പ്രചാരണ ജാഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസം അഞ്ചിൽ കുറയാത്ത സ്ഥലങ്ങളിൽ ജനപങ്കാളിത്തത്തോടെയുള്ള പരിപാടികൾ സംഘടിപ്പിക്കും. കോളജ് യൂണിയനുകളുമായി സഹകരിച്ച് ഫ്ളാഷ് മോബ്, ക്ലബുകളുടേയും ചെറിയ കൂട്ടായ്മയുടേയും സഹകരണത്തോടെയുള്ള കലാപരിപാടികൾ, എക്സൈസ് ജീവനക്കാരുടെ ബൈക്ക് റാലി എന്നിവയും പരിപാടിയുടെ ഭാഗമായുണ്ടാകും.