കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിന് നിവേദനങ്ങള്‍ സമര്‍പ്പിച്ച തൊഴിലും നൈപുണ്യവും മന്ത്രി ടി പി രാമകൃഷ്ണന്‍ ദല്‍ഹിയില്‍ കേന്ദ്രമന്ത്രി വി മുരളീധരനുമായി കൂടിക്കാഴ്ച നടത്തി.  കേന്ദ്ര തൊഴില്‍ വകുപ്പു മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്്വാര്‍, കേന്ദ്ര നൈപുണ്യ സംരംഭകത്വ വികസന വകുപ്പു മന്ത്രി ഡോ. മഹേന്ദ്രനാഥ് പാണ്ഡെ, സാമൂഹ്യ നീതി വകുപ്പു മന്ത്രി താവര്‍ ചന്ദ് ഗഹ്‌ലോട്ട്, ഹൗസിംഗ് ആന്റ് അര്‍ബന്‍ അഫയേഴ്‌സ് വകുപ്പു മന്ത്രി ഹര്‍ദ്ദീപ് സിംഗ് പുരി, കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍,  വനിതാ ശിശു വികസന വകുപ്പു മന്ത്രി സ്മൃതി ഇറാനി എന്നിവരെ സന്ദര്‍ശിച്ചാണ് സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയത്.
തൊഴില്‍, നൈപുണ്യം, എംപ്ലോയ്‌മെന്റ്, എക്‌സൈസ് വകുപ്പുകളുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാര്‍ക്ക് നല്‍കിയ നിവേദനങ്ങള്‍ കേന്ദ്രമന്ത്രി വി മുരളീധരന്  കൈമാറി. ഇഎസ്‌ഐ പദ്ധതികള്‍ ശക്തിപ്പെടുത്തല്‍, ഇതരസംസ്ഥാനതൊഴിലാളികള്‍ക്കുള്ള ആവാസ്-അപ്‌നാഘര്‍ പദ്ധതികള്‍ക്ക് കേന്ദ്രധനസഹായം, മാതൃകാ ഡീ അഡിക്ഷന്‍ സെന്ററിന് ധനസഹായം, കോഴിക്കോട് കേന്ദ്രമായി റീജിയണല്‍ ഓക്യുപേഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, സ്വയംതൊഴില്‍പദ്ധതികള്‍ക്ക് ധനസഹായം, എല്ലാ ജില്ലകളിലും കരിയര്‍ ഡവലപ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കുന്നതിനും സംരംഭകത്വശേഷി, തൊഴില്‍ നൈപുണ്യം എന്നിവ ശക്തിപ്പെടുത്തുന്നതിന് നടപ്പാക്കുന്ന സങ്കല്‍പ പദ്ധതിക്കും ധനസഹായം തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് അദ്ദേഹത്തിന്റെ പിന്തുണ മന്ത്രി ടി പി രാമകൃഷ്ണന്‍ അഭ്യര്‍ഥിച്ചു.